Image

ജോര്‍ജ്ജ് മണ്ണിക്കരോട്ട് ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി എക്‌സി.വൈസ് ചെയര്‍മാന്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 06 March, 2012
ജോര്‍ജ്ജ് മണ്ണിക്കരോട്ട് ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി എക്‌സി.വൈസ് ചെയര്‍മാന്‍
ഹൂസ്റ്റണ്‍ : 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി ഹൂസ്റ്റണില്‍ നിന്നുള്ള ജോര്‍ജ്ജ് മണ്ണിക്കരോട്ടിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജി.കെ. പിള്ളയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനുംഅറിയിച്ചു.

വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന പ്രഗത്ഭനായ എഴുത്തുകാരനും സാഹിത്യകാരനും സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുള്ള മണ്ണിക്കരോട്ട് ഫൊക്കാനയുടെ ചിരകാല പ്രവര്‍ത്തകനാണ്. നിരവധി ചെറുകഥകള്‍, നോവലുകള്‍, ഉപന്യാസങ്ങള്‍ എന്നിവ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ള പുരസ്‌ക്കാരങ്ങളും അനവധിയാണ്. 'ജീവിതത്തിന്റെ കണ്ണീര്‍', 'അഗ്നിയുദ്ധം', 'അമേരിക്ക' എന്നീ നോവലുകളും 'അകലുന്ന ബന്ധങ്ങള്‍', 'മൗന നൊമ്പരങ്ങള്‍', എന്നീ ചെറുകഥകളും അവയില്‍ ചിലതു മാത്രം.

1982-ല്‍ അമേരിക്കയില്‍ ആദ്യമായി മലയാളം നോവല്‍ പ്രസിദ്ധീകരിച്ച സാഹിത്യകാരനെന്ന ബഹുമതിക്കര്‍ഹനായ മണ്ണിക്കരോട്ട്, ''അമേരിക്കയിലെ മലയാള സാഹിത്യ ചരിത്ര''ത്തിന്റെ രചയിതാവു കൂടിയാണ്.

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ അവാര്‍ഡ് (1991), ആദ്യത്തെ ഫൊക്കാന സാഹിത്യ അവാര്‍ഡ് (1992), ഫൊക്കാന എഡിറ്റോറിയല്‍ അവാര്‍ഡ് (1998), വിശാല കൈരളി അവാര്‍ഡ് (1997), കോഴിക്കോട് ഭാഷാസമന്യവേദി അവാര്‍ഡ് (2005), ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് (2006), ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ് (2008) എന്നിവയ്ക്കു പുറമെ നിരവധി മലയാളി സംഘടനകളില്‍ നിന്നും അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മലയാളം ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്കയുടെ സ്ഥാപകന്‍ കൂടിയായ മണ്ണിക്കരോട്ട് അമേരിക്കയിലേയും കേരളത്തിലേയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പതിവായി എഴുതാറുണ്ട്. പ്രധാനപ്പെട്ട പല സുവനിയര്‍ ഗ്രന്ഥങ്ങളുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുപോലെ, പല കൃതികള്‍ക്കും അവതാരികയും അഭിപ്രായങ്ങളും എഴുതാറുണ്ട്.

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മുന്‍പ്രസിഡന്റുകൂടിയായ ജോര്‍ജ്ജ് മണ്ണിക്കരോട്ടിനെപ്പോലെയുള്ള ഒരുവ്യക്തിത്വത്തിന്റെ ഉടമയെ ഫൊക്കാന കണ്‍വന്‍ഷന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി ലഭിച്ചതില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ജോര്‍ജ്ജ് മണ്ണിക്കരോട്ട് ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി എക്‌സി.വൈസ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക