Image

സന്മനസ്സുള്ളവര്‍ക്ക് സമാധാനം (പകല്‍ക്കിനാവ്- 65: ജോര്‍ജ് തുമ്പയില്‍)

Published on 20 August, 2017
സന്മനസ്സുള്ളവര്‍ക്ക് സമാധാനം (പകല്‍ക്കിനാവ്- 65: ജോര്‍ജ് തുമ്പയില്‍)
സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന മോഹന്‍ലാല്‍ സിനിമയെ പെട്ടെന്ന് ഓര്‍ത്തു പോയതിന് ഒരു കാരണമുണ്ട്. സന്മനസ്സുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് എവിടെയാണെന്ന് അന്വേഷണം എത്തി നിന്നത് ഒരു പത്രറിപ്പോര്‍ട്ടിലാണ്. അതും കഴിഞ്ഞ ദിവസം രാവിലെ ന്യൂയോര്‍ക്ക് അപ്‌സ്റ്റേറ്റിലെ വിവരങ്ങള്‍ അറിയാന്‍ കണ്ണോടിച്ചപ്പോഴാണ് ഈ വിവരം കണ്ണിലുടക്കിയത്. അതിനും മുന്നേ, കഴിഞ്ഞ ആഴ്ചയിലൊരു ദിവസം ചെമങ് കൗണ്ടിയിലൂടെ യാത്ര ചെയ്തപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാനുള്ള ആശയം പൊന്തി വന്നത്. അതിനു കാരണമുണ്ട്. ന്യൂയോര്‍ക്കിലെ ഏറ്റവും സുരക്ഷിതമായി ഇടമാണിത്. സ്വസ്ഥം. സമാധാനം. താമസിക്കുന്നവരെല്ലാം സന്മനസ്സുള്ളവര്‍. യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത ഇടം. ഇങ്ങനെയൊരു സ്ഥലം ഭൂലോകത്തുണ്ടോയെന്ന് പോലും സംശയിച്ചു പോകും.

2016-ല്‍ എറ്റവും കുറഞ്ഞ ക്രൈം രേഖപ്പെടുത്തുന്നതിന്റെ റാങ്കിങ് പ്രകാരം ഒന്നാം സ്ഥാനത്ത് എത്തിയ സ്ഥലമാണ് ഇവിടുത്തെ ടൗണ്‍ ഓഫ് എല്‍മിറ. ഇവിടെ ആകെ ഉണ്ടായ കേസ് ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ്. 5820 പേര്‍ താമസിക്കുന്ന ടൗണില്‍ നിന്നും ഒരു വയലന്റ് ക്രൈം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പോലീസും സമ്മതിക്കുന്നു. ഇവിടെയാണ് പ്രശസ്ത സാഹിത്യകാരന്‍ മാര്‍ക്ക് ട്വയ്ന്‍ താമസിച്ചിരുന്നത്. സതേണ്‍ ടയര്‍ എക്‌സ്പ്രസ് വേ (ഇന്റര്‍‌സ്റ്റേറ്റ് 86) കടന്നു പോകുന്ന കൗണ്ടിയാണിത്. ആഷ്‌ലാന്‍ഡ് ടൗണില്‍ വച്ചാണ് ഞാന്‍ എല്‍മിറയുടെ വിശേഷങ്ങള്‍ അറിയുന്നത്. 1779-ല്‍ സള്ളിവന്റെ സൈന്യം കടന്നു പോയ സ്ഥലമാണെങ്കിലും ഇപ്പോള്‍ ഇവിടം ശാന്തം. ലോറല്‍ ആന്‍ഡ് ഹാര്‍ഡി ടിവി സീരിസിന്റെ നിര്‍മ്മാതാവ് ഹാരോള്‍ഡ് റോച്ചിന്റെ ജന്മസ്ഥലവും ഇതു തന്നെ. 1950-ലെ ജനസംഖ്യ കണക്കു പ്രകാരം 6346 പേര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 2016-ലാവട്ടെ 6691 പേര്‍ മാത്രവും. നഗരത്തിന്റെ വാര്‍ഷിക വരുമാനം 26,335 ഡോളറാണെങ്കിലും 3.1 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 0.1 ശതമാനം പേര്‍ മാത്രമേ 65 നു വയസ്സിനു മുകളില്‍ ഉള്ളവരുള്ളു. ഇപ്പോള്‍ 5820 പേരാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ക്രൈം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സൂക്ഷിക്കുന്ന നഗരമാണിത്. ഒരു തട്ടിപ്പോ, പിടിച്ചു പറിയോ, എന്തിന് ഒരു തോക്ക് ചൂണ്ടലോ, ട്രാഫിക്ക് ലംഘനം പോലും ഇവിടെ ഉണ്ടായിട്ടില്ല. ഇതാണ് യഥാര്‍ത്ഥ മാനവസംസ്കൃത സ്ഥലമെന്ന് അതിശയിച്ചാലും തരക്കേടില്ല. ഇങ്ങനെയുള്ള മറ്റു സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന അന്വേഷണമാണ് ഇപ്പോള്‍ ആദ്യ പത്ത് ക്രൈം റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലേക്ക് എത്തിച്ചത്.

ഒനിഡ കൗണ്ടിയിലെ ടൗണ്‍ ഓഫ് കിര്‍ക്ക് ലാന്‍ഡ് എന്ന സ്ഥലമാണ് ക്രൈം റാങ്കിങ്ങില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. ഇവരുടെ ക്രൈം സ്‌കോര്‍ 50 ആണ്. എന്നാല്‍ എല്‍മേറിയയിലേത് വെറും മൂന്നായിരുന്നുവെന്ന് ഓര്‍ക്കണം. ഇവിടെ വയലന്റ് ക്രൈമുകള്‍ ഒന്നും കഴിഞ്ഞ വര്‍ഷം നടന്നില്ലെങ്കിലും വസ്തു തര്‍ക്കം കാരണം 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ളത് സരട്ടോഗ കൗണ്ടിയിലെ സ്റ്റില്‍വാട്ടര്‍ ടൗണിലാണ്. ഇവിടെ 6700 പേര്‍ താമസിക്കുന്നുണ്ട്. ഇവിടെയും പ്രശ്‌നമായിട്ടുള്ളത് വസ്തു ഇടപാടുകള്‍ മാത്രം. 2015-ല്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഈ ടൗണ്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു..
ഓറഞ്ച് കൗണ്ടിയിലെ ഹൈലാന്‍ഡ്‌സ് ടൗണ്‍ ആണ് ഇപ്പോള്‍ ക്രൈം സ്‌കോര്‍ 58-മായി നാലാം സ്ഥാനത്തുള്ളത്. ഇവിടെ 8303 പേര്‍ താമസിക്കുന്നു. അതില്‍ തന്നെ പ്രോപ്പര്‍ട്ടി ക്രൈം നടന്നിട്ടുള്ളത് 12 മാത്രം. എന്നാല്‍ വയലന്റ്‌സ് മൂന്നെണ്ണം കഴിഞ്ഞവര്‍ഷം നടന്നു. അഞ്ചാം സ്ഥാനത്തുള്ള ഏരി കൗണ്ടിയിലെ ഈഡന്‍ടൗണ്‍ കഴിഞ്ഞവര്‍ഷത്തെ ഏഴാം സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 7707 പേര്‍ താമസിക്കുന്നുണ്ടെങ്കിലും പോയ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തത് വെറും ഒരു വയലന്റ് ക്രൈം മാത്രമാണ്. എന്നാല്‍ പ്രോപ്പര്‍ട്ടി ക്രൈം 25 എണ്ണം കേസാക്കി മാറ്റിയിട്ടുണ്ട്. ക്രൈം സ്‌കോര്‍ ആവട്ടെ 75 ആണ്.

പുട്‌നം കൗണ്ടിയിലെ കെന്റിലെ താമസക്കാരുടെ എണ്ണം 13366 ആണ്. ഇത്രയും പേര്‍ താമസിച്ചിട്ടും കഴിഞ്ഞ വര്‍ഷം ആകെ രണ്ടു വയലന്റ് ക്രൈം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വസ്തു ഇടപാടുകള്‍ 46 എണ്ണം കേസിലാണ് അവസാനിച്ചത്. എങ്കിലും ഈഡന്‍ടൗണ്‍ കഴിഞ്ഞ വര്‍ഷത്തെ പതിനൊന്നാം റാങ്കില്‍ നിന്ന് 81 എന്ന ക്രൈം സ്‌കോറുമായി ഇപ്പോള്‍ ആറാമതായി.
ടൗണ്‍ ഓഫ് വാട്ടര്‍ഫോര്‍ഡ് കഴിഞ്ഞ തവണ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് ക്രൈം സ്‌കോര്‍ 101-ല്‍ നില്‍ക്കേ തന്നെ അവര്‍ ഏഴാമതെത്തി. സരട്ടോഗ കൗണ്ടിയിലെ ഈ പട്ടണത്തില്‍ മൂന്നു വയലന്റ് ക്രൈം നടന്നപ്പോള്‍ വസ്തു തര്‍ക്കങ്ങള്‍ 30 എണ്ണമാണ് ഉണ്ടായത്. ഇവിടെ താമസിക്കുന്നതാവട്ടെ 8332 പേരും.

പുട്‌നം കൗണ്ടിയിലെ കാര്‍മെല്‍ ടൗണ്‍ എട്ടാം സ്ഥാനത്ത് എത്തി. അതായത് കഴിഞ്ഞ വര്‍ഷം റാങ്ക് ലിസ്റ്റായ ആദ്യ പത്തില്‍ ഉള്‍പ്പെടാതിരുന്ന നഗരമാണിത്. 157 വസ്തു ഇടപാടുകള്‍ പ്രശ്‌നം സൃഷ്ടിച്ചപ്പോള്‍ ഏഴു വയലന്റ് ക്രൈമുകള്‍ മാത്രമാണ് ഇവിടെ നിന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 34406 പേര്‍ താമസിക്കുന്നയിടമാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തുണ്ടായിരുന്ന ഓറഞ്ച് കൗണ്ടിയിലെ കോണ്‍വാള്‍ പട്ടണം ഇന്ന് ഒമ്പതാം സ്ഥാനത്തായി. ക്രൈം സ്‌കോര്‍ 116-ലേക്ക് കുതിച്ചു കയറി. 9511 പേര്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തത് 35 പ്രോപ്പര്‍ട്ടി ക്രൈമുകളും അഞ്ച് വയലന്റ് ക്രൈമുകളും. എന്നാല്‍ പത്താം സ്ഥാനത്തുള്ള ഗ്രീന്‍ കൗണ്ടിയിലെ കെയ്‌റോ പട്ടണം വന്‍ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞവര്‍ഷം ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ക്രൈം സ്‌കോര്‍ 118-ല്‍ ഒതുക്കി കൊണ്ടാണ് അവര്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയത്. 6466 പേര്‍ താമസിക്കുന്ന കെയ്‌റോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് വെറും രണ്ടു വയലന്റ് ക്രൈമുകള്‍ മാത്രം. 30 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ കേസായി കോടതിയിലായിട്ടുണ്ട്. എന്നാലും സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഈ പട്ടണങ്ങള്‍ അമേരിക്കയിലെ മറ്റു നഗരങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. ഇവിടെല്ലാം സന്മനസ്സുകള്‍ സമാധാനത്തോടെ ഉറങ്ങുന്നു. അവര്‍ക്കിടയില്‍ സ്വര്‍ഗ്ഗം നീണ്ടു നിവര്‍ന്നു കിടക്കുന്നു. നമ്മള്‍ തന്നെയല്ലേ സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നതെന്ന് ആരുമറിയുന്നില്ലല്ലോ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക