Image

ദിലീപ്‌ 'കിംഗ്‌ ലയര്‍' എന്ന്‌ പ്രോസിക്യൂഷന്‍ ; ജാമ്യാപേക്ഷ വിധി വെള്ളിയാഴ്ച

Published on 23 August, 2017
ദിലീപ്‌ 'കിംഗ്‌ ലയര്‍' എന്ന്‌ പ്രോസിക്യൂഷന്‍ ; ജാമ്യാപേക്ഷ വിധി വെള്ളിയാഴ്ച

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്.

പ്രതിഭാഗം വാദം ഇന്നലെയും ഇന്നുമായി നാലര മണിക്കൂറോളം നീണ്ടെങ്കില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് വേഗത്തില്‍ അവസാനിച്ചു.

ദിലീപിനെതിരേ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതി രക്ഷപെടാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ദിലീപ് 'കിംഗ് ലയര്‍' ആണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിക്ക് കൈമാറുകയും ചെയ്തു.

ദിലീപും പള്‍സര്‍ സുനിയും പരിചയക്കാരല്ലെങ്കില്‍ ഇരുവരുടെയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരു ടവറിനു കീഴില്‍വരുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടെന്നും കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു.

നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 

സുനിലും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും?
സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ പുറത്തുനിന്നു ഗൂഢാലോചന നടത്തേണ്ടതുണ്ടോ? പൊലീസ് കണ്ടെടുത്ത ഒന്‍പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലുവര്‍ഷത്തെ ഗൂഢാലോചന ആയിരുന്നെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ?
ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാന്‍ ശ്രമിക്കില്ലേ?

മേല്‍നോട്ട ചുമതലയുള്ള എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില്‍ അനുവദിച്ചില്ല. പൊതുജന വികാരം തനിക്കെതിരെയാക്കാന്‍ പൊലീസ് ബോധപൂര്‍വമായ ശ്രമം നടത്തി. അറസ്റ്റിനു പിന്നാലെ ഭൂമി കയ്യേറ്റം, ഹവാല തുടങ്ങിയ ആരോപണങ്ങളുണ്ടാകുകയും അന്വേഷണത്തില്‍ കഴമ്പില്ലെന്നു വ്യക്തമാകുകയും ചെയ്തതു വന്‍ഗൂഢാലോചനയുടെ തെളിവാണ്. മാധ്യമങ്ങളും വേട്ടയാടുന്നു.

ദിലീപിനോടു ശത്രുതയുള്ള തിയറ്റര്‍ ഉടമയും പരസ്യ സംവിധായകനും മറ്റും ശക്തമായ നീക്കങ്ങള്‍ക്കു കഴിവുള്ളവരാണ്. 

പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്-പ്രോസിക്യൂഷന്‍  വാദിച്ചു. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്.

കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടെന്ന് തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്റെ രഹസ്യമൊഴിയുണ്ട്.

മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന് ജാമ്യം നല്‍കരുത്-പ്രോസിക്യൂഷന്‍  വാദിച്ചു. 

Join WhatsApp News
Tom abraham 2017-08-23 10:21:06

In the US supreme Court case, there are many king liars in the police also. In Kerala, only one king liar ?




മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക