Image

കുടുംബത്തില്‍ പിറന്ന സ്‌ത്രീകള്‍ സ്‌ത്രീസത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല: പി.സി ജോര്‍ജ്‌

Published on 21 August, 2017
കുടുംബത്തില്‍ പിറന്ന സ്‌ത്രീകള്‍ സ്‌ത്രീസത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല: പി.സി ജോര്‍ജ്‌


തൃശൂര്‍: കടുത്ത സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി പി.സി ജോര്‍ജ്‌ എം.എല്‍.എ വീണ്ടും. സ്വന്തം പാര്‍ട്ടിയായ ജനപക്ഷത്തിന്റെ തൃശൂര്‍ ജില്ലാ നേതൃയോഗത്തിലാണ്‌ പി.സി ജോര്‍ജിന്റെ പരാമര്‍ശം.
കുടുംബത്തില്‍ പിറന്ന സ്‌ത്രീകള്‍ സ്‌ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല എന്നാണ്‌ പി.സി ജോര്‍ജ്‌ പറഞ്ഞത്‌. 'സ്‌ത്രീ പുരുഷന്റെ ചങ്കാണ്‌. ഹൃദയത്തിലാണ്‌ സ്ഥാനം. അല്ലാതെ തലയില്‍ അല്ല.' അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെയും പി.സി ജോര്‍ജ്‌ സംസാരിച്ചു. ' കുരങ്ങ്‌ വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ്‌ മതി എന്നു പറയുന്നവരാണ്‌ അതിരപ്പിള്ളി പദ്ധതിക്ക്‌ എതിരു നില്‍ക്കുന്നത്‌.' എന്നാണ്‌ പി.സി ജോര്‍ജിന്റെ പരാമര്‍ശം.


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിയെ അധിക്ഷേപിച്ച്‌ പലതവണ പി.സി ജോര്‍ജ്‌ രംഗത്തുവന്നിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ മുന്നോട്ടുവന്നപ്പോള്‍ കമ്മീഷനെയും അധിക്ഷേപിക്കുന്ന സമീപനമാണ്‌ പി.സി ജോര്‍ജ്‌ സ്വീകരിച്ചത്‌.

വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പി.സി ജോര്‍ജ്‌ പരിഹസിച്ചിരുന്നു. കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ്‌ നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്‌തിട്ട്‌ വന്നാല്‍ താന്‍ സഹകരിക്കാമെന്നും പി.സി പറഞ്ഞിരുന്നു.

പാവപ്പെട്ട പുരുഷന്മാര്‍ക്ക്‌ ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്‌ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്‌. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത്‌ കൊണ്ടുവരുമെന്നും പി.സി ജോര്‍ജ്‌ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക