Image

ഓട്ടത്തിന്റെ വേഗ ചരിത്രത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്നും നഷ്ടക്കുതിപ്പ്

എ.എസ് ശ്രീകുമാര്‍ Published on 21 August, 2017
ഓട്ടത്തിന്റെ വേഗ ചരിത്രത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്നും നഷ്ടക്കുതിപ്പ്
കെ.എസ്.ആര്‍.ടി.സിക്ക് മലയാളികള്‍ ഇട്ട ഓമനപ്പേരാണ് ആനവണ്ടി. ഇന്ത്യയിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളില്‍ ഒന്നും പൊതു മേഖലാ സ്ഥാപനവുമായ കെ.എസ്.ആര്‍.ടി.സി അതിന്റെ തീരാശാപമായ നഷ്ടത്തില്‍ നിന്ന് ഇന്നും മുക്തി നേടിയിട്ടില്ല. ഭൂമി കൈയേറ്റ വിവാദത്തിലകപ്പെട്ട തോമസ് ചാണ്ടിയാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രി. അദ്ദേഹം ഇന്ന് നിയമസഭയില്‍ പറഞ്ഞത് കെ.എസ്.ആര്‍.ടി.സിക്ക് 3000 കോടി രൂപയുടെ കടമുണ്ടെന്നും ഒരു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ നേരേയാവുമെന്നുമാണ്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ രാജമാണിക്യം എം.ഡിയായി ചുമതലയേറ്റതോടെയാണ് കെ.എസ്.ആര്‍.ടി.സിക്ക് പുതുജീവന്‍ വെച്ചു തുടങ്ങിയത്. നിരവധി മാറ്റങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയിട്ടുള്ളത്. നഷ്ടത്തില്‍ നിന്നും കോര്‍പറേഷനെ കരകയറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നല്‍ സര്‍വീസ് തുടങ്ങിയതടക്കം നിരവധി പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്.

എന്നാല്‍ പരിഷ്‌കാരങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അടുത്തെങ്ങും നിയമനം നടത്തുന്നില്ലെന്ന സൂചന നല്‍കി കെ.എസ്.ആര്‍.ടി.സി. നഷ്ടത്തില്‍ നിന്നും കരകയറുന്നതിനായി പുതിയ പരിഷ്‌കാരങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് നിയമനത്തിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. ശരാശരി ഒരു ബസിന് 7.1 ജീവനക്കാരാണ് നിലവിലുള്ളത്. എന്നാല്‍ ഇത് 5.9 ആക്കി ചുരുക്കാനാണ് പുതിയ തീരുമാനമെന്ന് ബന്ധപ്പട്ടവര്‍ പറയുന്നു. ജീവനക്കാരുടെ പുനസംഘടനയുടെ ഭാഗമായാണ് ഈ എണ്ണം ചുരുക്കല്‍. പുതുതായി നിരത്തിലിറങ്ങുന്ന ബസുകള്‍ക്ക് ജീവനക്കാരെ കണ്ടെത്തുന്നതിനായി പി.എസ്.സി പരീക്ഷ നടത്തുന്നില്ലത്രേ.

പുതിയ 1000 ബസ്സുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി പി.എസ്.സി പരീക്ഷ നടത്തില്ല. നിലവില്‍ ഒരു ബസിന് 7.1 ജീവനക്കാരാണ്. എന്നാല്‍ ഇതില്‍ കുറവ് വരുത്തുന്നതോടെ ബാക്കി വരുന്ന ജീവനക്കാരെയാണ് പുതിയതായി നിരത്തിലിറങ്ങുന്ന ബസ്സുകളിലേക്ക് വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒരു വര്‍ഷം കുറഞ്ഞത് 1000 ബസ്സുകളെങ്കിലും നിരത്തിലിറങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവഴി പുതിയ തൊഴിലവസരമുണ്ടാകില്ല. പുനസംഘടനയെത്തുടര്‍ന്ന് അധികമായി വരുന്ന ജീവനക്കാരെയാണ് ഇതിലേക്ക് നിയമിക്കുന്നത്. ഒരു ബസ്സിനുള്ള ശരാശരി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതോടെ അധികം വരുന്ന ജീവനക്കാരെക്കൊണ്ട് പുതിയ 1000 ബസുകള്‍ സര്‍വീസ് നടത്താനുള്ള നീക്കമാണ് നടത്തുന്നത്.

അതേസമയം, നഷ്ടത്തിന്റെ കുതിപ്പും കിതപ്പും തുടരുന്നുണ്ടെങ്കിലും ആനവണ്ടിയുടെ ചരിത്രം അറിയേണ്ടതാണ്. കാളവണ്ടിയുഗത്തില്‍ നിന്ന് യാന്ത്രികയുഗത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പായിരുന്നു ആനവണ്ടിയിലൂടെ സംഭവിച്ചത്. യൂറോപ്യന്‍ പര്യടനവേളയില്‍ അവിടുത്തെ, പ്രത്യേകിച്ച് ലണ്ടനില്‍ കണ്ട ജനകീയ ഗതാഗതം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാളില്‍ ആവേശിച്ചതോടെയാണ് മലയാള മണ്ണില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് യാത്രാസംരംഭത്തിന് ഉദയമുണ്ടായത്. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ് പോര്‍ട്ട് ബോര്‍ഡിന്റെ സര്‍വീസുകള്‍ കണ്ടുപഠിച്ച അദ്ദേഹം അതിനെ മാതൃകയാക്കി തന്റെ രാജ്യത്ത് ജനകീയ വണ്ടികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടന്‍ സന്ദര്‍ശനവേളയില്‍ തന്നെ ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധികൃതരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. തിരുവിതാംകൂറില്‍ ഇത്തരത്തില്‍ ഗതാഗതപരിഷ്‌കാരം നടപ്പാക്കാനുള്ള മഹാരാജാവിന്റെ ആഗ്രഹത്തിനവര്‍ എല്ലാ പിന്തുണയും നല്‍കി. ബോര്‍ഡില്‍ ഓപ്പറേറ്റിങ്‌സൂപ്രണ്ടായി പ്രവര്‍ത്തിച്ച സി.ജി സാള്‍ട്ടറെ സേവനത്തിനായി തിരുവിതാംകൂറിന് വിട്ടുനല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു.

തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് എന്ന പേരിലാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ മോട്ടോര്‍ സര്‍വീസ്  സ്ഥാപിച്ചത്. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുകയായിരുന്നു സ്ഥാപിത ലക്ഷ്യം.ഇ.ജി. സാള്‍ട്ടര്‍ 1937 സെപ്റ്റംബര്‍ 20ന് ഗതാഗതവകുപ്പിന്റെ സൂപ്രണ്ട് ആയി അവരോധിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയില്‍ പെര്‍കിന്‍സ് ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിര്‍മ്മിച്ചത്.

ആദ്യ സര്‍വീസ് ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് 1938 ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സര്‍ക്കാര്‍ വകയിലെ ബസ് സര്‍വീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാര്‍. സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവര്‍. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാര്‍ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകര്‍ഷകമായ കാഴ്ചയായിരുന്നു. അതോടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ജനകീയവണ്ടി പ്രസ്ഥാനം ഉരുണ്ടുതുടങ്ങി. ഫെബ്രുവരി 21 മുതല്‍ തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ ഈ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. കാലം ഉരുണ്ടപ്പോള്‍ അത് 'കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍' ആയി പരിണമിച്ച് കേരളത്തിനകത്തും പുറത്തും ഓട്ടം തുടങ്ങി.

സലൂണ്‍ ബോഡിയുള്ള ബസിന്റെ പിന്നിലായിരുന്നു വാതില്‍. നടുവില്‍ സഞ്ചാരമാര്‍ഗം. മുന്‍ഭാഗത്ത് തുകല്‍ പൊതിഞ്ഞ രണ്ട് ഒന്നാംക്ലാസ് സീറ്റുകള്‍. ഒരു ബസില്‍ 23 പേരെ കയറ്റാനായിരുന്നു അനുമതി. ഇവര്‍ക്കിരിക്കാന്‍ തടിസീറ്റുകള്‍. ഓരോ റൂട്ടിലെയും കൂലി നിരക്കുകള്‍ പൊതുജനശ്രദ്ധയ്ക്കായി നാട്ടിലെങ്ങും പ്രദര്‍ശിപ്പിച്ചു. നിശ്ചിത സമയക്രമമനുസരിച്ചാണ് ഓട്ടം. ഒരു മൈലിന്  അരചക്രം ആയിരുന്നു കൂലി. മിനിമം കൂലിയും ഇതുതന്നെ. ഒന്നാംക്ലാസ്  ടിക്കറ്റിന് അന്‍പതുശതമാനം നിരക്കുകൂടും. മൂന്നുവയസില്‍ താഴെയുള്ള കുട്ടികള്‍ ഇരിപ്പിടം ഉപയോഗിച്ചില്ലെങ്കില്‍ കൂലി നല്‍കേണ്ട. മൂന്നു മുതല്‍ പതിനാലുവയസുവരെയുള്ളവരില്‍ നിന്ന് പകുതി കൂലിയായിരുന്നു ഈടാക്കിയത്..

കൂലികൊടുത്ത് യാത്ര ചെയ്യുന്നവരുടെ ലഗേജിന് പ്രത്യേകം കൂലിയില്ല. എന്നാല്‍ യാത്ര ബസുകളോടൊപ്പം ഒരു പാഴ്‌സല്‍ ബസും പ്രത്യേകം ഓടിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതും നാഗര്‍കോവില്‍വരെ നാല്പതും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഗവണ്‍മെന്റിന് വന്‍ ലാഭമാണ് ആദ്യ വര്‍ഷങ്ങളില്‍ ഈ ബസുകള്‍ നല്‍കിയിരുന്നതെന്ന് പഴയ രേഖകള്‍ പറയുന്നു. തിരുവിതാംകൂറില്‍ തുടങ്ങിയ യാത്രാവിപ്ലവം കൊച്ചിയിലേക്കും മലബാറിലേക്കും വ്യാപിച്ചപ്പോഴേക്കും നാട്ടുരാജ്യങ്ങള്‍ അപ്രത്യക്ഷമായി. പകരം കേരളം വന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനായി കേരളത്തിലെമ്പാടും ഓട്ടം തുടങ്ങി.

ഇന്ന് കെ.എസ്.ആര്‍.ടി.സിക്ക് അശോക് ലെയ്ലന്റ്, ടാറ്റാ മോട്ടോര്‍സ്, ഐഷര്‍, വോള്‍വോ, സ്‌കാനിയ എന്നീ സ്ഥാപനങ്ങളുടെ ബസ്സുകള്‍ ഉണ്ട്. ഗരുഡ മഹാരാജ സ്‌കാനിയ, ഗരുഡ കിംഗ് ക്ലാസ് വോള്‍വോ, ഓഡിനറി, വേണാട്, ഫാസ്റ്റ് പാസ്സഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, ടാറ്റ ഗ്ലോബസ് എ.സി എയര്‍ബസ്, വോള്‍വോ എ.സി ലോഫ്‌ലോര്‍ ബസ്, ഗരുഡ സഞ്ചാരി സിംഗിള്‍ ആക്‌സില്‍ വോള്‍വോ ബസ്, ലെയ്‌ലാന്‍ഡ് നോണ്‍ എസി ലോഫ്‌ളോര്‍ ബസ്, മിന്നല്‍ എന്നിങ്ങനെയാണ് ശ്രേണി. താഴ്ന്ന പ്രതലമുള്ള അനന്തപുരി എയര്‍ ബസ്, അനന്തപുരി സിറ്റി ഫാസ്റ്റ്, ജനറം വോള്‍വോ എ.സി ലോഫ്‌ളോര്‍, ജനറം ടാറ്റാ മാര്‍ക്കോപോളോ നോണ്‍ ഏസി ലോഫ്‌ളോര്‍, ജനറം ലെയ്‌ലാന്റ് നോണ്‍ ഏസി ലോഫ്‌ളോര്‍, രാജധാനി റിങ് റോഡ് സര്‍വീസ്, ഗരുഡ കിങ് ക്ലാസ്-വോള്‍വോ മള്‍ട്ടി ആക്‌സില്‍, ഗരുഡ മഹാരാജ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍, ഗരുഡ സഞ്ചാരി-വോള്‍വോ, സില്‍വര്‍ ലൈന്‍ ജെറ്റ, വെസ്റ്റിബ്യൂള്‍, ശബരി എന്നങ്ങനെയാണ് നിരത്തിലിറങ്ങുന്ന പുതിയ സര്‍വീസുകള്‍.

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ദിവസവും സഞ്ചരിക്കുന്ന ദൂരം മുന്‍പ് 12,00,000 ആയിരുന്നത് ഇപ്പോള്‍ 14,22,546 ആക്കി ഉയര്‍ത്തിയിരിക്കുന്നു. ദിവസവും 4232 പുനര്‍നിര്‍ണ്ണയിച്ച യാത്രകള്‍ ആണ് ഉള്ളത്. 4704 ബസ്സുകള്‍ ദിവസവും യാത്ര നടത്തുന്നു. ഒരു ദിവസം കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ശരാശരി 31.45 ലക്ഷം യാത്രികര്‍ സഞ്ചരിക്കുന്നു. കണക്കുപുസ്തകത്തില്‍ നഷ്ടത്തിന്റെ കളത്തിന് സ്ഥാനവലിപ്പുള്ള കെ.എസ്.ആര്‍.ടി.സി. മത്സരിച്ചോടുമ്പോള്‍ കിതയ്ക്കുകയാണെങ്കിലും ജനത്തിന്റെ മുഖ്യ ആശ്രയമായി ഇന്നും അത് നിലകൊള്ളുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കുള്ള ഓട്ടമാണെങ്കിലും കേരളീയര്‍ക്ക് ജനകീയ വണ്ടികളെ ഒഴിവാക്കാനില്ല. അങ്ങനെ എണ്‍പത് വയസായിട്ടും മലയാളിയുടെ ചലനമുദ്രയായി നില്‍ക്കുന്നു ആനവണ്ടികള്‍.

ഓട്ടത്തിന്റെ വേഗ ചരിത്രത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്നും നഷ്ടക്കുതിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക