Image

ഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു

ജോസ് മാളേയ്ക്കല്‍ Published on 22 August, 2017
ഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
ഫിലാഡല്‍ഫിയ: സെ. ജൂഡ് സീറോ മലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഗസ്റ്റ് 19 ശനിയാഴ്ച്ച സമംഗളം ആഘോഷിച്ചു. ബെന്‍സേലം സെ. എലിസബത്ത് ആന്‍ സീറ്റോണ്‍ പള്ളിയില്‍ നടന്ന ജൂബിലിആഘോഷങ്ങളില്‍ സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസും, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, വാഷിങ്ങ്ടണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള നിരവധിവൈദികരും, കന്യാസ്ത്രിമാരും, അല്മായപ്രമുഖരും, ഇടവകകൂട്ടായ്മയും, ജൂബിലേറിയന്റെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു.

ആഗസ്റ്റ് 19 ശനിയാഴ്ച്ച രാവിലെ 10 മണിക്കു ജൂബിലി നിറവില്‍ നില്‍ക്കുന്ന സജി അച്ചന്‍ കൃതഞ്ജതാബലിയര്‍പ്പിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു. അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെയും, ഇടവകാംഗങ്ങള്‍കൂടിയായ ഫാ. ജേക്കബ് ജോണ്‍, ഫാ. മൈക്കിള്‍ എടത്തില്‍, റവ. സി. ജോസ്‌ലിന്‍ എടത്തില്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ബലിയര്‍പ്പണത്തിനു ധന്യത പകര്‍ന്നു. പൊതുസമ്മേളനം, സണ്ടേസ്‌കൂള്‍ കുട്ടികളുടെ വിവിധ കള്‍ച്ചറല്‍ പരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരുന്നു.

വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടന്ന അനുമോദനസമ്മേളനത്തില്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു. ജൂബിലേറിയനു അനുമോദനങ്ങളര്‍പ്പിച്ചുകൊണ്ട് എക്യൂമെനിക്കല്‍ കോ-ചെയര്‍മാന്‍ റവ. ഫാ. കെ. കെ. ജോണ്‍, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ട് ചാര്‍ലി ചിറയത്ത്, ഇടവകകൂട്ടായ്മയുടെ പ്രതിനിധി സോഫിയാ സൈമണ്‍, സണ്ടേ സ്‌കൂള്‍ & എം.സി.വൈ.എം പ്രതിനിധി സിന്ധു ജോണ്‍, സെന്റ് അത്തനാസിയൂസ് പാരീഷ് പാസ്റ്റര്‍ റവ. ജോസഫ് ഒകോന്‍സ്‌കി, പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. സെന്റ് ജൂഡ് ഇടവകയുടെ വിശേഷാല്‍ പാരിതോഷികം ട്രഷറര്‍ രാജു ജോര്‍ജ് നല്‍കി ആദരിച്ചു. ജൂബിലേറിയന്‍ റവ. ഡോ. സജി മുക്കൂട്ട് തനിക്ക് നല്‍കിയ ഗംഭീര സ്വീകരണത്തിനും, പാരിതോഷികത്തിനും പ്രത്യേകം നന്ദി അറിയിച്ചു.

ഏഴുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സ്വന്തം നാട്ടില്‍ പാറശാലയില്‍ പുതുതായി സ്ഥാപിക്കപ്പെട്ട രൂപതയുടെ പ്രഥമബിഷപ്പായി സ്ഥലം മാറിപ്പോകുന്ന അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിക്ക് അലക്‌സ് ജോണ്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

പാരീഷ് സെക്രട്ടറി ബിജു കുരുവിള സ്വാഗതവും, ട്രഷറര്‍ മാത്യു തോമസ് കൃതഞ്ജതയും പറഞ്ഞു. ജൂബിലി പ്രോഗ്രാം കോര്‍ഡിനേറ്ററായ ഫിലിപ് ജോണ്‍ (ബിജു) പൊതുസമ്മേളനത്തിന്റെ എം. സി യായിരുന്നു.

തുടര്‍ന്നു ഇടവകയിലെ സണ്ടേസ്‌കൂള്‍ കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികള്‍ക്ക് നല്ലൊരു കലാവിരുന്നൊരുക്കി.

ആലുവാ സെ. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും വൈദികപഠനം പൂര്‍ത്തിയാക്കിയ സജി അച്ചന്‍ 1992 ഡിസംബര്‍ 22 നു തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍നിന്നും സ്വന്തം ഇടവകയായ വയലത്തല സെ. മേരീസ് പള്ളിയില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ പത്തനാപുരം, പാലോട്, ചെമ്പൂര്‍, തുടങ്ങിയ ഇടവകകളില്‍ അജപാലനദൌത്യം പൂര്‍ത്തിയാക്കിയ സജി അച്ചന്‍ മലങ്കരസഭാ മേജര്‍ആര്‍ച്ച്ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1996  ല്‍  അമേരിക്കയിലെത്തിയ ജൂബിലേറിയന്‍ ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ്, ചിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം 2014 ആഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നു.
ഫിലാഡല്‍ഫിയ നസറത്ത് ഹോസ്പിറ്റലില്‍ ചാപ്ലെയിന്‍ ആയും ജോലിചെയ്യുന്നു. മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം) ഡയറക്ടര്‍, വൊക്കേഷന്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. സജി ഇപ്പോള്‍ രൂപതയുടെ മതബോധനഡയറക്ടറാണ്.
ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ചെയര്‍മാന്‍, ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും ഫിലാഡല്‍ഫിയാ ക്രൈസ്തവ സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നു.
സജി അച്ചന്റെ മാതാപിതാക്കള്‍ 1983 ല്‍ അമേരിക്കയില്‍ കുടിയേറി. സഹോദരങ്ങളായ മോന്‍സി ജോര്‍ജ്, സുജ കുര്യന്‍, സുമാ ജേക്കബ്, സുഭാ ജയിംസ് എന്നിവര്‍ ഡാലസില്‍ കുടുംബസമേതം കഴിയുന്നു.

പാരീഷ് ജനറല്‍ സെക്രട്ടറി ബിജു കുരുവിള, സില്‍വര്‍ ജൂബിലി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫിലിപ് ജോണ്‍ (ബിജു), ട്രഷറര്‍ മാത്യു തോമസ്, ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ സാം ഫിലിപ്, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫേബാ ചാക്കോ, സണ്ടേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലക്‌സ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ജൂബിലി ആഘോഷങ്ങള്‍ ഭംഗിയായി ക്രമീകരിച്ചു.

ഫോട്ടോ: സണ്ണി സാമുവേല്‍


ഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചുഫാ. സജി മുക്കൂട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക