Image

ഗന്ധര്‍വ സംഗീതത്തിന്റെ വിരഹ വേദന

എ.എസ് ശ്രീകുമാര്‍ Published on 18 August, 2017
ഗന്ധര്‍വ സംഗീതത്തിന്റെ വിരഹ വേദന
തന്റെ ഓരോ ഗാനത്തെയും ആത്മാവിഷകാരമാക്കിയ ഗന്ധര്‍വ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് (ആഗസ്റ്റ് 18) ആറ് വര്‍ഷം. മലയാള സിനിമാ സംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മധുര മനോജ്ഞമായ മെലഡികള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത പ്രതിഭയും ഭാവ സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത ദേവശില്‍പിയുമാണ് അദ്ദേഹം. തൃശൂരിലെ നെല്ലിക്കുന്നില്‍ സംഗീതോപകരണങ്ങള്‍ വായിച്ച് വളര്‍ന്ന്, വോയ്‌സ് ഓഫ് ട്രിച്ചൂറിലെ മ്യൂസിക് കണ്ടക്ടറായി, ദേവരാജന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ സിനിമയിലെത്തിയ ജോണ്‍സണ്‍ 'ഇണയത്തേടി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നെ ആ പ്രതിഭയില്‍ നിന്നും സംഗീത പ്രേമികളുടെ കാതുകളിലേക്ക് മെലഡികളുടെ നിലയ്ക്കാത്ത സ്വരരാഗ ഗംഗാ പ്രവാഹമായിരുന്നു.

യേശുദാസിനും ജാനകിയമ്മക്കും ചിത്രക്കും എം.ജി ശ്രീകുമാറിനും ജയചന്ദ്രനും മാത്രമല്ല, നവാഗതര്‍ക്ക് വരെ ആ ഈണം തണലായി. പത്മരാജന്‍ സിനിമകളുടെ അവിഭാജ്യഘടകമായിരുന്നു ജോണ്‍സണ്‍ സംഗീതം. മൂന്നൂറിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ശില്‍പി, താഴ്വാരം, മണിച്ചിത്രത്താഴ്, തൂവാനത്തുമ്പികള്‍, സുകൃതം തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതവും മികവുറ്റതാക്കിയപ്പോള്‍ തേടിയെത്തിയത് ദേശീയപുരസ്‌കാരമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍. മലയാള സിനിമാ സംഗീത സംവിധായകരില്‍ ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോണ്‍സണ്‍. 1994, 1995 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ദേശീയ പുരസ്‌കാരം ലഭിച്ചു. 1994ല്‍ 'പൊന്തന്‍മാട' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് പുരസ്‌കാരം ലഭിച്ചപ്പോള്‍, 1995ല്‍ 'സുകൃതം' എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് നേടിയത്.

സംവിധായകരായ ഭരതനും പത്മരാജനും സത്യന്‍ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതല്‍ സംഗീതം നല്‍കിയ ജോണ്‍സണ്‍ മാസ്റ്റര്‍, 1953 മാര്‍ച്ച് 26ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി-മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ജോണ്‍സണ്‍ പാശ്ചാത്യ ശൈലിയില്‍ വയലിന്‍ അഭ്യസിച്ചു. 1968ല്‍ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകന്‍ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകന്‍ ജി. ദേവരാജന് പരിചയപ്പെടുത്തിയത്.

ദേവരാജന്‍ മാസ്റ്ററുടെ സഹായത്താല്‍ 1974ല്‍ ജോണ്‍സണ്‍ ചെന്നൈയിലെത്തി. 1978ല്‍ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 1981ല്‍ ആന്റണി ഈസ്റ്റുമാന്റെ സംവിധാനത്തില്‍ സില്‍ക്ക് സ്മിത നായികയായി അഭിനയിച്ച 'ഇണയെത്തേടി' എന്ന സിനിമയിലെ ഗാനങ്ങള്‍ക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്.  ജോണ്‍സന്റെ എന്നപോലെ സില്‍ക്ക് സ്മിതയുടെയും അരങ്ങേറ്റചിത്രമായിരുന്നു ഇത്. വെട്ടിത്തിളങ്ങുന്ന ഗ്ലാമറിന്റെ പാതയിലൂടെയുള്ള സ്മിതയുടെ പ്രയാണം ചെന്നവസാനിച്ചത് അവരുടെ ദുരന്തമരണത്തിലാണ്. ഇണയെത്തേടിക്ക് പിന്നാലെ ഭരതന്റെ 'പാര്‍വതി' എന്ന ചിത്രത്തിനാണ് ഈണം നല്കിയത്. പിന്നീട് കൈതപ്രം, സത്യന്‍ അന്തിക്കാട്, പത്മരാജന്‍ എന്നിവരോടൊപ്പമുള്ള ജോണ്‍സന്റെ പ്രവര്‍ത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജന്‍ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), നൊമ്പരത്തിപ്പൂവ് (1987), അപരന്‍ (1988), ഞാന്‍ ഗന്ധര്‍വന്‍ (1991) എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം സംഗീത രാജാവയി.

മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഈ തൃശ്ശൂര്‍ക്കാരന്‍ സൃഷ്ടിച്ച ഈണങ്ങളെ ഒഴിച്ചുനിര്‍ത്തി നമ്മുടെ സിനിമാ ചരിത്രമെഴുതാന്‍ ആര്‍ക്കും കഴിയില്ല. മുഖ്യധാരാ സിനിമ മാത്രമായിരുന്നില്ല ജോണ്‍സന്റെ തട്ടകം. സമാന്തര സിനിമയിലും 'ആര്‍ട്ട്' സിനിമയിലുമെല്ലാം ജോണ്‍സന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. പശ്ചാത്തല സംഗീതത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെല്ലാം  അദ്ദേഹം തിരുത്തിയെഴുതി. രണ്ടു തവണ ദേശീയ അവാര്‍ഡ് ജോണ്‍സണു നേടിക്കൊടുത്തതും പശ്ചാത്തലസംഗീത സംവിധാനത്തിലെ ഈ മികവുതന്നെ. 1978ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തില്‍ തുടങ്ങുന്നു റീറെക്കോഡിങ്ങില്‍ ജോണ്‍സന്റെ അശ്വമേധം. അതുകഴിഞ്ഞ് തകരയും ചാമരവും. ദേവരാജന്‍, അര്‍ജുനന്‍, എ.ടി ഉമ്മര്‍ എന്നിവരുടെ ഓര്‍ക്കസ്ട്ര അസിസ്റ്റന്റ് എന്ന റോളിലും തിരക്കായിരുന്നു അക്കാലത്ത് ജോണ്‍സണ്. അനിവാര്യമായ മരണത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന മലയാള ചലചിത്ര സംഗീതത്തിനു മെലഡിയുടെ ഇന്ദ്രജാലസ്പര്‍ശത്താല്‍ ജോണ്‍സണ്‍ പുതുജീവന്‍ പകര്‍ന്നു. സിനിമാഗാനങ്ങളില്‍ കാവ്യാംശത്തിനു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു. ആ സംഗീത വിസ്മയം വിട്ടുപിരിഞ്ഞിട്ടും ഗൃഹാതുരത്വമുയര്‍ത്തുന്ന ഈണങ്ങള്‍ നമ്മുടെ ഹൃദയത്തെ നനച്ചുകൊണ്ടേയിരിക്കുന്നു.

ദുരന്തങ്ങള്‍ വിടാതെ വേട്ടയാടിയ കുടുംബമാണ് ജോണ്‍സന്റേത്. അച്ഛന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും സംഗീതോപാസനയിലൂടെ അച്ഛനത്തെന്നെ വീണ്ടെടുക്കുകയായിരുന്നു പ്രിയ മകള്‍ ഷാന്‍. അച്ഛനു പിന്നാലെ അനുജനെയും വിധി ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി തളര്‍ന്നു. അമ്മയോടൊത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമമായിരുന്നു പിന്നീട്. പാട്ടുകള്‍ ജനകീയമായി നിന്ന കാലത്താണ് രോഗബാധിതനായി ജോണ്‍സണ്‍ പിന്‍വലിഞ്ഞത്. വിഷാദരോഗത്തില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടു. രോഗാവസ്ഥയിലെല്ലാം കുടുംബത്തിനൊപ്പം തന്നെയായിരുന്നു. തിരിച്ച് സംഗീതലോകത്ത് സജീവമാകാനിരിക്കെ 2011 ആഗസ്റ്റ് 18ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്‍പത്തിയെട്ടാം വയസ്സിലാണ് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടില്‍ വച്ച് അമലയാള ചലച്ചിത്ര ലോകത്തിന് ജോണ്‍സണ്‍ മാസ്റ്ററിനെ നഷ്ടമാകുന്നത്. തൊട്ടടുത്ത വര്‍ഷം മകന്‍ റെന്‍ ജോണ്‍സണ്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

ദുരിതം വിടാതെ പിന്തുടര്‍ന്ന ജീവിതം. അതിന് ഷാനിലൂടെ സംഗീതം ദിവ്യൗഷധമാവുകയായിരുന്നു. മകള്‍ പിന്നണി ഗായികയായും സംഗീത സംവിധായികയായും വളരാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍സന്റെ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണെന്ന് സംഗീതലോകം ആശ്വസിച്ചു. തൃശൂരിലെ ജോണ്‍സണ്‍ സംഗീത നിശകളിലെല്ലാം ഷാന്‍ പാടുകയും സംഗീത ലോകത്തെ അച്ഛന്റെ ഇരിപ്പിടത്തോട് ചേര്‍ന്ന് ഒരിടം കണ്ടത്തെുകയും ചെയ്തു.  തൃശൂരിലെ ചലച്ചിത്ര സംവിധായകരും നടീനടന്മാരും സംഗീതജ്ഞരുമെല്ലാം ചേര്‍ന്ന് സംഗീതനിശകള്‍ നടത്തി. അതിലെ വരുമാനം ദുരിതക്കയത്തിലാണ്ട ജോണ്‍സന്റെ കുടുംബത്തിന് താങ്ങായി. പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജോണ്‍സണ്‍ പോയതു പോലെ വരികളും ഈണങ്ങളും വഴിയിലിട്ടാണ് ഷാനും യാത്ര പറഞ്ഞത്.

ജോണ്‍സണ്‍ പാതിവഴിയില്‍ നിര്‍ത്തിയ സംഗീതം പൂരിപ്പിച്ച് തുടങ്ങിയ മകള്‍ ഷാന്‍, അച്ഛന്റെയടുത്തേക്ക് മടങ്ങിയത് സംഗീത ലോകത്തെ ഞെട്ടിച്ചു. മകള്‍ കൂടി വിട പറഞ്ഞപ്പോള്‍ മലയാള സംഗീത ശാഖയില്‍ ജോണ്‍സന്റെ നഷ്ടമുണ്ടാക്കിയ വിടവിന് അകലമേറി. പാട്ടിന്റെ പൂമരമായിരുന്ന ജോണ്‍സണ്‍ കടന്നു പോയതു പോലെ മകള്‍ ഷാനും വരികളും ഈണവും അപൂര്‍ണമാക്കി യാത്രയാവുകയായിരുന്നു.

ഒരു ഓര്‍മപ്പാട്ടിലേയ്ക്ക്...''എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു...'' എന്നു തുടങ്ങുന്ന ഗാനം ജോണ്‍സണ്‍ മാസ്റ്ററുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ഈ ഗാനം യേശുദാസിന്റെ ശബ്ദത്തിന്റെ അഗാധതല സ്പര്‍ശങ്ങളോടെ വിരഹത്തിന്റെയും ദുഖത്തിന്റെയും ഘനഭാവമായി ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. മണ്‍മറഞ്ഞ പ്രിയ കവി ഒ.എന്‍.വിയുടെ ഭാവന കൂടു വിട്ടു പറന്നുയരുന്നത് നമ്മള്‍ ഈ ഗാനത്തില്‍ അനുഭവിച്ചറിയുന്നു.

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറി പറന്നു വന്നു
പൊന്‍ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു
സ്‌നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു
പൂവിന്‍ ചൊടിയിലും മൗനം
ഭൂമി ദേവി തന്‍ ആത്മാവില്‍ മൗനം
വിണ്ണിന്റെ കണ്ണുനീര്‍ത്തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൗനം...

ഈ ഗാനം ആസ്വദിക്കുമ്പോള്‍, വരികളും ഈണവും ഗായക ശബ്ദവും സംഗീത പ്രേമികളെ മഥിക്കുക തന്നെ ചെയ്യും. ഒരു ഗാനം തന്നെ ഒരേ സമയം ദുഖ ഗാനവും സന്തോഷ ഗാനവും ആവുകയാണ് നമുക്ക്.


ഗന്ധര്‍വ സംഗീതത്തിന്റെ വിരഹ വേദന
Join WhatsApp News
Auseppachen 2017-08-21 18:09:13
ആടിനെ പട്ടിയാക്കാൻ ഈ കമന്റ് ഇട്ട ഉടനെ തലക്കെട്ട് അങ്ങ് മാറ്റി.. നന്നായി.. 
പുരോഗമനമുണ്ട്.. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക