Image

ദിലീപിന് ഇന്നും ദുഖവെള്ളി; ജാമ്യപ്രതീക്ഷ ചൊവ്വാഴ്ചയിലേയ്ക്ക് നീളുന്നു

എ.എസ് ശ്രീകുമാര്‍ Published on 18 August, 2017
ദിലീപിന് ഇന്നും ദുഖവെള്ളി; ജാമ്യപ്രതീക്ഷ ചൊവ്വാഴ്ചയിലേയ്ക്ക് നീളുന്നു
കേരളം ഉറ്റുനോക്കിയ ഈ വെള്ളിയാഴ്ചയും നടന്‍ ദിലീപിനെ തുണച്ചില്ല. ദിലീപിന് ഇന്നും ദുഖവെള്ളി. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി സബ് ജയിലില്‍ കഴിയുന്ന ദിലീപ് ഇത്തവണ പുറത്തുവരുമെന്ന് ബന്ധുമിത്രാദികള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഒപ്പം ദിലീപും. എന്നാല്‍ ശുഭപ്രതീക്ഷയെല്ലാം അസ്ഥാനത്തായി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അന്ന് ചൊവ്വാദോഷം മാറുമോ എന്ന് പ്രവചിക്കാനുമാവില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് ഇന്ന് ഹാജരാകാന്‍ സാധിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിയിലെത്തുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതോടെ ദിലീപിന്റെ ജാമ്യമോഹം പൊലിഞ്ഞു. ജാമ്യം അനുവദിക്കരുതെന്ന് കാട്ടി പ്രോസിക്യൂഷന്‍ സത്യവാങ്മൂലം നല്‍കും.

ഈ മാസം 10നാണ് ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം തവണയും ജാമ്യാപേക്ഷ നല്‍കിയത്. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച കോടതി വിധി പറഞ്ഞേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് 18ലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. അന്ന് പ്രോസിക്യൂഷന്‍ നിരത്തിയ ശക്തമായ വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അതുകൊണ്ടു തന്നെ ഇക്കുറി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്. ദിലീപിനെതിരെ വേണ്ടത്ര തെളിവുകള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയാത്തതാണ് കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചതെന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ചൊവ്വാഴ്ചയ്ക്കകം കൂടുതല്‍ തെളിവുകല്‍ ലഭിക്കുകയാണെങ്കില്‍ അത് ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. ദിലീപിന്  ജാമ്യം കിട്ടിയാല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നും പൊലീസ് കരുതുന്നു.

കേസിലെ പുതിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തി പ്രശസ്ത അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ഇത്തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സിനിമാ മേഖലയില്‍ നിന്ന് തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നതാണ് ദിലീപിന്റെ പുതിയ വാദം. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ്, മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസിനെയും ഈ ഗൂഢാലോചനക്കാര്‍ സ്വാധീനിച്ചുവെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. നേരത്തേ മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണ് ദിലീപിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്. എന്നാല്‍ രണ്ടു തവണയും ജാമ്യ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബി രാമന്‍ പിള്ളയെ അഭിഭാഷകനാക്കിയത്.

ജുലൈ 24നാണ് ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങളാണ് അന്ന് ദിലീപിന് തിരിച്ചടിയായത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒളിവില്‍ പോയ ഡ്രൈവര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യഹര്‍ജി തള്ളിയത്.

അതേസമയം ആദ്യത്തെ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്താത്ത കൂടുതല്‍ ആരോപണങ്ങള്‍ പുതിയ ജാമ്യാപേക്ഷയില്‍  ഉന്നയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലുള്ളവരെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണിതത്രേ. ഇത് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കിയിരിക്കുന്നുവെന്നും സൂചനയുണ്ട്. കേസില്‍ നിലവിലെ സാഹചര്യം നേരത്തേയുള്ളതില്‍ നിന്നും വ്യത്യസ്തമാണെന്ന് ദിലീപ് വാദിക്കുന്നു. പ്രോസിക്യൂഷന്‍ മമ്പ് നിരത്തിയ രണ്ടു വാദങ്ങളും ഇപ്പോള്‍ ദുര്‍ബലമാണ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചതായാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ മൊഴി നല്‍കിയത്. അപ്പുണ്ണിയാവട്ടെ ഒളിവ് ജീവിതം അവസാനിപ്പിച്ച് അന്വേഷണ സംഘത്തിനു മുന്നിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി പി. സന്ധ്യയ്‌ക്കെതിരെയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയുമുള്ള പരാമര്‍ശങ്ങള്‍ പുതിയ ജാമ്യാപേക്ഷയിലുണ്ട്. സന്ധ്യയ്ക്ക് മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് ദിലീപ് ആരോപിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ സന്ധ്യ ഓഫ് ചെയ്തതായും ദിലീപ് ആരോപിക്കുന്നുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്റെ വാദം ദിലീപ് തള്ളിയിരിക്കുന്നു. കത്ത് കിട്ടിയ ദിവസം തന്നെ വാട്‌സ് ആപ്പ് വഴി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയതായി ദിലീപ് പറയുന്നു. വാട്‌സ് ആപ്പ് സന്ദേശം കിട്ടിയതായി ബെഹ്‌റ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പരാതിയായി കാണാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. 

സിനിമരംഗത്തെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്. പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് പള്‍സര്‍ സുനി വിളിച്ച വിവരം 20 ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് പോലീസിനെ അറിയിച്ചത് എന്നതാണ് അറസ്റ്റിനു പ്രധാന കാരണമായി പോലീസ് നിരത്തിയത്. എന്നാല്‍, ഏപ്രില്‍ പത്താം തീയതി നാദിര്‍ഷയ്ക്ക് രണ്ടാമത്തെ കോള്‍ വന്നപ്പോള്‍ തന്നെ ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഈ വിവരം അറിയിച്ചിരുന്നതായി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയെ ഇത്തവണയും പ്രോസിക്യൂഷന്‍ ശക്തമായി തന്നെ എതിര്‍ക്കും. പീഡനം ചിത്രീകരിച്ച ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകരുടെ വാദം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക. ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതോടൊപ്പം അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അയാള്‍ക്കെതിരെയുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ശ്രീകുമാര്‍ മേനോനെ കുറിച്ച് മൊഴി നല്‍കിയപ്പോള്‍ ക്യാമറ ഓഫ് ചെയ്തുവെന്ന ദിലീപിന്റെ വാദത്തെ പ്രോസിക്യൂഷന്‍ ഖണ്ഡിക്കും. ചോദ്യം ചെയ്യല്‍ മുഴുവനായി വീഡിയായി പകര്‍ത്തിയിട്ടുണ്ടെന്നും മഞ്ജു വാര്യരെക്കുറിച്ചും ശ്രീകുമാര്‍ മേനോനെക്കുറിച്ചും ദിലീപ് പറഞ്ഞ കാര്യങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിക്കും. ഇനി ചൊവ്വാഴ്ചയും ജാമ്യം കിട്ടിയില്ലെങ്കില്‍ ഓണാവധി കഴിഞ്ഞാകും പുതിയ ഹര്‍ജി നല്‍കുക. പുതിയ ബെഞ്ചാകും തുടര്‍ന്നു ഹര്‍ജി പരിഗണിക്കുക.




ദിലീപിന് ഇന്നും ദുഖവെള്ളി; ജാമ്യപ്രതീക്ഷ ചൊവ്വാഴ്ചയിലേയ്ക്ക് നീളുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക