Image

കാക്ക (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 18 August, 2017
കാക്ക (കവിത: ഫൈസല്‍ മാറഞ്ചേരി)
നീല വിഹായസ്സിലേക്ക് പറക്കുവാന്‍ എനിക്കുമോഹം
എന്റെ വിഹായസ്സിനതിരുകള്‍ തീര്‍ത്തതാര്
എന്റെ ചിറകുകള്‍ക്ക് കുരുക്ക് തീര്‍ക്കുന്നതാര്
ഞാന്‍ വര്‍ണ്ണ ചിറകുകള്‍ ഇല്ലാത്ത വെറും കറുത്ത കാക്ക
എനിക്ക് മുകളില്‍ അതിരുകളില്ലാതെ പരുന്തുകള്‍ പറന്ന് നടക്കുന്നു

നീതിയുടെ വിലക്കുകള്‍ പരുന്തുകളെ അലട്ടുന്നില്ല
പാവമാം എന്റെ ചിറകുകളിലേക്ക് മാത്രം ചാട്ടുളി നീണ്ടു വരുന്നു
എന്നും വിലക്കുകളിലും ആട്ടി അകറ്റലിലും മനം നൊന്ത ജീവിതം
ഒരിക്കല്‍ ഞാന്‍ പറക്കും പരുന്തുകള്‍ക്കും മീതെ
ചിറകരിഞ്ഞു മൃത്യു വരിച്ചാലും എനിക്കും പറക്കണം ഈ നീല വിഹായസ്സില്‍ സ്വാതന്ത്ര്യമോടെ !
Join WhatsApp News
സമ്പാദകൻ -വിദ്യാധരൻ 2017-08-19 07:41:16
കൊമ്പിലെ തന്റെ കൂടിന്നരികിലിരുന്ന് ചിറകുകൾ മിനുക്കുകയായിരുന്നു കാക്ക. പരിഹാസസ്വരത്തിൽ ചിലച്ചുകൊണ്ട് കൂട്ടിനരികിൽ വന്നിരുന്ന പെൺകുയിൽ അവളോടു പറഞ്ഞു 
"നിങ്ങൾ കാക്കകൾ വലിയ മണ്ടന്മാരാണ്.! "
എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് കാക്കയെ അവിടെനിന്നകറ്റിയിട്ടു വേണമായിരുന്നു അവൾക്ക് കാക്കക്കൂട്ടിൽ മുട്ടയിടാൻ. ഒട്ടും ദേഷ്യപ്പെടാതെ കാക്കപറഞ്ഞു പക്ഷികളിലേറ്റവും ബുദ്ധിമാന്മാരാണു ഞങ്ങൾ എന്നെല്ലാവർക്കുമറിയാം. മനുഷ്യർക്കിടയിൽ പോലും ഞങ്ങളുടെ ബുദ്ധിയും സാമർത്ഥ്യവും പ്രസിദ്ധമാണ്. ഞങ്ങളുടെ മുട്ട കട്ടു തിന്നുക പതിവാക്കിയ സർപ്പത്തെ കൊല്ലാൻ രാജകുമാരുയുടെ മാലയെടുത്ത് പാമ്പിൻ മാളത്തിൽ കൊണ്ടിട്ടതും, കൂജയിലെ ജലനിരപ്പുയർത്താൻ കല്ലു പെറുക്കിയിട്ടതും മൊക്കെ മനുഷ്യർക്കിടയിൽ പ്രസിദ്ധമാണ്. 
ചിരിയല്പം കോട്ടി പരിഹാസ സ്വരത്തിൽ കുയിൽ പറഞ്ഞു "പഴങ്കഥകൾ "
തന്റെ കൂടിനു നേരെ അഭിമാനപൂർവ്വം നോക്കിക്കൊണ്ട് കാക്ക തിരിച്ചടിച്ചു. "ഞങ്ങൾ കാലത്തിനനുസരിച്ച് ജീവിത ശൈലിപോലും മാറ്റുന്നവരാണ്. നിനക്കറിയാമോ ഞങ്ങളിപ്പോൾ ചെമ്പുകമ്പിയും വയറും ഉപയോഗിച്ചാണ് കൂടുകൾ പണിയുന്നത്."
സ്വന്തം കൂട്ടിൽ അന്യരിട്ട മുട്ടതിരിച്ചറിയാതെ സ്വന്തം മക്കളെപ്പോലും അവഗണിച്ച് അന്യന്റെ മക്കളെപ്പോറ്റി വിഡ്ഢികളാകുന്ന നിങ്ങളുടെയൊരു തച്ചുശാസ്ത്രം എനിക്കുകേക്കണ്ട...കുയിൽ വിടാൻ ഭാവമില്ലായിരുന്നു.
കാക്ക ശാന്തമായി പ്രതിവചിച്ചു
" വിഡ്ഢിക്കുയിലേ മക്കളെയുണ്ടാക്കി അന്യന്റെകൂട്ടിലുപേക്ഷിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന നിങ്ങളുടെ വംശം നിലനിർത്താൻ തമ്പുരാൻ ഞങ്ങളെ നിയോഗിച്ചത് ഞങ്ങളെ അതിനു കൊള്ളാമെന്നു കണ്ടിട്ടാണ്. എന്നിട്ട് ഞങ്ങളുടെ ത്യാഗത്തെ നീ പരിഹസിക്കുന്നോ.... 
ഞങ്ങൾക്കറിയാം ഞങ്ങളുടെ മക്കൾ ഞങ്ങളെ വെറുക്കുമെന്നും പോറ്റുമക്കൾ പറക്കമുറ്റിയാൽ പരിഹസിച്ചുകൊണ്ടു പറന്നകലുമെന്നും. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിയോഗം പൂർത്തീകരിക്കുന്നു. അതാണെടീത്യാഗം.
കുയിലിനുത്തരം മുട്ടി എന്തൊക്കെയോ ചിലച്ചുകൊണ്ടവൾ പറന്നകന്നു. മറ്റൊരുകാക്കൂടു തേടി...
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക