Image

അഞ്ചു സെന്റും വീടും മാത്രമുള്ളവരെ ജപ്‌തിയില്‍നിന്ന്‌ ഒഴിവാക്കണം; നിയമസഭ പ്രമേയം പാസാക്കി

Published on 22 August, 2017
അഞ്ചു സെന്റും വീടും മാത്രമുള്ളവരെ ജപ്‌തിയില്‍നിന്ന്‌ ഒഴിവാക്കണം; നിയമസഭ പ്രമേയം പാസാക്കി


തിരുവനന്തപുരം : അഞ്ചുസെന്റില്‍ കവിയാത്ത ഭൂമിയും വീടും ഈട്‌ നല്‍കി വായ്‌പയെടുത്തവരെ തിരിച്ചടവ്‌ തെറ്റിയാലുള്ള ജപ്‌തി നടപടിയില്‍നിന്ന്‌ ഒഴിവാക്കണമെന്ന പ്രമേയം നിയമസഭ ഏകകണ്‌ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

ഇത്തരം സാധാരണക്കാരെ ജപ്‌തിനടപടിയില്‍നിന്ന്‌ ഒഴിവാക്കാന്‍ 2002ലെ സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ്‌ റീ കണ്‍സ്‌ട്രക്ഷന്‍ ഓഫ്‌ ഫിനാന്‍ഷ്യല്‍ അസറ്റ്‌സ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫ്‌ സെക്യൂരിറ്റി ഇന്ററസ്റ്റ്‌ ആക്ടിന്റെ 31ാംവകുപ്പ്‌ ഭേദഗതി ചെയ്യണമെന്ന്‌ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടും. 

ആക്ടിലെ വ്യവസ്ഥപ്രകാരം കൃഷിഭൂമി ഈടായി നല്‍കുമ്പോഴുള്ള അതേ ബാധ്യതതന്നെയാണ്‌ ഇത്തരക്കാര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്‌. അഞ്ചുസെന്റില്‍ കവിയാത്ത ഭൂമിയും വീടുമുള്ളവരുടെ ബാധ്യതയ്‌ക്ക്‌ ഇതേവ്യവസ്ഥ ബാധകമാക്കുന്നത്‌ ലക്ഷക്കണക്കിന്‌ കുടുംബങ്ങളെ ദുരന്തത്തിലേക്ക്‌ തള്ളിവിടുന്നു.

സംസ്ഥാനത്ത്‌ ഭവനപദ്ധതി നടപ്പാക്കാന്‍ തീവ്രയത്‌നം നടപ്പാക്കുമ്പോള്‍ തടസ്സമായി ഈ പ്രശ്‌നമുണ്ട്‌. ഒരുഭാഗത്ത്‌ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമം പുരോഗമിക്കുമ്പോള്‍ മറുഭാഗത്ത്‌ ജപ്‌തിനടപടികളാണ്‌. അതിനാല്‍ ആക്ടിലെ 31ാംവകുപ്പ്‌ ഭേദഗതി ചെയ്യണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക