Image

ആടുവിലാപം' ഒരു കാടുവിലാപമാവുമോ? (വിചാരവേദി-നിരൂപണ പരമ്പര-45: ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 17 August, 2017
ആടുവിലാപം' ഒരു കാടുവിലാപമാവുമോ? (വിചാരവേദി-നിരൂപണ പരമ്പര-45: ഡോ. നന്ദകുമാര്‍ ചാണയില്‍)
എവിടെയെല്ലാമോ മുഴങ്ങിക്കേട്ട ആരോപണവിലാപത്തില്‍ ഖിന്നനായ ഒരു സഹ്രുദയ സാഹിത്യകാരന്റെ പ്രതികരണ മായാണ് ഈ ലേഖനം രൂപം കൊണ്ടതെന്നു തോന്നുന്നു. ഇതെത്തിപ്പെടേണ്ട ചെവികളേക്ക് എത്തുമോ, എത്തിയാലും ഫലപ്രാപ്തി ഉണ്ടാകുമോ എന്ന സന്ദേഹത്തിലാണ് കാടുവിലാപം (അല്ലെങ്കില്‍ ഒരു വനരോദനം) എന്നു വിശേഷിപ്പിക്കാന്‍ തോന്നിയത്.

"കുടിയേറ്റ മലയാളികളുടെ ജീവിതം അമേരിക്കയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ള ധാരാളം കൃതികള്‍ ഇവിടുത്തെ എഴുത്തുകാര്‍ എഴുതിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഊന്നി പ്രസ്താവിക്കുന്നതിനു് ശ്രീ മണ്ണിക്കരോട്ട് അനുമോദനം അര്‍ഹിക്കുന്നു. അതേസമയം ''അമേരിക്കയില്‍ ഏതൊരു കുടിയേറ്റക്കാരനു ആടു ജീവിതത്തിന്റെ നൂറിലൊന്നെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ടു്?''എന്ന ചോദ്യം അര്‍ത്ഥവത്താണോ എന്ന സംശയവും ഈ ലേഖകനില്ലാതില്ല.കാരണം നാട്ടില്‍ നിന്നും കൊണ്ടു വന്ന വിദ്യാവിഹീനരായ എത്രയോ ആയമാരുടെ കാരാഗ്രുഹസമാനമായ ജീവിതവും പീഡനകഥകളും മാധ്യമങ്ങളിലൂടെ വായിച്ചറിയുന്നുണ്ട്. അതേപോലെ തന്നെയാണ് നാട്ടില്‍ നിന്നും പി.എച്.ഡിയോ, വൈദ്യശാസ്ര്തത്തില്‍ ബിരുദമുള്ളവരോ,അല്ലെങ്കില്‍ ഇതര മേഖലകളില്‍ അഭ്യസ്തവിദ്യരോ ആയ എത്രപേര്‍ക്കാണ് അനര്‍ഹമായ ജോലിചെയ്ത് ജീവിതം നയിക്കേണ്ടിവരുന്നത്.സമാനതകളില്ലാത്ത ഒരു താരതമ്യപഠനത്തിലല്ലേ നാം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്.

വ്യക്തിത്വത്തിനും, വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൂല്യം നിഷേധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യപോലുള്ള ഒരു രാജ്യത്തില്‍ സ്വന്തം മാനുഷികമൂല്യത്തിനും മനുഷ്യത്വത്തിനും വിലകല്‍പ്പിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥിതി എവിടെ? അതേസമയം "പാരതന്ത്ര്യം മാനികള്‍ക്ക് മ്രുതിയേക്കാള്‍ ഭയാനകം'' എന്നും "സ്വാതന്ത്ര്യം തന്നെ അമ്രുതം, സ്വാതന്ത്ര്യം തന്നെ ജീവിതം'' എന്നുമുള്ള വിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനം എവിടെ?

പിന്നെ, "അമേരിക്കയില്‍ നിന്ന് എങ്ങനെയാണ് ആടുജീവിതം പോലെ ഒരു ക്രുതി ഉണ്ടാകാത്തതെന്നു ചോദിക്കുന്നതിനു പകരം അമേരിക്കയില്‍ നിന്നും എന്തുകൊണ്ട് ശ്രേഷ്ഠമായ രചനകള്‍ ഉണ്ടാകുന്നില്ല എന്നു ചോദിക്കുന്നതല്ലേ കൂടുതല്‍ ഉചിതം? കേവലം പുരസ്കാരങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണോ ഒരു ക്രുതിയുടെ മൂല്യം? അമേരിക്കന്‍ എഴുത്തുകാരുടെ ക്രുതികള്‍ക്ക് മുഖ്യധാരയിലുള്ള വിപണനത്തിനും പ്രദര്‍ശനത്തിനുമുള്ള പരിമിതികള്‍ പ്രചാരത്തിനു വിഘ്‌നമായി വര്‍ത്തിക്കുന്നു എന്ന പരമാര്‍ത്ഥം നിഷേധിക്കവയ്യ തന്നെ. ജനമനസ്സുകളില്‍ കോളിളക്കം സ്രുഷ്ടിക്കാന്‍ പര്യാപ്തമായ ഒരു ഇതിവ്രുത്തമെന്തുകൊണ്ടൊ ഇവിടുത്തെ നല്ല എഴുത്തുകാര്‍ക്കും കണ്ടെത്തിപ്പിടിക്കാന്‍ പറ്റാതെ പോയത് ആരുടേയും കുറ്റം കൊണ്ടാവാന്‍ തരമില്ല. കവിത, ചെറുകഥ, നോവല്‍,നാടകം, ലേഖനങ്ങള്‍ എന്നീ മേഖലകളില്‍ നല്ല ഓജസ്സുള്ള രചനകള്‍ നിര്‍മ്മിക്കുന്ന ധാരാളം എഴുത്തുകാര്‍ വടക്കെഅമേരിക്കയിലുണ്ട്. ജീവിതവ്രുത്തിക്കായി നിരന്തരം അത്യദ്ധ്വാനത്തില്‍ എര്‍പ്പെട്ട്രിക്കുന്ന ഇവിടത്തെ എഴുത്തുകാര്‍ ഒരാഴ്ചയില്‍ 24 മണിക്കൂറും എഴുത്തിനായി നീക്കിവയ്ക്കാന്‍ പറ്റാത്തവരാണ്. ഈ പെടാപ്പാടുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ചുരുങ്ങിയ സമയമാണ് അവര്‍ ഇതിനായി വിനിയോഗിക്കുന്നത്. ഇതും ഇവിടുത്തെന്എഴുത്തുകാരുടെ ഒരു പരാധീനതയും പരിമിതിയുമാണെന്നു പറയേണ്ടിയിരിക്കുന്നു. പുരസ്കാര ദൗര്‍ലഭ്യവും, ദൗര്‍ബല്യവും എഴുത്തുകാരെ നിഷ്ക്രിയരാക്കേണ്ടതില്ല.

അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ഭാവി അത്ര സുരക്ഷിതവും ഭാസുരവും ആകാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. ഇപ്പോഴത്തെ എഴുത്തുകാര്‍ക്ക് പിന്‍ തലമുറക്കാരായി ദീപശിഖയേന്താന്‍ ആരുമില്ലാത്ത പരിതസ്ഥിതിയില്‍ മലയാള സാഹിത്യ രചന കുറ്റിയറ്റു പോകാനേ തരമുള്ളു. മലയാളത്തിന്റെ വാമൊഴി കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായ പിന്‍തലമുറക്കാരില്ലെങ്കില്‍, വരമൊഴിയുടെ കാര്യം പറയേണ്ടതുണ്ടോ?

അമേരിക്കന്‍ സാഹിത്യകാരന്‍ എന്തിനുവേണ്ടി എഴുതുന്നു? സാമ്പത്തികമല്ലെന്നു തീര്‍ച്ച. മിക്കവാറും അവനവന്റെ ആത്മസംത്രുപ്തിക്കുവേണ്ടിയായിരിക്കണം ഇവിടത്തെ സാഹിത്യകാരന്മാരെഴുതുന്നത്. പിന്നെ ഒരു സാഹിത്യകാരനു് തന്റെ സമൂഹത്തോട് നിശ്ചയ്മായും ഒരു പ്രതിബദ്ധതയുണ്ടു.് സമൂഹത്തില്‍ നടമാടുന്ന ദുരാചാരങ്ങള്‍ക്കും അധാര്‍മ്മിക പ്രവണതകള്‍ക്കുമെതിരെ തൂലിക ചലിപ്പിക്കല്‍ ഒരു സാഹിത്യകാരനുണ്ടാവേണ്ട ധാര്‍മ്മിക ദൗത്യനിര്‍വ്വഹണത്തിനായുള്ള കടമയുടെ കാതല്‍ തന്നെ.

ബന്ന്യാമിന്റെ ആടുജീവിതംന്പോലുള്ള ഒരു ക്രുതി അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ ഉണ്ടാകണം എന്ന ശാഠ്യം ബാലിശമാണ്.അതിന്റെ പുറകിലുള്ള ആശയസംശുദ്ധിഎത്ര സദുദ്ദേശത്തോടുകൂടിയാണെങ്കിലും സമയവും സാഹചര്യവുമൊത്തുചേരുമ്പോള്‍ ഇവിടെ നിന്നും മൂല്യവത്തായ ഒരു മലയാളസാഹിത്യക്രുതി ഉണ്ടായേക്കാമെന്ന ഒരു പ്രത്യാശയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. എന്നാല്‍ ഈ ഫലപ്രാപ്തിക്കായി പ്രോത്സാഹനം, പ്രതിഫലം, പ്രതികരണം എന്നീ ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അടിവരയിട്ടു പ്രസ്താവിക്കേണ്ടതുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക