Image

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി നിര്‍ണയത്തിന് പിന്നിലെ കഥ, റാഡ്ക്‌ളിഫിന്റെയും

Published on 14 August, 2017
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി നിര്‍ണയത്തിന് പിന്നിലെ കഥ, റാഡ്ക്‌ളിഫിന്റെയും
ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനത്തിനു തയ്യാറെടുക്കുകയാണ്. ഇന്ത്യയ്ക്കും പാകിസ്താനും ഒരുമിച്ചാണ് സ്വതന്ത്ര്യം ലഭിച്ചതെങ്കിലും ആഗസ്റ്റ് 14 നാണ് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ തന്നെ ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു. ചുരുക്കം ചില ദിവസങ്ങള്‍ കൊണ്ട് തിരക്കിട്ടായിരുന്നു ഇന്ത്യയെയും പാകിസ്താനെയും വേര്‍പിരിച്ചത്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരു രാജ്യങ്ങളായി ഭാരതം വിഭജിക്കപ്പെട്ടു. ഇന്ത്യയെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വ്യക്തിയായിരുന്നു ആ രാജ്യത്തെ നിഷ്‌കരുണം മുറിച്ചു മാറ്റിയത് എന്നത് എത്രപേര്‍ക്കറിയാം..? ഇന്ത്യയില്‍ ഒരിക്കല്‍ പോലും കാലുകുത്താതെ പേന കൊണ്ട് അദ്ദേഹം ഇന്ത്യയെ വെട്ടി മാറ്റി. 

ഇന്ത്യയുടെ വിഭജനത്തിലെ ഏറ്റവും സങ്കീര്‍ണമായ യത്‌നത്തിന്റെ മഹാഭാരം ഒരൊറ്റപ്പെട്ട മനുഷ്യനിലാണ് ചെന്നു വീണത്. ലണ്ടനിലെ ലിങ്കണ്‍സ് ഇന്നില്‍, 3-ാം ന്യൂസ്‌ക്വയറില്‍ മങ്ങിയ വെളിച്ചമുള്ള തന്റെ നിയമ മുറിയിലിരുന്ന് 1947 ജൂണില്‍ ആ മനുഷ്യന്‍ പണിപ്പെടുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് പല ഒന്നാം സ്ഥാനങ്ങളും നേടി. പല ഫെലോഷിപ്പുകളും ആര്‍ജിച്ചു പുറത്തു വന്നതിനാല്‍ സര്‍ സിറില്‍ റാഡ്ക്ലിഫിന്റെ തലയ്ക്കു മുകളില്‍ പ്രാഗത്ഭ്യത്തിന്റെ പ്രഭാപൂരം പരിവേഷമണിയിച്ചിരുന്നു. സമ്പന്നനായ ഒരു വേട്ടക്കാരന്റെ പുത്രനായിരുന്നു റാഡ്ക്ലിഫ്. വണ്ടാരക്കോഴികളെയും കാട്ടുതാറാവുകളെയും പിന്തുടരുന്നതിനായി ജീവിതം ചെലവഴിച്ച പിതാവിന്റെ അതേ താത്പര്യം. നിയമങ്ങളെ പിന്തുടരുന്നതില്‍ റാക്ലിഫും പ്രകടിപ്പിച്ചിരുന്നു. അല്പം തടിച്ച ശരീരവും കൃപാലുവെന്നു തോന്നിപ്പിക്കുന്ന പ്രകൃതവുമുള്ള റാഡ്ക്ലിഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രഗത്ഭനായ ബാരിസ്റ്ററെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു.

വിവിധങ്ങളായ അനേകമനേകം വിഷയങ്ങളില്‍ ഒരു സര്‍വവിജ്ഞാനകോശത്തിനു തുല്യമായ അറിവു നേടിയിരുന്നുവെങ്കിലും ഇന്ത്യയെക്കുറിച്ച് വാസ്തവത്തില്‍, റാഡ്ക്ലിഫിന് ഒന്നും അറിയാമായിരുന്നില്ല. അദ്ദേഹം ഇന്ത്യയെക്കുറിച്ച് ഒരിക്കലും ഒന്നും എഴുതിയിരുന്നില്ല; അതിനെ സംബന്ധിക്കുന്ന സങ്കീര്‍ണ നിയമപ്രശ്‌നങ്ങളില്‍ ഒരിക്കലും ഇടപെടുകയുമുണ്ടായിട്ടില്ല. എന്നല്ല, ആ ഉപഭൂഖണ്ഡത്തില്‍ ഒരിക്കല്‍ പോലും കാല്‍കുത്തിയിട്ടുമില്ല. വിരോധാഭാസമായി, ഇക്കാരണം കൊണ്ടു തന്നെയാണ് 1947 ജൂണ്‍ 27-ാം തീയതി ഉച്ചയ്ക്കു ശേഷം ലോര്‍ഡ് ചാന്‍സലറിന്റെ ഓഫീസിലേയ്ക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടത്.

മൗണ്ട് ബാറ്റന്റെ വിഭജന പദ്ധതിയിലെ, പരിഹരിക്കപ്പെടാത്ത കേന്ദ്ര പ്രശ്‌നം, വിഭജിക്കുന്ന ബംഗാള്‍, പഞ്ചാബ് എന്നീ പ്രവിശ്യകളുടെ അതിര്‍ത്തി രേഖകള്‍ ഏതൊക്കെ എന്നതാണ്. തങ്ങള്‍ തമ്മില്‍ ആലോചിച്ച് ഒരതിര്‍ത്തി രേഖയുടെ കാര്യത്തില്‍ യോജിപ്പുണ്ടാക്കാന്‍ സാധ്യമല്ലെന്നറിയാവുന്നതിനാല്‍, നെഹ്‌റുവും ജിന്നയും ഈ ചുമതല ഒരതിര്‍ത്തി കമ്മീഷനെ ഏല്പിക്കാന്‍ തീരുമാനിച്ചിരിക്കയാണെന്ന് ലോര്‍ഡ് ചാന്‍സലര്‍ റാഡ്ക്ലിഫിനെ അറിയിച്ചു. ആ കമ്മീഷന്റെ ചെയര്‍മാന്‍ പ്രഗത്ഭനായ ഒരിംഗ്ലീഷ് ബാരിസ്റ്ററായിരിക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യയില്‍ പരിചയമൊന്നുമില്ലാത്ത ഒരാളാണിതിനു വേണ്ടത്. പരിചയമുള്ള ആരെങ്കിലുമായാല്‍, അയാള്‍ അയോഗ്യനാണെന്ന് രണ്ടിലൊരു കക്ഷി മുന്‍വിധിയെഴുതും. പ്രശംസാര്‍ഹമായ നിയമകാര്യ പ്രാഗത്ഭ്യവും അത്രതന്നെ ഇന്ത്യയെക്കുറിച്ചുള്ള പ്രശംസാര്‍ഹമായ അജ്ഞതയും മൂലം റാഡ്ക്ലിഫ് ഈ സ്ഥാനത്തിന് ഏറ്റവും പറ്റിയ ആളാണെന്ന് ലോര്‍ഡ് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു.

റാഡ് ക്ലിഫ് വിസ്മയസ്തംബ്ധനായി പുറകോട്ടു ചാരിയിരുന്നു. ബംഗാളും പഞ്ചാബും എവിടെയാണെന്ന് അദ്ദേഹത്തിന് കഷ്ടിച്ച് അറിയാം. അവയെ വിഭജിക്കാനുള്ള ശ്രമം, ലോകത്തില്‍ ഏറ്റവും അവസാനമായി മാത്രം അദ്ദേഹം ആഗ്രഹിക്കുന്ന പണിയാണ്. ഇന്ത്യയെക്കുറിച്ച് അജ്ഞനാണെങ്കിലും ആരും നന്ദി പറയാനില്ലാത്ത ഒരു കൃത്യമാണതെന്നു മനസ്സിലാക്കാന്‍ വേണ്ടിടത്തോളം നിയമനടപടിക്രമങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും, ആ കാലഘട്ടത്തില്‍ ആ ജീവിതപശ്ചാത്തലമുള്ള മറ്റനേകം ഇംഗ്ലീഷുകാരെപ്പോലെ, അഗാധമായ കര്‍ത്തവ്യബോധമുള്ള ആളായിരുന്നു റാഡ്ക്ലിഫ്.അനന്യസാധാരണമായ ഒരു ബന്ധമാണ് ഇംഗ്ലണ്ടിന് ഇന്ത്യയോടുണ്ടായിരുന്നത്. ഈ പ്രതിസന്ധിയില്‍, മറ്റൊരു കാര്യത്തിലും യോജിക്കാന്‍ കഴിയാത്ത രണ്ട് ഇന്ത്യന്‍ നേതാക്കന്മാര്‍, ഈ ദുര്‍ഘടം പിടിച്ച പണിക്ക് ഇംഗ്ലീഷുകാരനായ തന്നെ നിയമിക്കുന്ന കാര്യത്തില്‍ യോജിച്ചുവെങ്കില്‍ ഇതംഗീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് അദ്ദേഹത്തിനു തോന്നി.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ഇന്ത്യാ ഓഫീസിലെ സ്ഥിരം അണ്ടര്‍ സെക്രട്ടറി റാഡ് ക്ലിഫിനു വേണ്ടി അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭൂപടം നിവര്‍ത്തിവച്ചു. ഗംഗയുടെയും സിന്ധുവിന്റെയും പ്രവാഹമാര്‍ഗങ്ങളും പഞ്ചാബ് സമതലത്തെ സൂചിപ്പിക്കുന്ന പച്ച അടയാളങ്ങളും ഹിമാലയത്തിന്റെ വെളുത്ത രൂപരേഖകളും ആ ഭൂപടത്തിലൂടെ വിരലോടിച്ച് അദ്ദേഹം നോക്കിക്കണ്ടു. താന്‍ വിഭജിക്കാമെന്നു സമ്മതിച്ച വിസ്തൃതങ്ങളായ രണ്ടു പ്രവിശ്യകളുടെ അതിര്‍ത്തികളും അന്നാദ്യമായി റാഡ്ക്ലിഫ് കണ്ടു പിടിച്ചു. 880 ലക്ഷം ജനങ്ങള്‍ അവരുടെ വീടുകളും കുടിലുകളും, അവരുടെ നെല്‍വയലുകള്‍, ചണനിലങ്ങള്‍, കായ്കനിത്തോപ്പുകളും മേച്ചില്‍ സ്ഥലങ്ങളും തീവണ്ടിപ്പാതകളും ഫാക്ടറികളും; ഭൂമിയുടെ ഉപരിതലത്തിലെ 175000 ചതുരശ്രമൈല്‍ പ്രദേശം; എല്ലാം സൂക്ഷ്മ രൂപത്തില്‍ രേഖപ്പെടുത്തിയ നിറം പിടിപ്പിച്ച പരന്ന കടലാസ് ലണ്ടനിലെ ഒരുദ്യോഗസ്ഥന്റെ മേശപ്പുറത്തു നിവര്‍ന്നു കിടന്നു.

ഇപ്പോള്‍, മറ്റൊരു കടലാസ് തുണ്ടില്‍, അവയുടെയെല്ലാം അസ്തിത്വങ്ങളെ വേര്‍പെടുത്തുന്ന രേഖ അദ്ദേഹം വരയ്ക്കാന്‍ പോവുകയാണ്. ഒരു ശസ്ത്രക്രിയയില്‍ ഒരാളുടെ കാലിലെ മാംസപേശികളും അസ്ഥികളും എല്ലാം ഒരു ഡോക്ടറുടെ കത്തി വേര്‍പെടുത്തുന്നതു പോലെ. ന്യൂഡല്‍ഹിയിലേയ്ക്കു തിരിക്കുന്നതിനു മുമ്പുള്ള റാഡ്ക്ലിഫിന്റെ അവസാനത്തെ കൂടിക്കാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഉദ്യാനത്തില്‍ വെച്ചാണ് നടന്നത്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ മുന്നൂറു വര്‍ഷത്തെ ചരിത്രത്തില്‍, മറ്റൊരു ഇംഗ്ലീഷുകാരനും സാധിച്ചിട്ടില്ലാത്ത തരത്തില്‍, അത്രയധികം ഇന്ത്യക്കാരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്ന ഒരു ജോലിയാണ് അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളില്‍ റാഡ്ക്ലിഫ് ചെയ്യാന്‍ പോകുന്നതെന്ന് ക്ലെമന്റ് ആറ്റ്‌ലി അല്പം അഭിമാനത്തോടെ അനുസ്മരിച്ചു.

ശല്യപ്പെടുത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്ന്, ആറ്റ്‌ലി സമ്മതിച്ചു. എങ്കിലും ഒടുവില്‍, ഒരു വസ്തുത തനിക്ക് വലിയ സംതൃപ്തി നല്കുന്നുണ്ടെന്നദ്ദേഹം പറഞ്ഞു. തന്നെ പോലെയുള്ള ഒരു പഴയ 'ഹെയ്‌ലിബറി' കുട്ടിയെയാണ് 880 ലക്ഷം മനുഷ്യരുടെ പാര്‍പ്പിടങ്ങളിലൂടെ ഒരു രേഖ വരയ്ക്കാന്‍ അയയ്ക്കുന്നതെന്ന വസ്തുത.
                                                         ('സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ നിന്ന്)


ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി നിര്‍ണയത്തിന് പിന്നിലെ കഥ, റാഡ്ക്‌ളിഫിന്റെയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക