Image

കോഴക്കടലില്‍ മുങ്ങി കാവിപ്പട: കുമ്മനത്തിന്റെ കേരള പദയാത്ര മാറ്റി

എ.എസ് ശ്രീകുമാര്‍ Published on 16 August, 2017
കോഴക്കടലില്‍ മുങ്ങി കാവിപ്പട: കുമ്മനത്തിന്റെ കേരള പദയാത്ര മാറ്റി
ബി.ജെ.പി കേരള ഘടകത്തിലെ ശക്തമായ ചേരിപ്പോരുമൂലം താമര വാടുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുന്‍ പ്രസ്ഡന്റ് വി. മുരളാധരനും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. മെഡിക്കല്‍ കോളജ് കോഴ വിവാദം പാര്‍ട്ടിയെ വല്ലാതെ പിടിച്ചുലച്ചിരിക്കുന്നു. ഇതിന് പുറമെ വ്യാജ രസീത് തട്ടിപ്പും ജന്‍ ഔഷധിയുടെ മറവിലെ ലക്ഷങ്ങളുടെ അഴിമതിയാരോപണവും പാര്‍ട്ടിയുടെ പ്രതിഛായ പൂര്‍വാധികം മോശമാക്കിയിട്ടുണ്ട്. ആരോപണവിധേയരെ വെള്ള പൂശുകയും, അഴിമതി പുറത്തറിയിച്ചുവെന്ന പേരില്‍ യുവ നേതാക്കളെ തരംതാഴ്ത്തുകയും ചെയ്ത നടപടിയും പ്രതിഛായാ വിവാദത്തിലായി. ''അഴിമതി നടത്തിക്കോളൂ, പക്ഷേ പുറത്തറിയിക്കരുത്...'' എന്ന തടിയൂരല്‍ സന്ദേശമാണ് ഇതുവഴി പാര്‍ട്ടി നല്‍കിയതെന്നാണ് കടുത്ത ആക്ഷേപം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണ എന്നിവരെ ചുമതലകളില്‍നിന്ന് നീക്കിയ കുമ്മനം രാജശേഖരന്റെ തീരുമാനത്തില്‍  വ്യക്തമായ ഗ്രൂപ് താല്‍പര്യമുണ്ടത്രേ.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിത്തരാമെന്നുപറഞ്ഞ് വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ആര്‍. ഷാജിയില്‍നിന്ന് അഞ്ചുകോടി അറുപതു ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കോഴ വാങ്ങിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ബി.ജെ.പിയെ നാണക്കേടിലാക്കിയത്. ആരോപണ വിധേയനായ ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ വി.വി രാജേഷിനെ സംഘടനാ ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോഴപ്പണം ആരെല്ലാം വീതിച്ചെടുത്തെന്നു അന്വേഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലന്നും ഒരു ആര്‍.എസ്. വിനോദിന്റെ പുറത്താക്കലിലൂടെ പ്രശ്‌നം ഒതുക്കാനാണ് താല്‍പര്യം കാട്ടിയതെന്നും ആരോപിക്കപ്പെടുന്നു. വിനോദിനെ മാത്രം വിശ്വസിച്ച് ഇത്രവലിയ തുക ഒരു മെഡിക്കല്‍ കോളജ് ഉടമയും കൊടുക്കില്ല. ഈ ഇടപാടില്‍ കുമ്മനത്തിന്റെ ഓഫിസ്, അദ്ദേഹത്തിന്റെ വിശ്വസ്തന്‍, ഡല്‍ഹിയിലെ സഹായി എന്നിങ്ങനെ നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അഴിമതിയുടെ വ്യാപ്തി വളരെ വലുതാണെന്നാണ് കുമ്മനം വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍. തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി ഭാരവാഹി യോഗത്തില്‍ കുമ്മനം രാജശേഖരനെതിരെ വി. മുരളീധര പക്ഷം കടന്നാക്രമണം നടത്തുകയുണ്ടായി. കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിയെന്നാണ് മുരളീധരന്‍ യോഗത്തില്‍ തുറന്നടിച്ചത്. കുമ്മനം ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് പാര്‍ട്ടിയില്‍ അഴിമതി വര്‍ധിച്ചതെന്നും മെഡിക്കല്‍ കോഴ അഴിമതിയെക്കുറിച്ച് ആറു മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നതായും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതേസമയം, മെഡിക്കല്‍ കോഴയുമായി ബന്ധപ്പെടുള്ള അച്ചടക്ക നടപടി സംസ്ഥാന സെക്രട്ടറി വി.വി രാജേഷില്‍ മാത്രം അവസാനിപ്പിക്കരുതെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. വി.വി രാജേഷ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും പാര്‍ട്ടിയിലെ അഴിമതിക്കെതിരെയാണ് രാജേഷ് നിലകൊണ്ടതെന്നും കൃഷ്ണദാസ് വിഭാഗം പറഞ്ഞു. പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായടക്കം പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന കുമ്മനം രാജേശഖരന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പദയാത്രയെപ്പറ്റി ആലോചിക്കാന്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് കുമ്മനത്തിനെതിരെ മുരളീധരനും കൂട്ടരും ആഞ്ഞടിച്ചത്.

വാഗ്വാദം രൂക്ഷമായതോടെ നേരത്തേ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നും കുമ്മനം മാറി. പകരമെത്തിയ വി മുരളീധരന്‍ വിവാദവിഷയങ്ങളോട് പ്രതികരിക്കില്ലെന്ന് ശഠിച്ചു.  കുമ്മനം നടത്താനിരുന്ന കേരള പദയാത്ര സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. മെഡിക്കല്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര നടത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടു. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 23ന് തിരുവനന്തപുരത്ത് സമാപിക്കും. വി മുരളീധരനാണ് പദയാത്രയുടെ കോ-ഓര്‍ഡിനേറ്റര്‍. ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന സൂചന ശക്തമാണ്. പല നേതാക്കളും നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. അവരാരും മൊബൈല്‍ ഫോണ്‍ കോളുകള്‍ എടുന്നില്ലത്രേ. മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പല നേതാക്കളും അവരെ കാണുമ്പോള്‍ മാറിനടക്കുന്നു. എന്തായാലും അമിത്ഷായുടെ അടുത്ത കേരള സന്ദര്‍ശനത്തോടെയോ അതിനു മുമ്പോതന്നെ പല തലകളും ഉരുളുമെന്നതാണ് അവസ്ഥ. ആര്‍.എസ്.എസിന്റെ ഒരു രഹസ്യ ശൃംഖലയെ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

അതേസമയം ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ ഒരുപോലെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ വിവാദം ഒത്തുതീര്‍പ്പിലേക്കെന്നാണ് സൂചന. ആരോപണ വിധേയരായ എം.ടി രമേശിന്റെയും കുമ്മനത്തിന്റെ ഡല്‍ഹിയിലെ സഹായിയും വിശ്വസ്തനും കോഴ വിവാദത്തിലെ സുപ്രധാന കണ്ണിയും കുമ്മനത്തിന്റെ ഡല്‍ഹിയിലെ പേഴ്‌സണല്‍ സ്റ്റാഫുമായിരുന്ന സതീഷ് നായരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം ആരംഭിച്ചതായാണ് വിവരം. സതീഷിനെതിരായ പരാമര്‍ശം കുമ്മനത്തിനെതിരായ അന്വേഷണത്തിലേക്ക് നയിക്കുമെന്ന ഭയം മൂലമാണിത്. കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ അംഗം എ.കെ നസീറിനെതിരെ തത്ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച് വിജിലന്‍സിന് നല്‍കുന്ന മൊഴിയില്‍ മാറ്റം വരുത്തും. വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നീക്കം.

കേരളത്തിലെ ബി.ജെ.പിക്ക് മുന്നിലെ അഴിമതി വിഷയങ്ങള്‍ക്ക് തീരുമാനമായിട്ടില്ല. കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ മറവില്‍ വ്യാജ രസീതടിച്ച് പണ പിരിവുനടത്തിയ സംഭവം അടിപിടിയിലും പൊലീസ് കേസിലും എത്തിനില്‍ക്കുന്നു. ഒരു സംസ്ഥാന കമ്മിറ്റി അംഗമാണ് ഇതില്‍ പ്രതിസ്ഥാനത്തുള്ളത്. ഇതും ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്.  ജന്‍ ഔഷധിയുടെ മറവിലെ  ലക്ഷങ്ങളുടെ അഴിമതിയാരോപണത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇദ്ദേഹം ചെയര്‍മാനായ ട്രസ്റ്റിനെതിരെയാണ് ആക്ഷേപം. സംസ്ഥാനത്തെ ജന്‍ ഔഷധി നോഡല്‍ ഓഫിസറുടെ നിയമനമടക്കമുള്ള കാര്യങ്ങള്‍ നടന്നത് ബി.ജെ.പി നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമാണെന്നു  ബോധ്യപ്പെട്ടിരിക്കെ, പാര്‍ട്ടി നേതൃത്വം അറിഞ്ഞു നടത്തിയ അഴിമതിയായാണ് അതും വ്യാഖ്യാനിക്കപ്പെടുന്നത്.  സംസ്ഥാന നേതാക്കളുള്‍പ്പെട്ട ഇത്തരം അഴിമതികള്‍ക്കു പുറമെ  ജില്ല, പ്രാദേശിക തലങ്ങളിലും നേതാക്കന്മാര്‍ക്കെതിരെ ആരോപണങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.



കോഴക്കടലില്‍ മുങ്ങി കാവിപ്പട: കുമ്മനത്തിന്റെ കേരള പദയാത്ര മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക