Image

മസ്‌കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക വാര്‍ഷികം; വിപുലമായ പരിപാടികള്‍

Published on 17 August, 2017
മസ്‌കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക വാര്‍ഷികം; വിപുലമായ പരിപാടികള്‍

 
മസ്‌കറ്റ്: ഒമാനില്‍ ഓര്‍ത്തഡോക്‌സ് പള്ളി സ്ഥാപിതമായതിന്റെ നാല്പത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 18നു വെള്ളിയാഴ്ച തിരി തെളിയും.ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ചടങ്ങില്‍ മുഖ്യാഥിതി ആയിരിക്കും. രാവിലെ 8.30 നാരംഭിക്കുന്ന ചടങ്ങില്‍ ഈ വര്‍ഷം നടപ്പിലാക്കാന്‍ ഒരുങ്ങുന്ന കാരുണ്യ പദ്ധതികളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കും.പള്ളി ഹാളില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ.ജേക്കബ് മാത്യുവും, ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.എബ്രഹാം മാത്യുവും പരിപാടികള്‍ വിശദീകരിച്ചു. 2018 മാര്‍ച്ച് മാസത്തില്‍ വാര്‍ഷിക പരിപാടികള്‍ സമാപിക്കും.സമ്മേളനത്തില്‍ പ്രമുഖരായ സാമൂഹ്യ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുമെന്നു ഫാ.ജേക്കബ് മാത്യു പറഞ്ഞു. ആഘോഷങ്ങളുടെ വിജയത്തിനായി എബ്രഹാം മാത്യു ജനറല്‍ കണ്‍വീനറായി 17 അംഗ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുക.

1972 ജൂണ്‍ മാസത്തിലാണ് മസ്‌കറ്റ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആദ്യമായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കുന്നത്. മസ്‌കറ്റിലെ റൂവിയില്‍ സ്ഥിതി ചെയ്യുന്ന മാര്‍ ഗ്രിഗോറിയോസ് പള്ളിക്കു പുറമെ, ഗാലാ സെന്റ് മേരീസ്, സലാലയിലെ സെന്റ് സ്റ്റീഫന്‍സ്, സോഹാറിലെ സെന്റ് ജോര്‍ജ് എന്നിവയാണ് രാജ്യത്തെ മറ്റ് ഓര്‍ത്തഡോക്‌സ് പള്ളികള്‍.ഓമനിലാകെ മൂവായിരത്തോളം കുടുംബങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയിലുണ്ട്.മാര്‍ ഗ്രിഗോറിയോസ് മഹായിടവകയില്‍ തന്നെ 1200 കുടുംബങ്ങളുണ്ട്.

വര്‍ഷം തോറും കാരുണ്യത്തിന്റെ കരസ്പര്‍ശമായി തണല്‍ എന്ന പേരില്‍ മഹായിടവക സമൂഹത്തില്‍ രോഗികളും ആലംബ ഹീനരുമായവര്‍ക്ക് സഹായങ്ങള്‍ ചെയ്തു വരുന്നു. ശരാശരി 40 മുതല്‍ 45 ലക്ഷം രൂപയാണ് വര്‍ഷം തോറും വിതരണം ചെയ്യുന്നത്.ഇടവക അംഗങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ സംഭാവനകള്‍ ആണ് തണലിന്റെ ശക്തി.ഈ വര്‍ഷം കാന്‍സര്‍ രോഗികള്‍ക്കായിരിക്കും സഹായങ്ങള്‍ നല്‍കുക.ആഘോഷങ്ങളുടെ ഭാഗമായി പരുമല മാര്‍ ഗ്രിഗോറിയോസ് ആശുപത്രിക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്യുവാനും പദ്ധതിയുണ്ടെന്ന് ഫാ.ജേക്കബ് കൂട്ടിച്ചേര്‍ത്തു. പള്ളി ട്രസ്റ്റി മാത്യു വര്‍ഗീസ്, സഹ ട്രസ്റ്റി സാബു കോശി, സെക്രട്ടറി മനോജ് മാത്യു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക