Image

സാഹിത്യ സവ്യ സാചി മാന്യശ്രീ വിശ്വാമിത്രന്‍ (നര്‍മ്മം: ജയന്‍ വര്‍ഗീസ്)

Published on 15 August, 2017
സാഹിത്യ സവ്യ സാചി മാന്യശ്രീ വിശ്വാമിത്രന്‍ (നര്‍മ്മം: ജയന്‍ വര്‍ഗീസ്)
ആള്‍ അമേരിക്കന്‍ മലയാളീ അസോസിയേഷന്റെ. All American Malayalees Association. ( ആമ ) അന്താരാഷ്ട്ര മോന്തകാട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനാണ്, അമേരിക്കന്‍ മലയാള സാഹിത്യകാരനും, ഭാഷാ സേവനത്തിനായി ജീവിതം പുല്ലുപോലെ വലിച്ചെറിഞ്ഞവനുമായ മാന്യശ്രീ വിശ്വാമിത്രന്‍ നാട്ടിലെത്തുന്നത്. മാത്രമല്ലാ, തന്റെ പുതിയ കൃതിയുടെ പ്രകാശനകര്‍മ്മം, ജോണിവാക്കറിന്റെ ബ്‌ളാക് ലേബല്‍ കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്ന മഹാനായ നാട്ടു സാഹിത്യകാരനെക്കൊണ്ട് നിര്‍വഹിപ്പിക്കുകയും, ആ കൃതഹസ്തങ്ങളാല്‍ വാരിപ്പുതപ്പിക്കപ്പെടുന്ന പൊന്നാടക്കുള്ളില്‍ കുളിരണിഞ്ഞു നില്‍ക്കുകയുമാവാം എന്നൊക്കെയാണ് അകത്തെ പ്ലാന്‍.

അത്തരം കാര്യങ്ങളുടെ ചില അഡ്ജസ്റ്റുമെന്റുകള്‍ക്കായിട്ടാണ്, മോന്തകാട്ടി സമ്മേളനത്തിന്റെ കോടി ചുരുട്ടിയിട്ടും സാഹിത്യകാരന്‍ വിശ്വാമിത്രന്‍ ഹോട്ടലില്‍ തന്നെ തങ്ങുന്നതും, അമേരിക്കന്‍ ഡോളറിന്റെ പച്ചപ്പില്‍ ആകൃഷ്ടനായി നാട്ടുകാരനായ ഒരു പ്രസാധക വര്യന്‍ ഉപദേശകനായും, പരിചാരകനായും കൂടെത്തന്നെ കൂടിയിരിക്കുന്നതും.

വൈകിട്ടത്തെ അത്താഴ വിരുന്നിനു ശേഷം പ്രസാധകവര്യന്‍ പകര്‍ന്നു കൊടുത്ത നെല്ലിക്കായരിഷ്ടം ചേര്‍ത്ത നാടന്‍വാറ്റ് രണ്ടുപെഗ്ഗ് അകത്താക്കിയിട്ട് വിശ്വാമിത്രന്‍ കസാലയിലേക്കു ചാഞ്ഞു. അപ്പോളാണ് അപ്രതീക്ഷതമായി പ്രസാധകന്റെ ചോദ്യം:

"കൊച്ചിയില്‍ കൊതുകും തണുപ്പും കൂടുതലാണ് സാര്‍. സീരിയല്‍ നിര്‍മ്മാതാക്കള്‍ പുതക്കുന്ന തരം പുതപ്പൊരെണ്ണമാവാം സാര്‍?"

സാഹിത്യകാരന്‍ ഒന്നും പറഞ്ഞില്ല. ക്രാപ്പ് ചെയ്തു കറുപ്പിച്ച ഹെയര്‍സ്‌റ്റൈലും, ഫേഷ്യല്‍ ചെയ്തു തുടുപ്പിച്ച മുഖവുമായിട്ടിരിക്കുന്ന താന്‍ കുട്ടിയല്ലന്നും, കെട്ടുപ്രായത്തിന്റെ മാക് മഹോന്‍ രേഖ കടന്നു നില്‍ക്കുന്ന കാല്‍ ഡസന്‍ പെണ്‍കുട്ടികളുടെ തന്തയാണെന്നും ആരറിയുന്നു? മോന്തകാട്ടി സമ്മേളനത്തില്‍ കാണിക്കാനായി പ്രത്യേകം രൂപകല്പന ചെയ്‌തെടുത്ത പഞ്ചാരക്കുട്ടന്‍ ഗെറ്റപ്പിലാണ് താന്‍ ഷൈന്‍ ചെയ്യുന്നതെന്നും, പല്ലിന്റെ ശൗര്യം പണ്ടത്തെപ്പോലെ ഫലിക്കാത്ത ഒരു പാവം പാണ്ടന്‍ നായയാണ് തന്റെ കൂടെയുള്ളതെന്നും വേദനയോടെ വിശ്വാമിത്രന്‍ ഓര്‍ത്തെടുത്തു.

ചാരിയിരുന്ന വാതില്‍ തുറന്നു പ്രസാധകന്‍ അകത്തേക്ക് വന്നു. അയാളുടെ പിന്‍പറ്റി അരയന്ന നടനവുമായി അഴകിന്റെ അലപോലെ ഒരു മാദകത്തിടന്പ് അകത്തേക്ക് വന്നപ്പോള്‍ ശരിക്കും, അക്ഷരാര്‍ത്ഥത്തില്‍ സാഹിത്യകാരന് സ്ഥലജല വിഭ്രമം അനുഭവപ്പെട്ടു.

"വിലകൂടിയ സീരിയല്‍ ഇനമാണ് സാര്‍. സാറിനുവേണ്ടി പ്രത്യേക ഓര്‍ഡറാ " ധൃതിയില്‍ വാതിലടച്ചു പ്രസാധകന്‍ മറഞ്ഞു.

"സാര്‍ അമേരിക്കയില്‍ നിന്നാണില്ലേ? സാറിന്റെ പടം ഞാന്‍ പത്രത്തില്‍ കണ്ടിട്ടുണ്ട്.അതോണ്ടാ ഞാന്‍ വന്നത്." സീരിയല്‍ വിശ്വാമിത്രന്റെ കാല്‍ വിരലുകളില്‍ ചവിട്ടുകയും, ബെഡ്ഡിലിരുന്നു തന്റെ കൊഴുത്തു മുഴുത്ത ശരീര ഭാഗങ്ങള്‍ അയാളുടെ മൂക്കിലും, മുഖത്തും ഉരസുകയും ചെയ്തു.

ഏതോ പ്രേത കഥയിലെ നിധിയറയില്‍ വന്നുപെട്ട ദരിദ്രവാസിയെപ്പോലെ വിശ്വാമിത്രന്‍ പകച്ചു.സ്വര്‍ണ്ണവും, രത്‌നവുമാണ് ചുറ്റിലും. ഏതെടുക്കണം, ഏതുവാരണം എന്ന അവസ്ഥ. പക്ഷെ, പല്ലിന്റെ ശൗര്യം നശിച്ചു വാലും പൂട്ടി തളര്‍ന്നുറങ്ങുന്ന തന്റെ പണ്ടത്തെ പാണ്ടന്‍ നായയെ പ്രതി ദിവസവും സ്വന്തം ഭാര്യയുടെ കിഴുക്ക് വാങ്ങുന്നതോര്‍ത്തപ്പോള്‍ അയാള്‍ സ്വയം നിയന്ത്രിച്ചു. അവനവന്റെ ഇല്ലായ്മകള്‍ എന്തിനു മറ്റുള്ളവരെ അറിയിച്ചു നാണം കെട്ടണം എന്നോര്‍ത്തു വിശ്വാമിത്രന്‍. അടവ് മാറ്റേണ്ട അവസരമാണിത് എന്ന ഉള്‍വിളിയില്‍ പ്രചോദിതനായി അദ്ദേഹം പ്രതികരിച്ചു:

"കുട്ടിയെന്തിനാ ഈ ചീത്ത പണിക്കൊക്കെ നടക്കുന്നത്?"

അതിനവള്‍ പറഞ്ഞ മറുപടി തന്റെ അടുത്ത പുസ്തകത്തിനുള്ള രൂപരേഖയാക്കി സാഹിത്യകാരന്‍ മനസ്സില്‍ കുറിച്ചിട്ടു.

തളര്‍വാതം പിടിച്ചു കിടക്കുന്ന അമ്മ... ഗ്രാജുവേഷനും, പോസ്റ്റ് ഗ്രാജുവേഷനും പഠിക്കുന്ന അനിയത്തിമാര്‍....തൊഴിലൊന്നും കിട്ടാഞ്ഞിട്ട് കള്ളടിച്ചും കഞ്ചാവടിച്ചും മീശ പിരിച്ചു നടക്കുന്ന അഞ്ചാങ്ങളമാര്‍...ഇവരെയെല്ലാം സംരക്ഷിക്കേണ്ട മഹാ ദുരിതത്തിന് പരിഹാരമായിട്ടാണ് ഇതിനിറങ്ങിയതെന്ന് അവള്‍ വിതുന്പിയപ്പോള്‍ സാഹിത്യകാരന്റെ കണ്ണ് നിറയുകയും, വഴിഞ്ഞൊഴുകിയ സഹതാപം വാലറ്റിലെ പച്ചനോട്ടുകള്‍ ഒരു ചുരുളാക്കിയെടുത്ത് ബ്ലൗസിനുള്ളില്‍ മുലകളുടെ നടുവിലേക്ക് തിരുകി വച്ച്‌കൊടുക്കുകയും ചെയ്തു.

" ഇനി മോള്‍ ഇതിനൊന്നും പോകരുത്. മോള്‍ക്ക് ഞാനുണ്ട്"

ഇരകളുടെ ദാവ്ര്‍ബല്യങ്ങളുടെ കടവായില്‍ സമര്‍ത്ഥമായി ചൂണ്ടയെറിയാനറിയാവുന്ന സീരിയല്‍ ഭാവാല്മകമായി തേങ്ങി.ഉരുണ്ടിറങ്ങിയ കണ്ണുനീരിലെ ഉപ്പുരസം സഹതാപസാഹിത്യകാരന്‍ വിശ്വാമിത്രന്‍ നാക്കുകൊണ്ട് നക്കി.

കിടക്കയില്‍ ഉരുണ്ടും പിരണ്ടും ഉറക്കം വരാതെ കിടന്ന പെണ്ണ് ക്ഷമ നശിച്ചു അവസാനം കെഞ്ചി:

"സാറേ ഇങ്ങോട് ചേര്‍ന്ന് കിടക്ക് സാറേ?"

സാഹിത്യനായകന് കുറ്റബോധമുണ്ടായി. പക്ഷെ, അവന്‍? പല്ലുകള്‍ കൊഴിഞ്ഞ പഴയ ശൗര്യക്കാരന്‍. ഒന്നുമറിയാതെ അവന്‍ ചുരുണ്ട് തളര്‍ന്നുറക്കമാണ്? രക്ഷയില്ലാ!

"വേണ്ട...വേണ്ട...നിന്നെ ഞാനങ്ങിനെയല്ലാ കാണുന്നത്.
"പിന്നെ ?"
"മകളായിട്ട് "
"സാറിനു മകളില്ലേ ?"
"ഉണ്ട്....ഉണ്ട്...ങ്ആ ..ഇത് മറ്റൊരു മകള്‍ "
"എന്നാ ഞാന്‍ പൊയ്‌ക്കോട്ടേ?
"വേണ്ട...വേണ്ട...നിന്നെ ഞാന്‍ നാളെ ഡ്രോപ്പ് ചെയ്യാം."

പെണ്ണിന്റെ ഉള്ളില്‍ പുച്ഛം തിളച്ചു. പട്ടി തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലാ.

ആ രാത്രി രണ്ടുപേരും ഉറങ്ങിയില്ലാ അവരവരുടേതായ സ്വകാര്യ കാരണങ്ങളാല്‍?

നേരം വെളുത്ത പാടെ ടാക്‌സിക്കാറില്‍, ബാക്‌സീറ്റില്‍ അവളെ മുട്ടിയുരുമ്മിയിരുന്നു സാഹിത്യകാരന്‍ യാത്രയാരംഭിച്ചു. ഇടക്ക് തന്റെ പടം അച്ചടിച്ച ചില പത്രങ്ങള്‍ അവളെ കാണിക്കുകയും ചെയ്തു.

ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ വിദൂരതയില്‍ കണ്ണയച്ചിരിക്കുന്ന വിശ്വാമിത്രന്റെ ചിത്രത്തില്‍ നോക്കി അവള്‍ ചോദിച്ചു:

"സാര്‍ ഒരെഴുത്തുകാരണാനില്ലേ?"
"അതെ. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന എഴുത്തുകാക്രനാണ് ഞാന്‍."
"സാറിന്റെ കൃതികളുടെ ഓരോ കോപ്പി എനിക്ക് തരാമോ സാര്‍?"
"എല്ലാം എന്റെ കൈയിലില്ലല്ലോ കുട്ടീ "
"ഉള്ളത് തരൂ സാര്‍."

ഉണ്ടായിരുന്നതിന്റെ കുറച്ചു കോപ്പികള്‍ വിശ്വാമിത്രന്‍ അവള്‍ക്കു കൊടുത്തു. പുസ്തകത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ തടിച്ച ചുണ്ടുകള്‍ അമര്‍ത്തി അവള്‍ ചുംബിച്ചു.

ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ നനഞ്ഞ കണ്ണുകളോടെ അവള്‍ അദ്ദേഹത്തെ നോക്കി. തളര്‍വാതക്കാരി അമ്മ, ബിരുദാനന്തര ബിരുദക്കാരികള്‍ അനിയത്തിമാര്‍, തൊഴില്‍ രഹിതരായ കള്ളടിയന്മാര്‍ അഞ്ച് ആങ്ങളമാര്‍, അവരെയെല്ലാം പുലര്‍ത്തേണ്ട മഹാ ദുരിതം. എല്ലാമെല്ലാം ആ കണ്ണുനീരില്‍ സാഹിത്യകാരന്‍ വായിച്ചെടുത്തു!

വീണ്ടും വഴിഞ്ഞൊഴുകിയ സഹതാപം ഒരു ലക്ഷത്തിന്റെ ഒരു കേട്ടെടുത്ത് അവളുടെ നേരെ നീട്ടി.

"സാര്‍?"
"സാറല്ലാ അച്ഛന്‍."
"അച്ഛാ"
"മോളെ "

പണം വാങ്ങി ഹാന്‍ഡ് ബാഗില്‍ വച്ച് അവള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. അപ്രതീക്ഷിതമായി അവളെക്കടന്നുപോയ ഒരു മെഴ്‌സിഡസ് സ്‌പോര്‍ട്‌സ് കാര്‍ അല്പം അകലെ നിര്‍ത്തി. കാറിലെ ചെറുപ്പക്കാരന്‍ പുറത്തേക്ക് തലയിട്ട് അവളെ കൈ വീശി.

"ഹായ് സുഷമാ"
"ഹായ് സുരേഷ് "

വിശ്വാമിത്രന്റെ പുസ്തകങ്ങള്‍ ഓടയിലേക്കു വലിച്ചെറിഞ്ഞിട്ട് ഓടിച്ചെന്ന് അവള്‍ അയാളുടെ കാറില്‍ കയറിപ്പോയി.

കൊതുകു മുട്ടകള്‍ വിരിയാന്‍ വെന്പുന്ന കൊച്ചിയിലെ ഓടജലത്തിലൂടെ ഒഴുകി വരുന്ന സ്വന്തം കൃതികള്‍ അനാഥമായി രചയിതാവിനെ നോക്കി. അയാള്‍ക്കതു സഹിക്കാനായില്ല. കാറില്‍ നിന്നിറങ്ങി അദ്ദേഹമത് പിടിച്ചെടുത്ത് നെഞ്ചില്‍ ചേര്‍ത്തു വച്ചു.

"സാര്‍" െ്രെഡവറുടെ വിളി.
"യേസ്."
"അത് മുഴുവന്‍ അഴുക്കാണ് സാര്‍."
"സാരമില്ല..സാരമില്ലാ ."
"സാര്‍ ."
"യേസ് ."
"സാറാണോ അവിടെ ജനപ്രിയനായ എഴുത്തുകാരന്‍?"

ഒരു നിമിഷം വിശ്വാമിത്രന്റെ ശബ്ദം തൊണ്ടയില്‍ ഉടക്കി നിന്നു. പിന്നെ ശബ്ദം വീണ്ടെടുത്ത് വിക്കി വിക്കി പറഞ്ഞു:

"അതെയതെ.ഞാനാണ് അവിടെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ജനപ്രിയ സാഹിത്യകാരന്‍ വിശ്വാമിത്രന്‍."
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക