Image

ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരസ്യ ഇടപെടല്‍

Published on 23 August, 2017
ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരസ്യ ഇടപെടല്‍
 
അങ്കാര: അടുത്ത മാസം നടക്കാനിരിക്കുന്ന ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ പരസ്യ ഇടപെടല്‍. തുര്‍ക്കിയുടെ ശത്രുക്കള്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് ജര്‍മനിയില്‍ പൗരത്വമുള്ള തുര്‍ക്കി വംശജരോട് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ മുന്നണയില്‍പ്പെടുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ എന്നീ പാര്‍ട്ടികളെയും ഗ്രീന്‍ പാര്‍ട്ടിയെയുമാണ് തുര്‍ക്കിയുടെ ശത്രുക്കള്‍ എന്ന എര്‍ദോഗാന്‍ വിശേഷിപ്പിക്കുന്നത്.

ഈ പാര്‍ട്ടികളുടെയെല്ലാം പേരെടുത്തു പറഞ്ഞു തന്നെയാണ് ആഹ്വാനം. അവരെല്ലാം തുര്‍ക്കിയുടെ ശത്രുക്കളാണെന്നും ടെലിവിഷനിലൂടെ പ്രഖ്യാപനം. ജര്‍മനിയുടെ പരമാധികാരത്തിലുണ്ടായ അഭൂതപൂര്‍വമായ തലയിടലാണിതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രിയും സിഎസ്യു നേതാവുമായ സിഗ്മര്‍ ഗബ്രിയേലിന്റെ പ്രതികരണം. ജര്‍മനിയിലെ ജനങ്ങളെ പ്രകോപിതരാക്കി തമ്മില്‍ തല്ലിക്കാനാണ് ഇത്തരമൊരു നടപടിയിലൂടെ എര്‍ദോഗാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തുര്‍ക്കിയെ കൂടുതല്‍ ആക്രമിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന മട്ടിലാണ് സിഡിയുവും സിഎസ്യുവും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് എര്‍ദോഗാന്‍ ആരോപിച്ചു. തുര്‍ക്കിയോട് ശത്രുത കാണിക്കാത്ത പാര്‍ട്ടികളെയാണ് പിന്തുണയ്‌ക്കേണ്ടത്. അത് ഒന്നാമത്തെ പാര്‍ട്ടിയോ രണ്ടാമത്തെ പാര്‍ട്ടിയോ എന്നു നോക്കേണ്ട കാര്യമില്ലെന്നും എര്‍ദോഗാന്‍. ഏതു പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല. അടുത്ത മാസം 24നാണ് ജര്‍മനിയില്‍ തെരഞ്ഞെടുപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക