Image

57 വര്‍ഷം മനോരമയില്‍: മാധ്യമ കുലപതി തിരിഞ്ഞു നോക്കുമ്പോള്‍-1 (എ.എസ്. ശ്രീകുമാര്‍)

Published on 21 August, 2017
57 വര്‍ഷം മനോരമയില്‍: മാധ്യമ കുലപതി തിരിഞ്ഞു നോക്കുമ്പോള്‍-1 (എ.എസ്. ശ്രീകുമാര്‍)
ഇന്ത്യാ പ്രസ് ക്ലബിന്റെ ആദ്യ സമ്മേളനത്തില്‍ ക്ലാസുകള്‍ നയിച്ച പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് 57 വര്‍ഷത്തെ സര്‍വീസിനു ശേഷം മനോരമയില്‍ നിന്നു അടുത്ത നാളില്‍ വിരമിച്ചു. മലയാള പത്രപ്രവര്‍ത്തനത്തിന്റെ മുഖഛായ മാറ്റുകയും മനോരമയെ ലോകത്തിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നാക്കുകയും ചെയ്ത അദ്ദേഹവുമായി എ.എസ്. ശ്രീകുമാര്‍ നടത്തിയ അഭിമുഖത്തിലെ ആദ്യഭാഗം.
പ്രസ് ക്ലബിന്റെ ഏഴാം  കണ്‍ വന്‍ഷന്‍ ഈ വ്യാഴം, വെള്ളി, ശനി ദിനങ്ങളില്‍ ചിക്കാഗോയില്‍ നടക്കുകയാണ്. ആര്‍ക്കും സൗജന്യമായി പങ്കെടുക്കാം. 

കെന്നഡിയുടെ പടവും ഇന്നത്തെ 'റ്റാര്‍സി'യും ഹിറ്റായി, മനോരമ മുന്നിലുമായി
(എ.എസ് ശ്രീകുമാര്‍)

ഒരു വെളിച്ചത്തിനു മുന്നില്‍ വേറൊരു വെളിച്ചം ചെറുതായി പോകുന്നില്ല, വലുതായി പോകുന്നുമില്ല. അവബോധ വെളിച്ചം അങ്ങിനെയാണ്. പുറത്ത് വിളക്ക് തെളിച്ച് ഒടുവില്‍ അവബോധത്തിലും വിളക്ക് കൊളുത്തപ്പെടുന്നു. മലയാളി സമൂഹത്തിന്റെ പത്രവായനയുടെ അവബോധത്തില്‍ വിളക്ക് കൊളുത്തി വച്ച വ്യക്തിയാണ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഈയിടെ വിരമിച്ച തോമസ് ജേക്കബ്. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമെല്ലാം ദേശീയ പത്രങ്ങളെ പോലും ഏറെ പിന്തള്ളി മുന്നേറുന്ന മലയാള മനോരമ ദിനപത്രത്തെ സര്‍ക്കുലേഷനില്‍ ഒന്നാമതെത്തിച്ചത് തോമസ് ജേക്കബിന്റെ ക്രാഫ്റ്റും കരുതലും ദീര്‍ഘവീക്ഷണവുമാണ്. മനോരമയിലെ അദ്ദേഹത്തിന്റെ സുദീര്‍ഘമായ 57 സംവത്സരങ്ങള്‍ മലയാള മാധ്യമ ചരിത്രത്തിന്റെ ഈടുറ്റ അദ്ധ്യായങ്ങള്‍ തന്നെയാണെന്ന് പത്രവായനക്കാരെ സാക്ഷി നിര്‍ത്തി അഭിമാനത്തോടെ പറയാം.

ഇന്റര്‍നെറ്റിനും ഐ.ടി യുഗത്തിനും വളരെ വളരെ മുമ്പ് വിവര ശേഖരണവും വാര്‍ത്താ വിതരണവും ഒച്ചുപോലെ ഇഴയുന്ന കാലത്ത് മാമൂല്‍ രീതികളില്‍ നിന്ന് പത്രപ്രവര്‍ത്തനത്തെ സ്വതന്ത്രമാക്കി കാലാനുസൃതമായ മാറ്റങ്ങളുടെ അച്ചുകൂടത്തിലേക്ക് കൊണ്ടുവന്ന മാര്‍ഗദര്‍ശിയാണ് തോമസ് ജേക്കബ് എന്ന 76കാരന്‍. റിപ്പോര്‍ട്ടിങ്, ലേ ഔട്ട്, കണ്ടന്റ് തുടങ്ങിയ പ്രതലങ്ങളില്‍ മലയാള പത്രപ്രവര്‍ത്തനത്തെ ആധുനികവത്ക്കരിച്ചതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിന് അവകാശപ്പെടാമെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. നമ്മുടെ ചുറ്റുവട്ടത്തുള്ള വാര്‍ത്താ സ്പന്ദനങ്ങള്‍ പ്രാദേശിക പേജിലേക്ക് തള്ളിവിടാതെ ഒന്നാം പേജിലെ ലീഡ് സ്റ്റോറിയായി കൊടുക്കുന്നതുള്‍പ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തോമസ് ജേക്കബ് അച്ചടിമഷി നിറച്ചത്. അദ്ദേഹം ബ്രേക്ക് ചെയ്ത വാര്‍ത്താ വിസ്‌ഫോടനത്തിന്റെ ജ്വാലകള്‍ക്കിന്നും ചൂടും ചൂരുമുണ്ട്. കാരണം തോമസ് ജേക്കബ് എന്ന വ്യക്തി ഒരു മാധ്യമ സര്‍വകലാശാല തന്നെ.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ 1940ല്‍ ശങ്കരമംഗലത്ത് ടി.ഒ ചാക്കോയുടെ മകനായാണ് ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബ്രിട്ടണിലെ തോംസണ്‍ ഫൗണ്ടേഷന്റെ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ ഒന്നാം റാങ്കും നേടിയിട്ടുണ്ട്. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്ന തോമസ് ജേക്കബ് ഇപ്പോള്‍ പത്രത്തിന്റെ വാര്‍ത്താവിഭാഗത്തിന്റെ തലവനായിരുന്നു. മനോരമയുടെ കോഴിക്കോട് പതിപ്പില്‍ ന്യൂസ് എഡിറ്ററായിരുന്നു. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിവരുന്ന 'കഥക്കൂട്ട്' എന്ന പ്രതിവാര പംക്തി പ്രശസ്തമാണ്. കഥാവശേഷര്‍, നാട്ടുവിശേഷം (ടി. വേണുഗോപാലുമായി ചേര്‍ന്ന്) എന്നിവയാണ് മറ്റ് കൃതികള്‍.

ബിരുദ പഠനം പൂര്‍ത്തിയാക്കും മുമ്പ് മലയാള മനോരമ എന്ന ബൃഹത്തായ പത്രസാമ്രാജ്യത്തിന്റെ അകത്തളങ്ങളിലേക്ക് 1960ല്‍ പ്രവേശിച്ച തോമസ് ജേക്കബ് തന്റെ സ്ഥാപനത്തിലൂടെ പത്രപ്രവര്‍ത്തനത്തിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ പാടെ മാറ്റി പേനത്തുമ്പിലൂടെ ജനകീയമാക്കുകയാണ് ചെയ്തത്. സ്വതവേ നര്‍മബോധമുള്ള ഇദ്ദേഹം മലയാള മനോരമയുടെ വിജയരഹസ്യവും തന്റെ ഗതകാല അനുഭവങ്ങളും വിചാരങ്ങളും നിലപാടുകളും ഇ-മലയാളിയുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു...കോട്ടയത്ത് കഞ്ഞിക്കുഴിക്കു സമീപം പാലൂര്‍പടിയിലുള്ള വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ സൗഹൃദം തുളുമ്പുന്ന പുഞ്ചിരിയോടെയാണ് ഈ മാധ്യമ കുലപതി എന്നെ സ്വീകരിച്ചത്. ചൂടുള്ള ചായയും ബിസ്‌ക്കറ്റും തന്ന് ഊഷ്മളമായ ആതിഥ്യ മര്യാദ കാട്ടിയ അദ്ദേഹം സംസാരിച്ചു തുടങ്ങി...നമ്മുടെ പൂമുഖത്ത് പത്രക്കാരന്റെ സൈക്കിള്‍ ബെല്ലടി കേള്‍ക്കുകയാണ്. മാധ്യമ ലോകത്ത് ഏറെ ആദരവിന് പാത്രീഭൂതനായ തോമസ് ജേക്കബ് സാറിന്റെ വിശേഷങ്ങള്‍ ഇന്നത്തെ പത്രത്തിലെന്ന പോലെ ചൂടോടെ വായിക്കാം.

? മലയാള പത്രപ്രവര്‍ത്തനത്തെ പറ്റി എത്രത്തോളം അഭിമാനത്തോടെ സംസാരിക്കാം...

* മലയാള മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് വളരെ അഭിമാനമുണ്ട്. ഇന്ന് മലയാളത്തിലെ ഏതു പത്രവും ലോകത്തിലെ ഏത് പത്രത്തോടും കിടപിടിക്കാവുന്ന ടെക്‌നോളജിയിലെത്തിയിരിക്കുന്നു. പുതുതായി തുടങ്ങുന്നതിനും നേരത്തെയുണ്ടായിരുന്നതിനുമൊക്കെ ഒരേ ടെക്‌നോളജിയാണിന്ന്. ടെക്‌നോളജി, ലേ ഔട്ട്, കണ്ടന്റ്, എഴുത്തിന്റെ ക്രിയേറ്റിവിറ്റി തുടങ്ങിയ കാര്യങ്ങളിലൊക്കെ നമ്മള്‍ ലോകനിലവാരത്തിലെത്തി. പണ്ട് അങ്ങിനെയായിരുന്നില്ല. അന്ന് ലോകനിലവാരം എന്താണെന്നറിയാന്‍ ഒരു മാര്‍ഗവും ഇല്ലായിരുന്നു. ലോക പത്രങ്ങള്‍ നാം കണ്ടിരുന്നുമില്ല.

? എന്നാണിതിനൊക്കെ ഒരു ക്രിയാത്മകമായ മാറ്റം ഉണ്ടായത്...

* അറുപതുകളിലാണ് ആ മാറ്റം സംഭവിച്ചത്. 1962ല്‍ ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ ഏഷ്യന്‍ ഡയറക്ടറായ റ്റാര്‍സി വിറ്റാച്ചി എന്ന ശ്രീലങ്കന്‍ പത്രാധിപരെ കേരളത്തിലേക്ക് അയയ്ക്കുകയുണ്ടായി. മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന കെ.എം മാത്യു സാര്‍ സിംഗപ്പൂരില്‍ വച്ച് പരിചയപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. വാസ്തവത്തില്‍ മനോരമയിലേക്കാണ് അദ്ദേഹത്തെ വിട്ടത്. അദ്ദേഹം നടത്തിയ ഒരു വര്‍ക്ക് ഷോപ്പിലേക്ക് കേരളത്തിലെ എല്ലാ പത്രങ്ങളിലെയും ഒരു പ്രതിനിധിയെ കെ.എം മാത്യു സാര്‍ ക്ഷണിച്ചു. വേണമെങ്കില്‍ കെ.എം മാത്യു സാറിന് റ്റാര്‍സി വിറ്റാച്ചിയുടെ സാന്നിദ്ധ്യം മനോരമയ്ക്കു വേണ്ടി മാത്രമാക്കാമായിരുന്നു. പക്ഷേ, എല്ലാ പത്രക്കാരെയും ക്ഷണിച്ചതു കൊണ്ട് അവര്‍ക്കെല്ലാം റ്റാര്‍സിയുടെ ക്ലാസ്സിന്റെ പ്രയോജനം കിട്ടി. പിന്നീട് അദ്ദേഹം എല്ലാ പത്രങ്ങളിലും പോയി ഒരു ദിവസം വീതം ചെലവഴിക്കുകയും ചെയ്തു.

? എന്തായിരുന്നു റ്റാര്‍സിയുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും...

* റ്റാര്‍സിയുടെ സന്ദര്‍ശനത്തിനു ശേഷമാണ് മലയാള പത്രപ്രവര്‍ത്തന രംഗത്ത് ക്രിയാത്മകവും കാലോചിതവുമായ മാറ്റങ്ങള്‍ ഉണ്ടായത്. വലിയ ഫോട്ടോകള്‍ കൊടുക്കുന്നതിനെ പറ്റിയും ലേ ഔട്ടിനെ പറ്റിയും പുതിയ അറിവു ലഭിച്ചു. തലക്കെട്ടുകള്‍ വ്യത്യസ്തമായി കൊടുക്കുവാന്‍ തുടങ്ങി. ഒന്നാം പേജിലെ ലേ ഔട്ടു തന്നെ മാറി സുന്ദരമായി. അതുവരെ മാറ്ററുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കൊടുക്കുമായിരുന്നു. വാസ്തവത്തില്‍ കമ്പോസിറ്റര്‍മാര്‍ വരെ ഇക്കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നുവെന്ന് പറയാം. അതൊക്കെ മാറി ഡമ്മി ഷീറ്റ് ഒക്കെ ഉണ്ടാക്കി. റ്റാര്‍സിയാണ് ഡമ്മി ഷീറ്റ് വരയ്ക്കുന്നതിനെ പറ്റി അറിവു നല്‍കിയത്. അദ്ദേഹം അത് വരച്ച് നല്‍കുകയുമുണ്ടായി. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഡമ്മി ഷീറ്റിന് മനോരമയില്‍ 'റ്റാര്‍സി' എന്ന് പേര് വന്നു. ''ഇന്നത്തെ റ്റാര്‍സി കിട്ടിയില്ലല്ലോ'' എന്ന് പലരും പറയുന്നത് കേള്‍ക്കാമായിരുന്നു.

? റ്റാര്‍സിയുടെ സന്ദര്‍ശനത്തിനു ശേഷം പത്രങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചു എന്ന് പറയാമോ...

* തീര്‍ച്ചയായും. അന്നു മുതല്‍ പത്രങ്ങളെല്ലാം കൂടുതല്‍ മത്സരബുദ്ധിയോടെ സജീവമായി. തോംസണ്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ കേരളത്തിലേക്ക് ട്രെയിനീസിനെ അയച്ചു. ഇവിടെ നിന്നുള്ള ആളുകളെ ഇംഗ്ലണ്ടില്‍ കൊണ്ടു പോയി പരിശീലിപ്പിക്കാനും തുടങ്ങി. ലോകത്തിലെ പത്രങ്ങളൊക്കെ ലഭ്യമായി. തനതായ ഒരു പത്രസംസ്‌കാരം കേരളത്തില്‍ രൂഢമൂലമായി. ഇന്ന് വിദേശത്തു പോയാല്‍ ഏത് പത്രത്തിലും ഒരു മലയാളിയെങ്കിലും കാണും. കേരളത്തില്‍ പരിശീലിക്കപ്പെട്ടവര്‍ പോലും യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫിലും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലുമൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

? അറുപതുകളില്‍ മലയാള മനോരമയുടെ സ്ഥിതിയും സ്ഥാനവും എന്തായിരുന്നു...

* 1960ലാണ് ഞാന്‍ മലയാള മനോരമയില്‍ എത്തുന്നത്. 1962നു മുമ്പ് മലയാള മനോരമയുടെ സര്‍ക്കുലേഷന്‍ 1,10,000 ആണ് എന്നാണ് എന്റെ ഓര്‍മ. അന്ന് ഒരു പത്രത്തിന്റെ വില എട്ട് പൈസ ആയിരുന്നു. ഒരു മാസം 2 രൂപ 40 പൈസ. ഇന്ന് ഒരു ദിവസത്തെ പത്രത്തിന് ആറര രൂപയാണ്. പക്ഷേ, അന്ന് ഇത്രയും പേജുകള്‍ ഇല്ലായിരുന്നു.

? ഇലക്‌ട്രോണിക്‌സ് യുഗത്തിലെ പത്രങ്ങളെക്കുറിച്ച്...

* ഇലക്‌ട്രോണിക് മീഡിയ വന്നതിനു ശേഷം പത്രങ്ങള്‍ കൂടുതല്‍ വിഷ്വലായി. പണ്ട് രണ്ടു കോളം അല്ലെങ്കില്‍ പരാമാവധി നാലു കോളങ്ങളിലായിരുന്നു പടങ്ങള്‍ എങ്കില്‍ ഇന്ന് പേജ് നിറച്ചുള്ള ഫോട്ടോകള്‍ ആണ് ചേര്‍ക്കുന്നത്. പത്രങ്ങള്‍ പിന്നെ കളറില്‍ അച്ചടിക്കുവാന്‍ തുടങ്ങി. ആദ്യം രണ്ട് പേജ് മാത്രമായിരുന്നു കളറില്‍ എങ്കില്‍ ഇന്ന് ബഹുവര്‍ണപ്പേജുകളാണ് എല്ലാം.

? മനോരമ പത്രത്തിലേക്ക് സാര്‍ എത്താനുണ്ടായ സാഹചര്യം...

* ഞാന്‍ മനോരമയില്‍ വരാന്‍ ഉദ്ദേശിച്ച ആളല്ല. അദ്ധ്യാപകനാവണമെന്ന് വിചാരിച്ചു. അന്ന് ഡിഗ്രി മാത്രം മതി. ബി.എഡ് ഇല്ലെങ്കിലും സ്‌കൂളില്‍ അദ്ധ്യാപകനാവാം. എന്നാല്‍ ഒരു അസുഖത്തെ തുടര്‍ന്ന് എനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കെമിസ്ട്രിയും ഫിസിക്‌സും ആയിരുന്നു വിഷയം. പിന്നെ സെപ്റ്റംബര്‍ പരീക്ഷയെഴുതാന്‍ തീരുമാനിച്ചു. അക്കാലത്ത് ഞാന്‍ കാര്‍ട്ടൂണ്‍ വരയ്ക്കുമായിരുന്നു. പില്‍ക്കാലത്ത് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ അന്നത്തെ എന്റെ പ്രൊഫസര്‍ ഡോ. എ.വി വര്‍ഗീസ് എന്റെ കാര്‍ട്ടൂണുകള്‍ മനോരമയില്‍ കൊടുക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു അകന്ന ബന്ധുവായ വര്‍ഗീസ് കളത്തില്‍ മനോരമ പത്രാധിപരായിരുന്നു. ഒരു ദിവസം ഞാനും പ്രൊഫസറും കൂടി അദ്ദേഹത്തെ ചെന്ന് കണ്ട് എന്റെ കാര്‍ട്ടൂണുകള്‍ കാണിച്ചു. അതെല്ലാം നോക്കി മാറ്റി വച്ചിട്ട് ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് എന്നോട് ചോദിച്ചു. സെപ്റ്റംബര്‍ പരീക്ഷ എഴുതുവാന്‍ തയ്യാറെടുക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. അക്കാലത്ത് സെപ്റ്റംബര്‍ പരീക്ഷയെഴുതുന്നവരോട് പലര്‍ക്കും പുഛമാണ്. കാരണം മുഖ്യപരീക്ഷയില്‍ തോല്‍ക്കുന്നവരാണ് സാധാരണ സെപ്റ്റംര്‍ പരീക്ഷയെഴുതുന്നത്. അതു കൊണ്ട് ഞാന്‍ ഉഴപ്പനാണോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ അസുഖമുണ്ടായ കാര്യം ഞാന്‍ വെളിപ്പെടുത്തി. ഏതായാലും അദ്ദേഹം എനിക്ക് മനോരമയില്‍ ജോലി തന്നു. ഡിഗ്രിയെടുക്കും മുമ്പേ ഞാന്‍ കോട്ടയത്തെ മനോരമ ഓഫീസില്‍ എത്തി.

? കെ.എം മാത്യു സാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച്...

* മനോരമയിലെത്തിയപ്പോള്‍ തന്നെ കെ.എം മാത്യു സാറിനെ (മാത്തുക്കുട്ടിച്ചായന്‍) കാണാന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ മുന്നിലെത്തി. പിറ്റെ ദിവസം ചില എസ്സേകള്‍ എഴുതിക്കൊടുക്കുവാന്‍ പറഞ്ഞു. ആറ്റം ബോംബിനെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ പറഞ്ഞു. എന്റെ മുഖത്തെ പരിഭവം ഒക്കെ കണ്ടപ്പോള്‍ ഇന്നു വേണ്ട നാളെ എഴുതിക്കൊണ്ടു വന്നാല്‍ മതിയെന്നു പറഞ്ഞു. പിന്നെ ഇഷ്ടപ്പെട്ട വിഷയത്തെ ആധാരമാക്കി ഒരു ലേഖനവും. അങ്ങനെ അറ്റം ബോംബിനെ പറ്റിയും സെന്‍സ് ഓഫ് ഹ്യൂമറിനെ കുറിച്ചുമുള്ള രണ്ട് ലേഖനങ്ങള്‍ ഞാന്‍ പിറ്റെ ദിവസം കൊടുത്തു. ഒരു മാസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. അന്ന് ട്രെയിനിങ് ഒന്നുമില്ലായിരുന്നു. എല്ലാവരേയും പോലെ ഞാനും ചെന്ന് ജോലി തുടങ്ങി.

? തുടക്കം എങ്ങനെ...

* അന്ന് പ്രധാനമായും രണ്ട് ബാച്ചുകള്‍ ഉണ്ടായിരുന്നു. രാവിലെ രണ്ടു പേര്‍ വരും. അവര്‍ മുഖപ്രസംഗ പേജും അവസാന പേജും തയ്യാറാക്കും. പിന്നെ വൈകിട്ട് നാലു മണിക്ക് കരുണാകര (KPK) പിഷാരടി സാറിന്റെ നേതൃത്വത്തില്‍ ഒരു ടീം വന്ന് പ്രധാനപ്പെട്ട ബാക്കി പേജുകള്‍ ചെയ്യും. എന്റെ ഡ്യൂട്ടി നാലുമണി ടീമിനോടൊപ്പമാണ്. പക്ഷേ ഞാന്‍ രാവിലെ തന്നെ പോകും. രാത്രി പത്തു മണിയാകുമ്പോള്‍ പത്രം പൂട്ടിക്കെട്ടും. പിന്നീട് രാത്രി പതിനൊന്നര വരെയുള്ള വാര്‍ത്തകള്‍ എടുക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ എഡിഷന്‍ കഴിഞ്ഞ് പിന്നെ ഒരു എഡിഷന്‍ കൂടി പ്രിന്റ് ചെയ്യും. അതിലൊരാള്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കൂടെയും ഞാന്‍ ഇരിക്കും. അങ്ങിനെ എല്ലാ ടീമുകളെയും സഹായിച്ചുകൊണ്ട് ഞാന്‍ ഫുള്‍ടൈം പത്രം ഓഫീസില്‍ ഉണ്ടാവും. ഇതെല്ലാം കഴിഞ്ഞ് രാത്രിയിലെന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ എന്നെയാണ് വിളിച്ചുകൊണ്ടു പോവുക. അന്ന് കോട്ടയം ഓഫീസിന്റെ തൊട്ടടുത്ത് കഞ്ഞിക്കുഴിയിലാണ് ഞാന്‍ താമസിച്ചിരുന്നത്.

? ആരംഭകാലത്തെ മറക്കാനാകാത്ത അനുഭവങ്ങള്‍...

* ഒരനുഭവം പറയാം. ഒരു ദിവസം രാവിലെ ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഇന്ത്യയുടെ എയര്‍ മാര്‍ഷലും ജനറല്‍മാരും അടക്കം അഞ്ചു പേര്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞു. (ഈ സംഭവത്തിനു ശേഷമാണ് യാതൊരു കാരണവശാലും സൈന്യത്തിന്റെ മേലധികാരികളെല്ലാം ഒരേ വിമാനത്തില്‍ സഞ്ചരിക്കരുത് എന്ന് ഇന്ത്യാ ഗവണ്‍മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയത്.) മരിച്ചവരുടെ ആരുടെയും ഫോട്ടോ അന്ന് ലഭ്യമായിരുന്നില്ല. അത് സംഘടിപ്പിക്കാനായിരുന്നു രാവിലെ മുതലുള്ള പരിശ്രമം. വിവിധ ഓഫീസുകളുമായും റിട്ടയേര്‍ഡ് മിലിട്ടറി ഓഫീസുകളുമായും ഒക്കെ ബന്ധപ്പെട്ടു. ഒടുവില്‍ ചങ്ങനാശ്ശേരിയിലുള്ള ഒരാളുടെ കൈയില്‍ ഒരു മിലിട്ടറി മാഗസിന്‍ ഉണ്ടെന്ന് അറിവു കിട്ടി. അതിനകത്ത് ഈ അഞ്ചു പേരുടെയും പടമുണ്ട്. അതെല്ലാം സംഘടിപ്പിച്ച് പേജെല്ലാം ആഘോഷമായി ചെയ്ത് ഓഫീസില്‍ നിന്നും മടങ്ങി. രാത്രിയായപ്പോള്‍ ഒരാളെന്നെ വിളിക്കുവാന്‍ വന്നു. അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിക്ക് വെടിയേറ്റ വിവരം അങ്ങേര് പറഞ്ഞു. പെട്ടെന്ന് ഓഫീസിലെത്തണം.

? അന്നത്തെ കാര്യങ്ങളുടെ വിശദാംശങ്ങള്‍...

* ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ പതിനൊന്നര വരെ ഇരിക്കുന്ന എഡിറ്റര്‍ ഉണ്ട്. കെന്നഡിയുടെ ഒരു പടം കൊടുത്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പടം കൊടുക്കണമെന്ന് ഞാനും. കെന്നഡിയും ഭാര്യ ജാക്വിലിനും ഒരു ബീച്ചിലിരുന്ന് കുഞ്ഞിനെ താലോലിക്കുന്ന ഒരു പടം ഉണ്ടായിരുന്നു. ഇതായിരിക്കും നാളെ സ്ത്രീകള്‍ അല്ലെങ്കില്‍ കേരളത്തിലെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന ചിത്രമെന്ന് എനിക്ക് തോന്നി. മറ്റൊന്ന് ഒരു സിംഗിള്‍ ഫോട്ടോ ആണ്. യൂണൈറ്റഡ് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അയച്ചു തന്ന ഈ രണ്ടു പടങ്ങളേ ഓഫീസില്‍ ഉള്ളു. പത്രങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ ഫോട്ടോകള്‍ക്കും മറ്റും ഏജന്‍സികളെ സമീപിക്കുവാന്‍ പറ്റാത്ത കാലമായിരുന്നല്ലോ അത്. അങ്ങനെ രണ്ട് പടവും വച്ച് കെന്നഡി സംഭവം ലീഡ് സ്റ്റോറിയാക്കി പത്രം പ്രിന്റ് ചെയ്തു. പിറ്റെ ദിവസം മറ്റ് പത്രങ്ങള്‍ കണ്ടപ്പോള്‍ ഹിന്ദു പത്രത്തില്‍ മരിച്ച ജനറല്‍മാരുടെ പടങ്ങളൊന്നും ഇല്ല. വലിയ അത്ഭുതമായി. ദേശീയ പത്രമായ ഹിന്ദുവില്‍ പടമില്ല. പക്ഷേ, കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും മനോരമയ്ക്ക് പടം കൊടുക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് നാലാം ദിവസം ഡല്‍ഹിയില്‍ നിന്നുള്ള ടൈംസ് ഓഫ് ഇന്ത്യ കിട്ടി. അതില്‍ കെന്നഡി വെടിയേറ്റു മരിച്ചത് ലീഡ് സ്റ്റോറി പോലുമല്ല. ജനറല്‍മാരെ വച്ച് പത്രം അച്ചടിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ കെന്നഡിയുടെ വാര്‍ത്ത വന്നത്. അതുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പത്രം അതിനു വലിയ പ്രാധാന്യം കൊടുക്കാതെ വാര്‍ത്ത രണ്ടു കോളമാക്കി ചുരുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ പത്രം പോലും പ്രധാനപ്പെട്ട വാര്‍ത്തകള്‍ വരുന്നതനുസരിച്ച് ഒന്നാം പേജില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ല. അന്ന് മനോരമയ്ക്കത് സാധിച്ചതില്‍ വലിയ സന്തോഷവും അഭിമാനവും തോന്നി.

? അക്കാലത്ത് കോട്ടയത്ത് നിന്ന് മാത്രമായിരുന്നല്ലോ മനോരമ പത്രം പ്രിന്റ് ചെയ്തിരുന്നത്. മറ്റ് എഡിഷനുകളുടെ തുടക്കത്തെ പറ്റി...

* കെന്നഡി സംഭവമൊക്കെ ഉണ്ടാകുന്നത് 1964ല്‍ ആണല്ലോ. 1966ലാണ് മനോരമ  കോഴിക്കോട്ടു  നിന്ന് അച്ചടിക്കുവാന്‍ തീരുമാനിക്കുന്നത്. മാതൃഭൂമിയാണ് അന്ന് രണ്ടാമതൊരു സ്ഥലത്തു നിന്ന് അച്ചടിക്കുന്ന മലയാള പത്രം.  കോഴിക്കോടു നിന്നു തന്നെ എഡിറ്റര്‍മാരെ റിക്രൂട്ട് ചെയ്തു. അവരോട് മാനേജ്‌മെന്റ് പറഞ്ഞത് ഒരു ചെറുപ്പക്കാരനായിരിക്കും നിങ്ങളെ നയിക്കാനെത്തുക എന്നാണ്. അപ്പോഴൊന്നും ഞാനാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. കാരണം കോട്ടയത്തെ ഏറ്റവും ജൂനിയറായ ആളാണ് ഞാന്‍. പക്ഷേ എന്തുകൊണ്ടോ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1966ല്‍ ഞാന്‍ കോഴിക്കോട്ടെത്തി. 1959ല്‍ മനോരമയില്‍ ചാര്‍ജെടുത്ത് കോഴിക്കോട് ലേഖകനായിരുന്ന കെ.ആര്‍ ചുമ്മാറിന്റെ നിര്‍ബന്ധവും പ്രേരണയും കൊണ്ടാണ് മനോരമ കോഴിക്കോട് എഡിഷന്‍ പെട്ടെന്ന് തുടങ്ങിയത്.

? മാതൃഭൂമയുടെ കോട്ടയാണല്ലോ കോഴിക്കോട്. എന്തായിരുന്നു സാറിനു കിട്ടിയ ടാര്‍ജെറ്റ്...

* ടാര്‍ജെറ്റൊന്നും എനിക്ക് തന്നിരുന്നില്ല. അന്ന് മാതൃഭൂമി ഒന്നാം സ്ഥാനത്തും മനോരമ രണ്ടാം സ്ഥാനത്തുമായിരുന്നു. ''അഞ്ച് വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ ഒന്ന് പിടിച്ച് നോക്ക് എങ്ങിനെയുണ്ടെന്ന്. മാതൃഭൂമിയുടെ മുന്നിലോട്ട് കയറാന്‍ പറ്റുമോ എന്ന് നോക്കണം...'' എന്നൊക്കെ പറഞ്ഞാണ് മാത്തുക്കുട്ടിച്ചായന്‍ എന്നെ വിടുന്നത്. അവിടെ ഞങ്ങള്‍ അഞ്ചു എഡിറ്റര്‍മാരേ ഉള്ളു. മാതൃഭൂമിയില്‍ പത്തിരുപത് പേരുണ്ട്. അവര്‍ നമ്മളെക്കാള്‍ വളരെ ശക്തരായ ആളുകളുമാണ്. പക്ഷേ, അവര്‍ പഴയകാല പത്രപ്രവര്‍ത്തനവുമായണ് മുന്നോട്ട് പോയിരുന്നത്. പ്രാദേശിക വാര്‍ത്തകള്‍ക്കൊന്നും വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. നമ്മള്‍ ഒന്നാം പേജില്‍ ലോക്കല്‍ വാര്‍ത്തകള്‍ കൊടുത്തു. ഉദാഹരണത്തിന് കോഴിക്കോട്ട് വെള്ളക്കരം കൂട്ടിയാല്‍ മനോരമ അത് ലീഡ് സ്റ്റോറിയാക്കും. അങ്ങനെയൊക്കെ പ്രാദേശിക വാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ നമ്മള്‍ കൊടുത്തു തുടങ്ങി. എല്ലാം സമുദായങ്ങള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യമായ പ്രാധാന്യവും തുല്യമായ പരിഗണയും നല്‍കി.

? അന്ന് മാതൃഭൂമി പത്രത്തിന്റെ നിലപാട് വ്യക്തമായി ബോധ്യപ്പെട്ടിരുന്നല്ലോ...

* തീര്‍ച്ചയായും അന്ന് മാതൃഭൂമി ഒരു കോണ്‍ഗ്രസ് പത്രമായിരുന്നല്ലോ. അങ്ങനെയിരിക്കുമ്പോഴാണ് ബംഗ്ലാദേശ് യുദ്ധമുണ്ടാകുന്നത്. പതിനെട്ട് ദിവസത്തെ യുദ്ധകാലഘട്ടത്തില്‍ ലേ ഔട്ടിലും കണ്ടന്റിലും വിശകലനത്തിലും ഒക്കെ മനോരമ മനോഹരവും വ്യത്യസ്തവുമായ പത്രം ഇറക്കി. അതിന് ഭയങ്കര ഡിമാന്റ് ഉണ്ടായി. ആ സമയത്താണ് മനോരമ മാതൃഭൂമിയുടെ മുന്നിലെത്തുന്നത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1969 മുതല്‍ ഇന്ന് ഈ നിമിഷം വരെ മനോരമ കേരളത്തിലെ ഒന്നാമത്തെ പത്രമായി തുടരുന്നു.
***
(പദവികളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും ബഹുമാനിതരാവുന്നത് വ്യക്തിത്വങ്ങളാണ്. അംഗീകാരങ്ങള്‍ ലഭിക്കുക വഴി ആ നേട്ടങ്ങള്‍ക്കാണ് തിളക്കമേറുക. ഇത്തരത്തില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്തെ തിളക്കമാര്‍ന്ന പ്രകാശ ഗോപുരമാണ് തോമസ് ജേക്കബ്. മലയാളികളുടെ വാര്‍ത്താവായനയുടെ ഉമ്മറത്തെത്തുന്ന മലയാള മനോരമയിലൂടെ മാധ്യമ വിപ്ലവം സൃഷ്ടിച്ച തോമസ് ജേക്കബിന്റെ വിശേഷങ്ങള്‍ തുടരും... അടുത്ത ഭാഗം കാണുക).
57 വര്‍ഷം മനോരമയില്‍: മാധ്യമ കുലപതി തിരിഞ്ഞു നോക്കുമ്പോള്‍-1 (എ.എസ്. ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക