Image

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

Published on 22 August, 2017
ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ്‌ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ബുധനാഴ്‌ചയും വാദം തുടരും. ഇന്ന്‌ ഇരു വിഭാഗവും കോടതിക്ക്‌ മുന്നില്‍ വാദങ്ങള്‍ നിരത്തി. ദിലീപിനെതിരേ സിനിമയ്‌ക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന്‌ പ്രതിഭാഗം വാദിച്ചു. 

ലിബര്‍ട്ടി ബഷീറും ഒരു പരസ്യ കന്‌പനിയുമാണ്‌ ഗൂഢാലോചനയ്‌ക്ക്‌ പിന്നില്‍. ഒരു തെളിവുമില്ലാതെയാണ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തത്‌. ഗൂഢാലോചന തെളിയിക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പോലീസ്‌ നിരത്തിയ വാദങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ദിലീപിന്‌ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വ്യക്തമായ തെളിവ്‌ ദിലീപിനെതിരേ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ്‌ പ്രോസിക്യൂഷന്‍ നിലപാട്‌. കേസിലെ പ്രധാന തെളിവുകള്‍ മുദ്രവച്ച കവറില്‍ പോലീസ്‌ കോടതിക്ക്‌ കൈമാറി.

 രാവിലെ 10.30ന്‌ ആരംഭിച്ച വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകനായ ബി.രാമന്‍പിളളയെ കോടതി താക്കീത്‌ ചെയ്യുകയും ചെയ്‌തു. 

ആക്രമിക്കപ്പെട്ട നടിയുടെ പേര്‌ ആവര്‍ത്തിച്ചതിനാണ്‌ കോടതിയുടെ താക്കീത്‌. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി  കാര്‍ഡ്‌ ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന്‌ പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ തമ്മിലുളള തര്‍ക്കമായിരിക്കാം പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമുളള വാദവും പ്രതിഭാഗം ഉയര്‍ത്തി. അന്വേഷണ സംഘത്തിന്‌ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ദിലീപിനെ കുടുക്കാന്‍ സിനിമയ്‌ക്ക്‌ അകത്തുനിന്നും പുറത്തുനിന്നും ശ്രമം ഉണ്ടായതായും ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നുമുളള വാദങ്ങളും ദിലീപിനായി ഉയര്‍ന്നു.

അതേസമയം ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി കാലാവധി നീട്ടിയത്‌. 

ഇന്ന്‌ റിമാന്‍ഡ്‌ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്‌ചയാണ്‌ ദിലീപ്‌ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചത്‌. 

 മാഡം ആരെന്ന്‌ വെളിപ്പെടുത്താതെ മാഡത്തിന്‌ പങ്കില്ലെന്ന്‌ വ്യക്തമാക്കി പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന്‌ പങ്കില്ലെന്നും നടി കാവ്യ മാധവനുമായി പരിചയമുണ്ടെന്നും സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന്‌ കാവ്യ മാധവന്‍ പറയുന്നത്‌ ശരിയല്ല. കാവ്യയ്‌ക്ക്‌ താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കവെ സുനി പറഞ്ഞു.

നേരത്തെ ആഗസ്റ്റ്‌ 16ന്‌ കേസിലെ മാഡത്തെ വെളിപ്പെടുത്തുമെന്നും മാഡത്തെക്കുറിച്ച്‌ എഴുതാന്‍ തുടങ്ങിയെന്നുമെല്ലാം സുനി നിരന്തരം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന്‌ പിന്നില്‍ സ്‌ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും ഇതിനോടകം നിരവധി തവണ സുനി പറഞ്ഞിരുന്നു.

പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന്‌ ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക