Image

നിര്‍വിഷാദം (കവിത: ജയന്‍ വര്‍ഗീസ്)

Published on 18 August, 2017
നിര്‍വിഷാദം (കവിത: ജയന്‍ വര്‍ഗീസ്)
മാറുന്നു,
ജീവിത താളം,
പല്‍ ചക്രങ്ങള്‍
തേയുന്നു, ഘര്‍ഷണ
വേഗം സ്പുലിംഗമായ്
ത്തീരുന്നു, നാളെ
ശവക്കുഴി തീര്‍ക്കും
ചുവപ്പില്‍ ഞാ
നെന്നെ യടക്കുന്നു,
കാലമേ,
നിന്റെയീ സ്വപ്നം
പൊലിഞ്ഞു പോകുന്നൂ,
ഞാന്‍
ഉണ്ടായിരുന്നതായ്
ആരറിയുന്നു?

നീല നിലാവിന്റെ
മാറിലെയുന്മാദ മൂര്‍ച്ച,
മതിഭ്രമ നിശ്വാസം,
സ്വപ്നങ്ങള്‍
ചാലുകള്‍ കീറിയ
ജീവിതം,
വ്യര്‍ഥമാ മേതോ നിഗൂഡത
ചൂഴുന്ന താഴ്വര
യെന്റെ മോഹങ്ങള്‍
മരിക്കുന്നു!
കാലമേ,
നിന്റെയീ സ്വപ്നം
പൊലിഞ്ഞു പോകുന്നൂ
ഞാന്‍,
ഉണ്ടായിരുന്നതായ്
ആരറിയുന്നു?

എന്റെയഹത്തിന്റെ
യോരോ കണികയും,
മണ്ണിലലിഞ്ഞലി,
ഞ്ഞില്ലാതെയായി ഞാ
നെന്ന വെറും മിഥ്യ,
കാലമാം കായലി
ലാരോ കലക്കിയ
കായം, രുചിക്കുവാ
നൊന്നുമില്ലെന്റെ
തലച്ചോറില്‍ പൊന്തിയ
പൊന്‍ മുകുളങ്ങള്‍
കുമിളകള്‍!
ഒക്കെയും മായുന്നവകളില്‍
പൂത്ത വൈഡ്യൂരം പ്രപഞ്ചം,
നിമിഷാര്‍ദ്ധ സ്വപ്നങ്ങളെ
വിട,
വീണടിയട്ടെ ഞാന്‍!
Join WhatsApp News
വിദ്യാധരൻ 2017-08-19 05:54:43
എനിക്കറിയില്ല 
ഞാൻ എവിടെ നിന്ന് 
വന്നുവെന്നും 
എവിടേക്കു 
പോകുന്നുവെന്നും 
പക്ഷെ 
'ഇന്ന്' എനിക്കായി 
നീട്ടി തരുന്ന 
ചഷകത്തിൽ നിന്ന് 
മുന്തിരി ചാർ കുടിച്ച് 
ഞാൻ ഉന്മത്തനാകട്ടെ 
ഇന്നലകളെക്കുറിച്ച് 
ഞാൻ ആലോചനാമഗ്നനല്ല 
നാളെയെക്കുറിച്ചു ദുഖിതനുമല്ല 
'ഇന്ന് " ഒരു മുഗ്ദ്ധ മോഹിനിയായി 
എന്റെ മുന്നിൽ നിൽക്കുമ്പോൾ 
ഞാൻ 'നിർവിഷാദ'നുമല്ല 
അവളുടെ ആശ്ലേഷനങ്ങളും 
താഡനങ്ങളിലും ഞാൻ 
ആനന്ദം കണ്ടെത്തുന്നു 
ഹാ ! എന്റെ ഇന്ന് 
അസ്തമിക്കാതിരുന്നെങ്കിൽ 
എന്ന് ഞാൻ വൃഥാ മോഹിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക