Image

ഭീകരവാദവും മതബന്ധങ്ങളും (ജോണ്‍ മാത്യു)

Published on 20 August, 2017
ഭീകരവാദവും മതബന്ധങ്ങളും (ജോണ്‍ മാത്യു)
ശ്രീ. അബ്ദുള്‍ പുന്നയൂര്‍ക്കുളം എഴുതിയ "ഇസ്ലാം എന്തുകൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു' എന്ന ലേഖനത്തിനുള്ള പ്രതികരണമാണിത്. അദ്ദേഹത്തിന്റെ വാദഗതികള്‍ എല്ലാം ചര്‍ച്ചക്ക് വിധേയമാക്കുന്നതിനു പകരം ഒന്നോ രണ്ടോ കാര്യം മാത്രമാണിവിടെ കണക്കിലെടുക്കുന്നത്. അതായത് : "ഇസ്ലം മതവും ഭീകരവാദ'വും ഒന്നല്ല, പിന്നെ മാധ്യമങ്ങളുടെ പക്ഷപാതപരമായ പെരുമാറ്റവും. ഇസ്ലാം മതത്തെപ്പറ്റി ആധികാരികമായി പറയാന്‍ അദ്ദേഹത്തിനു അറിവില്ലെന്ന തരത്തിലാണ് ലേഖനത്തിന്റെ തുടക്കം. ശരിയാണ്, ഇവിടെ ആരുടെയെങ്കിലും കീശയിലാണോ "പരമസത്യം'?

ലിബറല്‍ വശത്തുനിന്നാണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്. മറ്റുള്ളവരുടെ മത-സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കഴിയുന്നതും മനസ്സിലാക്കുക, മുന്‍വിധിയില്ലാതെ പ്രശ്‌നങ്ങളെ സമീപിക്കുക ഇതെല്ലാമാണ് ലിബറല്‍ ചിന്ത. സ്വതന്ത്രരാജ്യങ്ങളിലെ മാധ്യമങ്ങള്‍ ലിബറലാണ്, അതുതന്നെ പലര്‍ക്കും ദഹിക്കുന്നുമില്ല. സ്വതന്ത്രജനാധിപത്യങ്ങളിലെ സ്ഥാപനങ്ങളെ ശത്രുതാമനോഭാവത്തോടെയാണ് ഏകാധിപതികളും "വണ്‍വേ ട്രാഫിക്കുകളായ' മതങ്ങളും കാണുന്നത്. തുറന്ന മനസ്സോടെ, ഒരു വിവേചനവുമില്ലാതെ, ഇസ്ലാമിക സമൂഹത്തെയും അവരുടെ ദൈവവിശ്വാസത്തെയും ചര്‍ച്ച ചെയ്യുന്നവയാണ് ഈ ലിബറല്‍ സ്ഥാപനങ്ങളെന്ന കാര്യം മറക്കരുത്. മാധ്യമങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ.

ഇസ്ലാം സമൂഹത്തിനും ഒരു സുവര്‍ണ്ണകാലമുണ്ടായിരുന്നു, എട്ടു മുതല്‍ ഏതാണ്ടു പതിനഞ്ചാം നൂറ്റാണ്ടുവരെ. അക്കാലത്താണ് ശാസ്ത്രം, സാമ്പത്തികം, പ്രത്യേകിച്ച് ബീജഗണിതം തുടങ്ങിയ രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ അവര്‍ നല്‍കിയത്. ഗണിതശാസ്ത്ര രംഗത്ത് പാശ്ചാത്യലോകത്തിന് ഭാരതീയ ചിന്തകളെ പരിചയപ്പെടുത്തിയത് അറബികളായിരുന്നു. എന്നാല്‍ മുഗളരുടെ ആക്രമണങ്ങളോടു ചേര്‍ന്ന് ഈ കാലഘട്ടം അവസാനിച്ചു.

തീവ്രവാദത്തെയും അതിന്റെ പാര്‍ശ്വഫലമായ ഭീകരതയേയും പല മതപ്രസ്ഥാനങ്ങളും മറ്റു സംഘടിത പ്രത്യയശാസ്ത്ര കക്ഷികളും ഏറിയും കുറഞ്ഞും ആശ്രയിച്ചിരുന്നു. അവയെല്ലാം എന്തോ ഒന്നു നേടിയെടുക്കാന്‍ മാത്രമായിരുന്നു, ചില്ലറ നേട്ടങ്ങളോടെ അവസാനിക്കയും ചെയ്തു. ഇതൊന്നും ഇവിടെ ന്യായീകരണമല്ല. ക്രൈസ്തവ മതത്തിന്റെയും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആശയപരമായും ചിലപ്പോള്‍ വാളെടുത്തും പൊരുതിയിട്ടുണ്ട്.

ഒരു കാര്യം ഇവിടെ എടുത്തു പറയുകയാണ്. പല സമൂഹങ്ങളിലെയും, ക്രൈസ്തവ ഹൈന്ദവ മതങ്ങളിലെയും, ആചാര്യന്മാര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനും അഥവാ ഉണ്ടായാല്‍ത്തന്നെ അതു വ്യാപകമാകാതിരിക്കാനും അങ്ങേയറ്റം ശ്രമിച്ചിരുന്നു. മനുഷ്യസഹജമായ അക്രമവാസന ആളിപ്പടരാതിരിക്കാന്‍, അത് കാലാകാലങ്ങളിലേക്ക് തുടരാതിരിക്കാനും ശ്രമിച്ചിരുന്നു. അതുപോലെ ആചാര്യന്മാരുടെ വാക്കുകള്‍ ജനം ശ്രദ്ധിച്ചുമിരുന്നു.

ഇവിടെയാണ് ലിബറലിസത്തിന്റെ പ്രസക്തി. ഒരു ലിബറല്‍ സമൂഹം ആരെയും മാറ്റിനിര്‍ത്തുന്നില്ല. ഇതേ മാനസികാവസ്ഥയോടെയാണ് ഭാരതം ഇസ്ലാമിക് ചിന്തകരെയും തുടര്‍ന്നു കടന്നുവന്നരെയും സ്വാഗതം ചെയ്തത്. എന്നാല്‍ പലപ്പോഴും ആ ബഹുമാനം മടക്കിക്കിട്ടിയിരുന്നില്ല. പിന്നീടുള്ള ചരിത്രവും ഇതിനോടനുബന്ധിച്ചുവേണം വായിക്കാന്‍. എന്തെല്ലാം പരാതികളുണ്ടെങ്കിലും ബ്രിട്ടീഷ് കാലഘട്ടത്തെയും ഈ കാഴ്ചപ്പാടില്‍ വേണം വിലയിരുത്താന്‍, അതായത് മതരംഗത്ത്. ഇരുനൂറു വര്‍ഷം അടക്കി ഭരിച്ചിട്ടും അവരുടെ "ബ്രാന്‍ഡ് മതം' ഇവിടെ വളര്‍ത്തിയെടുത്തിട്ടില്ല തന്നെ, അവരുടെ മതാധികാരം ഇന്ത്യയില്‍ തുടര്‍ന്നുമില്ല.

സര്‍വ്വശക്തനായ ദൈവത്തിനു വഴങ്ങിക്കൊടുക്കുക എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. ഇതൊരു പ്രശ്‌നമേയല്ല, ആരാണെങ്കിലും വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ഈ വഴങ്ങിക്കൊടുക്കല്‍ പ്രകൃതിനിയമമാണ്. എന്നാല്‍ മത അധികാരികള്‍ ദൈവത്തിന്റെ ശബ്ദമായി, ദൈവമായി മാറുമ്പോഴാണ് ഭീകരവാദം ഉടലെടുക്കുക. ഇസ്ലാം ഒഴിച്ചുള്ള മറ്റു മതങ്ങളിലെല്ലാം തന്നെ നിരന്തരമായ, ഏറിയും കുറഞ്ഞുമുള്ള, നവോത്ഥാനം കൊണ്ട് അധികാരവര്‍ഗ്ഗത്തിന്റെ "ദൈവികത' വെട്ടിക്കുറച്ചു.

എന്നാല്‍ ഇസ്ലാമിക ലോകത്ത് മതവും രാഷ്ട്രവും ഒന്നായി മാറിയപ്പോള്‍ വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടായി. ആയുധമേന്തിയവനെതിരെ സംസാരിക്കാന്‍ ആരും മുതിരുകയില്ല. രാഷ്ട്രം ഒരു പ്രത്യേക സങ്കല്പത്തില്‍ "ദൈവിക'മാണ്, മറ്റു മതവെളിപാടുകളെല്ലാം സാത്താനികവും! അതുകൊണ്ടാണ് ലിബറല്‍ സമൂഹത്തെ, സ്വതന്ത്ര ചിന്തയെ ഇന്നത്തെ ഇസ്ലാം മതത്തിനു അംഗീകരിക്കാന്‍ കഴിയാത്തത്. ബഹുഭൂരിപക്ഷം ഇസ്ലാമിക മതവിശ്വാസികളും ഭീകരവാദത്തിനു എതിരായിരിക്കാം, പക്ഷേ അവര്‍ക്കു ശബ്ദമില്ല തന്നെ. അവരുടെ ബുദ്ധിജീവികള്‍ക്കുപോലും!

ഇന്ത്യയിലെ ഭരണവും ഹൈന്ദവ മതവും രണ്ടാണ്, ബ്രിട്ടീഷ് ഭരണവും ക്രൈസ്തവ മതവും രണ്ടായിരുന്നു, അമേരിക്കയിലും അങ്ങനെ തന്നെ. എന്നാല്‍ ഇസ്ലാം മതത്തില്‍ അങ്ങനെയല്ല, അതുകൊണ്ട് മതവും തീവ്രവാദവും രണ്ടാണെന്ന വാദം ഇസ്ലാമിക പശ്ചാത്തലത്തില്‍ പ്രായോഗികമാകുന്നില്ല. വേദഗ്രന്ഥത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത് ശത്രുവിനെ, ആന്തരിക ശത്രുവിനെ നിഗ്രഹിക്കാനായിരിക്കാം. പക്ഷേ, അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനമാണ് തീവ്രവാദികള്‍ മുന്നോട്ടു വെക്കുന്നതെങ്കിലോ? അതേ, അതുകൊണ്ടാണ് ഇസ്ലാം സമൂഹത്തില്‍, ഇസ്ലാമിക രാജ്യങ്ങളില്‍ വിവിധ മതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്. സര്‍വ്വശക്തനായ ദൈവത്തിന്റെ സാന്നിദ്ധ്യം എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന നാടുകളില്‍, സമൂഹത്തില്‍, എന്തിന് അന്യചിന്ത? സമൂഹവും കുടുംബവും ഭരണവും മതവും അതില്‍പ്പെടുന്ന സര്‍വ്വപ്രസ്ഥാനങ്ങളും എല്ലാം ഒന്നു തന്നെ. ചരിത്രത്തില്‍ക്കൂടി അധികദൂരം പിന്നോട്ടു പോകേണ്ട, ക്രൈസ്തവരുടെ ജീവിതവും തങ്ങളുടെ പള്ളിക്കുചുറ്റും മാത്രം കറങ്ങിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന്റെ "തിരു'ശേഷിപ്പുകള്‍ ഇന്നും അവിടവിടെയുണ്ടല്ലോ.

കാലത്തിന്റെ ഒഴുക്കില്‍ എന്നെങ്കിലും ഇസ്ലാമിക് ലോകത്തിനും ഒരു നവോത്ഥാനം പ്രതീക്ഷിക്കാമോ? എന്നാല്‍, അങ്ങനെയൊന്ന് വേണ്ടായെങ്കിലോ! ദൈവചിന്തയുടെ ആദിയും അന്ത്യവും ഇതുതന്നെയെന്ന് തര്‍ക്കത്തിനു വകയില്ലാതെ വിശ്വസിക്കുന്നെങ്കിലോ! സമൂഹത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവഹിതമാണെന്ന് തറപ്പിച്ച് വിശ്വസിക്കുന്നത്, അതെങ്ങനെ തെറ്റിദ്ധാരണയാകും?
Join WhatsApp News
benoy 2017-08-22 16:45:42

A very educated and well-researched article. Mr. John Mathew’s analysis of the history of Islam is very informative. Direct confrontation with evil elements in any religion is the only way to purge it. And Mr. Mathew did that in a splendid way. Only a few people have the audacity to call a spade a spade. Most of us are so politically correct that we are afraid to point our fingers to the ills of socio-religious institutions. There are also some forms of reformation happening in Islam too. In the US there is a reformation movement called American Islamic Forum for Democracy headed and founded by Dr. Zuhdi Jasser. But those reformers are overwhelmed by the Wahabees and Salafists. Anyway, Mr. Mathew achieved his goal.


Asokan Vengassery 2017-08-24 21:24:23
Dear John Mathew,

This is an excellent article. Well balanced, non-biased and objective. My hearty congratulations!
thomas Varghese 2017-08-26 09:42:43
Very good article, John Mathew.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക