Image

മോഹന്‍ഭാഗവത്‌ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം നിയമലംഘനം'; സ്‌കൂളിനെതിരെ കേസ്‌

Published on 15 August, 2017
മോഹന്‍ഭാഗവത്‌ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷം നിയമലംഘനം'; സ്‌കൂളിനെതിരെ കേസ്‌


ചട്ടം ലംഘിച്ച്‌ ആര്‍എസ്‌എസ്‌ ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത്‌ എയ്‌ഡഡ്‌ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ നടപടിയെടുക്കണമെന്ന്‌ ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി. മോഹന്‍ ഭാഗവത്‌ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിയമലംഘനം നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ ശുപാര്‍ശ നല്‍കുമെന്നും പാലക്കാട്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ എസ്‌പിക്ക്‌ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്‌. ദേശീയ പതാകയുടെ ചട്ടങ്ങളില്‍ ലംഘനമുണ്ടായെന്ന്‌ തഹസില്‍ദാറും അറിയിച്ചിട്ടുണ്ട്‌.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക്‌ ലംഘിച്ചാണ്‌ ആര്‍എസ്‌എസ്‌ ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത്‌ പാലക്കാട്‌ മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്‌. കൂടാതെ ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പകരം ദേശീയഗീതമായ വന്ദേമാതരമാണ്‌ ഇവിടെ ആലപിച്ചത്‌. ഇത്‌ നാഷണല്‍ ഫ്‌ളാഗ്‌ കോഡിന്റെ ലംഘനമാണെന്നാണ്‌ ഉയരുന്ന പരാതി. ദേശീയപതാക ഉയര്‍ത്തിയതിന്‌ ശേഷം ദേശീയഗാനമാണ്‌ ചൊല്ലേണ്ടത്‌.

ആര്‍എസ്‌എസ്‌ ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട്‌ മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്‌ മോഹന്‍ ഭാഗവത്‌ ഒന്‍പത്‌ മണിയോടെ അടുപ്പിച്ച്‌ പതാക ഉയര്‍ത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക