Image

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷ സത്യാഗ്രഹം

Published on 21 August, 2017
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷ സത്യാഗ്രഹം


ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന്‌ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട്‌ സഭാകവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹം. 

എംഎല്‍എമാരായ വിപി സജീന്ദ്രന്‍, റോജി എം ജോണ്‍, എം ഷംസുദീന്‍, ടിവി ഇബ്രാഹിം, എല്‍ദോസ്‌ കുന്നപ്പള്ളി എന്നീ അഞ്ച്‌ എംഎല്‍മാരാണ്‌ സത്യാഗ്രഹം ഇരിക്കുന്നത്‌. നിയമസഭാ ഹാളിനകത്ത്‌ സഭാ കവാടത്തിലേക്ക്‌ പ്രവേശിക്കുന്ന പടിക്കെട്ടിനകത്താണ്‌ പ്രതിപക്ഷ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം.

സഭയില്‍ ഇന്ന്‌ പാസാക്കേണ്ട പ്രധാനബില്ലായ കേരളമെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ പ്രതിപക്ഷം അനുവദിച്ചില്ല. ബില്ലിന്റെ കോപ്പി പ്രതിപക്ഷം കീറിയെറിഞ്ഞു. 

ബില്‍ അവതരണത്തിനിടെ നാടകീയ രംഗങ്ങളാണ്‌ സഭയില്‍ നടന്നത്‌.ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം ഇന്ന്‌ നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികള്‍ താത്‌ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 

 ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതിനെതിരെ ഹൈക്കോടതി ഗുരുതര പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ മന്ത്രി രാജിവെയ്‌ക്കണമെന്ന ആവശ്യത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ്‌ പ്രതിപക്ഷം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക