Image

പൊന്നോണമായ്.. (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 20 August, 2017
പൊന്നോണമായ്.. (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കൂണുപോലുള്ള കുടിയിലിന്നെന്‍ പ്രിയര്‍ കാണും
കിനാക്കള്‍ പതിരാണതെങ്കിലും
നൊടിയില്‍വന്നോണപ്പുടവ നല്‍കീടുവാ-
നോണമിന്നോടിയണയുന്നു പിന്നെയും.
തുയിലുണര്‍ന്നീടുമീയെന്‍ ഗ്രാമവാടിയി-
ലിന്നുംതളിര്‍ക്കുമാ സ്മരണതന്‍ പുലരിയില്‍
തെളിയുന്നറിയാതെയെങ്കിലും ശാലീന-
പൊന്നോണമേ; നിന്നഴകിന്‍ തുടിപ്പുകള്‍.
സുകൃത ചിത്തങ്ങളുണര്‍ത്തുന്നുദാരമാം
ഹരിതകാലത്തിന്റെയാരമ്യ നാള്‍വഴി
താന്തമായ് തീര്‍ന്നു ഗ്രാമങ്ങളിന്നെങ്കിലും
സ്മൃതികൂജനങ്ങളായ് മാറുന്നതിന്‍ മൊഴി.
കുളിര്‍മയോടോരോ പ്രഭാതങ്ങളാദിത്യ-
നന്‍പോടെ ചേര്‍ത്തണയ്ക്കുന്നതിന്‍ നിര്‍വൃതി നുകരുന്നു; പകരമായിതരര്‍ക്കുണര്‍വ്വിന്റെ-
യതിമോദ വര്‍ണ്ണങ്ങളേകുന്നു കൈരളി.
മതിലുകളില്ലാത്ത ലോകത്തുപാര്‍ക്കുവോ-
നെത്തുന്നലിവിന്‍ പ്രതിരൂപമാം
-ബലി പക്ഷെ-യിപ്പാരിടം പകരുന്നതിപ്പൊഴായ് സപ്തവര്‍ണ്ണങ്ങള്‍മായ്ച്ചീടുന്നതാം-ബലി.
ഒരു പൂവുണരുംവിധ,മിതര ഹൃത്തില്‍നാം നിറയണം
നിര്‍മ്മല സ്‌നേഹം ചൊരിയണം
നിസ്വാര്‍ഥമായപരര്‍ക്കാര്‍ദ്ര ചിന്തയാല്‍
പകരുവാനാകണം കനിവിന്റെ തേന്‍കണം.
പൂണ്യപൂക്കാലമായ് മാറട്ടെ ജീവിത-
മെന്നുണര്‍ത്തീടുമെന്നോണമേ,യെങ്കിലും;
നിന്നാര്‍ദ്രചിന്തയാലറിയുന്നു മലയാള;
മലിവിന്‍ വഴികള്‍ തെളിച്ച നിന്‍ തേന്മൊഴി.
നിറമേഴുമൊഴുകിവന്നെത്തും കളങ്ങളില്‍
നിറയട്ടെ വീണ്ടുമാ നന്മതന്‍ പൂവിളി
തുടരട്ടെയോരോ മനസ്സിലും സ്മൃതികളാ-
യുണരും പുലരിപോലെളിമതന്‍ പുഞ്ചിരി.
Join WhatsApp News
വിദ്യാധരൻ 2017-08-20 16:01:55
ആർക്കു കേൾക്കണം ആർക്കു കേൾക്കണം
നിന്റ കവിത ആൺകുയിലെ? 
'ഹരികുമാറിന്റെ' കവിതയിലാണെല്ലാർക്കും 
ഹരംമെന്നു ചൊല്ലുന്നു പി. എച്ച്. ഡി. കൾ 
കണ്ടെത്തും എല്ലാരും ആഞ്ഞു കുഴിക്കുകിൽ 
പണ്ടെങ്ങും കാണാത്ത പവിഴമെന്നു ചൊല്ലുന്നവർ 
കുത്തികുഴിച്ചു ഞാൻ കീഴോട്ടു പോയപ്പോൾ 
കേട്ട് ഞാൻ നിന്റെയാ കാകളികൾ
ആരോരും കാണാത്ത ഹരികുമാറിന്റെ 
പവിഴം ഞാൻ തേടി കുഴിച്ചിടുമ്പോൾ
ഒന്ന് തിരിഞ്ഞു ഞാൻ നോക്കിയെന്നാലും 
കൂരിരുട്ടാണിവിടെ ചുറ്റുപാടും 
ഇല്ലെനിക്കാവില്ല മുന്നോട്ടു പോകുവാൻ
ഓടുന്നുടൻ ഞാൻ പിൻ തിരിഞ്ഞ് 
ഒള്ളത് കൊണ്ടു ഞാൻ ഓണം ഉണ്ടോളാം 
വേണ്ടെനിക്കിനി ആ പവിഴമുത്തു 
പാടുക പാടുക ആൺ കുയിലേ നീ 
മധുരമോടെ നിന്റെ ഓണപ്പാട്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക