Image

നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സിലിന് പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 16 August, 2017
നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സിലിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിന്റെ 24-മത് വാര്‍ഷിക പൊതുയോഗം 2017 ജൂലൈ 6-ന് ടൊറന്റോയില്‍ വച്ചു നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള 26 സി.എസ്.ഐ ഇടവകകളും ഈ കൗണ്‍സിലിന്റെ നിയന്ത്രണത്തിനു കീഴിലാണ്. 31-മത് സി.എസ്.ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് ഈ കൗണ്‍സില്‍ സമ്മേളനം നടത്തപ്പെട്ടത്. ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ ബിഷപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിക്കപ്പെട്ടു.

ഈ പൊതുയോഗത്തില്‍വച്ചു അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. വൈസ് പ്രസിഡന്റായി സെന്റ് സെന്റ് തോമസ് ഹൂസ്റ്റണ്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്ന റവ വല്യം ഏബ്രഹാം, സെക്രട്ടറിയായി ന്യൂയോര്‍ക്ക് സീഫോര്‍ഡ് ഇടവകാംഗം മാത്യു ജോഷ്വാ, ട്രഷററായി ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകാംഗം ചെറിയാന്‍ ഏബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. റീജിയന്‍ പ്രതിനിധികളായി കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്), ഡോ. ടൈറ്റസ് ജോര്‍ജ് (ന്യൂജേഴ്‌സി), ഡോ. സഖറിയ ഉമ്മന്‍ (അറ്റ്‌ലാന്റാ), മാത്യു കരോട്ട് (ഷിക്കാഗോ), ജോര്‍ജ് വര്‍ഗീസ് (ഡാളസ്), ജോയി ചെമ്മണ്ണൂര്‍ (ടൊറന്റോ) എന്നിവരും പുതിയ ഓഡിറ്ററായി രാജു ജോര്‍ജും (ന്യൂയോര്‍ക്ക്) തെരഞ്ഞെടുക്കപ്പെട്ടു. വൈദീക ശുശ്രൂഷകള്‍ക്ക് കൈത്താങ്ങല്‍ നല്‍കുന്ന മിനിസ്റ്റീരിയല്‍ കമ്മിറ്റിയില്‍ റവ. കെ.ജി. തോംസണ്‍ (ഡാളസ്), റവ. സജീവ് സുകു ജേക്കബ് (ന്യൂയോര്‍ക്ക്), കുര്യന്‍ തമ്പി ജേക്കബ് (ഹൂസ്റ്റണ്‍), സാമുവേല്‍ ജോണ്‍സണ്‍ (ഷിക്കാഗോ) എന്നിവര്‍ സേവനം അനുഷ്ഠിക്കും.

1994-ല്‍ രൂപംകൊണ്ട സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിന്റെ സില്‍വര്‍ജൂബിലി 2019-ല്‍ സമുചിതമായി ആഘോഷിക്കാനും ഒരു മഹായിടവകയായി ഈ കൗണ്‍സിലിനെ ഉയര്‍ത്താനുള്ള സാധ്യതകളെ ആരായാനും പൊതുയോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കുകയും, പ്രസ്തുത കമ്മിറ്റിയുടെ കണ്‍വീനറായി കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സമ്മേളനത്തില്‍ വച്ചു സ്ത്രീജനസഖ്യത്തിന്റേയും, യുവജന പ്രസ്ഥാനത്തിന്റേയും നാഷണല്‍ ഭാരവാഹികളും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. സ്ത്രീജന സഖ്യത്തിന്റെ വൈസ് പ്രസിഡന്റായി സാലി മാത്യു (അറ്റ്‌ലാന്റ), സെക്രട്ടറിയായി എലിസബത്ത് വര്‍ഗീസ് (ടൊറന്റോ), ട്രഷറായി ജോളി ഡേവിഡ് (ന്യൂയോര്‍ക്ക്) എന്നിവരും യുവജന പ്രസ്ഥാനത്തിന്റെ യൂത്ത് കോര്‍ഡിനേറ്ററായി റവ. റോബിന്‍ ഐപ് മാത്യു (ന്യൂയോര്‍ക്ക്), എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബ്രയന്‍ മാത്യു (ഹൂസ്റ്റണ്‍) എന്നിവരും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 32-മത് സി.എസ്.ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു 2019-ല്‍ സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ അതിഥ്യമരുളുന്നതാണ്.
നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സിലിന് പുതിയ നേതൃത്വംനോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സിലിന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക