Image

നേരറിവില്‍ വാര്‍ത്തയുടെ മനോരഥമുരുട്ടി മനോരമയും തോമസ് ജേക്കബും-2 (എ.എസ് ശ്രീകുമാര്‍)

Published on 23 August, 2017
നേരറിവില്‍ വാര്‍ത്തയുടെ മനോരഥമുരുട്ടി മനോരമയും തോമസ് ജേക്കബും-2 (എ.എസ് ശ്രീകുമാര്‍)
മലയാള മാധ്യമ രംഗം ഇന്ന് വായനക്കാരുടെയും പ്രേക്ഷകരുടെയും മുമ്പില്‍ തുറന്നിരിക്കുന്ന പുസ്തകമാണ്. ഇത്രമേല്‍ വിപ്ലവം സൃഷ്ടിച്ച മേഖല വേറെയുണ്ടാവില്ലെന്ന് അഭിമാനത്തോടെയും ആധികാരികതയോടെയും പറയുവാന്‍ കഴിയും. പണ്ട്, അല്ല ഇന്നും മുത്തശ്ശിക്കഥകള്‍ കേള്‍ക്കാന്‍ നമുക്കാവേശമുണ്ട്. ആര്‍ജവത്തോടെ പിതാമഹന്മാര്‍ അത് പറഞ്ഞ് തരികയും ചെയ്യും. കഥകള്‍ക്ക് ഒരു സത്യമുണ്ട്. ഒപ്പം സന്ദേശവും. മലയാളികള്‍ക്കൊരു പ്രത്യേകതയുണ്ട്. രാവിലെ പത്രം കിട്ടിയില്ലെങ്കില്‍ പ്രഭാതകൃത്യങ്ങള്‍ ഒന്നും നടക്കില്ല. അതുകൊണ്ട് അച്ചടിച്ച് ചൂടോടെ എത്തുന്ന പത്രങ്ങള്‍ ഏത് മഴക്കാലത്തായാലും നമ്മുടെ വരാന്തയിലുണ്ടാകണം എന്ന വാശിയുണ്ട്.

ജീവിതത്തിലെ വിഷമസന്ധികളില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ വാര്‍ത്തകള്‍ക്ക് വേണ്ടി നാം കാത്തിരിക്കാറുണ്ട്. പരിസര ബോധത്തിന്റെ വിളംബരമാണ് വാര്‍ത്തകള്‍. സത്യവും അസത്യവും വ്യക്തി താത്പര്യവുമെല്ലാം സമീകൃതമായി പേജുകളില്‍ നിറയുമ്പോള്‍ നമ്മള്‍ വായനക്കാര്‍ ഏത് പക്ഷം പിടിക്കണമെന്ന് വ്യാകുലപ്പെട്ടേക്കാം. നമ്മള്‍ ഇന്നും ശരിയുടെ പക്ഷത്താണ്. ആ വലിയ ശരിയുടെ പക്ഷത്ത് നിന്നുകൊണ്ട് മലയാള മനോരമ ദിനപത്രത്തെ കേരളീയരുടെ ഹൃദയങ്ങളിലേക്ക് ആവാഹിച്ച തോമസ് ജേക്കബ്ബ് സാറിന്റെ സംഭാഷണം തുടരുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് പത്രവായനയുടെ ഊര്‍ജവും ഉള്‍ക്കാഴ്ചയും നല്‍കിയ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍ തിരി തെളിയാനിരിക്കെ മാധ്യമകുലപതിയായ തോമസ് ജേക്കബ്ബ് സാര്‍ ഉള്ളു തുറന്ന് സംസാരിക്കുന്നു. ഇത് സ്‌നേഹത്തിന്റെ സമീക്ഷയാണ്... പൂരിപ്പിക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ മനസ്സിലേക്ക് അനുഭവത്തിന്റെ ചാലുകീറിക്കൊണ്ടാണ് അദ്ദേഹം സുപ്രഭാതങ്ങളുടെ പേജ് നിറയ്ക്കുന്നത്. ആ അനുഭവസഞ്ചാരം തുടരുന്നു.

? മലയാള മനോരമയുടെ കോഴിക്കോട് എഡിഷന് ശേഷം കൊച്ചിയിലേക്കുള്ള യാത്ര...

* 1979ല്‍ കൊച്ചിയില്‍ നിന്നും മനോരമ അച്ചടിയാരംഭിക്കാന്‍ തീരുമാനിച്ചു. എന്നോട് കൊച്ചിയിലേക്ക് പോകാന്‍ പറഞ്ഞു. കൊച്ചി കഴിഞ്ഞ് തിരുവനന്തപുരത്ത് 1987ല്‍ എഡിഷന്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അങ്ങോട്ട് പോകേണ്ടതായിരുന്നു. അപ്പോഴാണ് ടെക്‌നോളജി എല്ലാം മാറിയത്. എല്ലാം കോട്ടയത്തു തന്നെ ഇരുന്ന് ചെയ്യാവുന്ന ടെക്‌നോളജി വന്നു. ഫോട്ടോ കമ്പോസിങ് വന്നു. ഫാക്‌സിമിലി ട്രാന്‍സിമിഷന്‍ വന്നു. ഒരു സ്ഥലത്തിരുന്ന് എല്ലായിടത്തെയും പേജ് ചെയ്തയയ്ക്കാവുന്ന ടെകനോളജി ആയിരുന്നു അത്.

? ടെക്‌നോളജി മാറ്റത്തിന്റെ കാര്യങ്ങള്‍ വായനക്കാരില്‍ എത്രമാത്രം ബോദ്ധ്യപ്പെടുത്തി എന്ന് പറയാം...

* 1987ല്‍ ടെക്‌നോളജി മാറ്റത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കൊച്ചിയിലേക്ക് പോയത്. കൊച്ചിയില്‍ ഇരുന്ന കാലം മുതല്‍ എഡിറ്റോറിയല്‍ പേജ് ഉള്‍പ്പെടെ അവിടെ നിന്ന് ചെയ്യാന്‍ തുടങ്ങി. ഒരു കാര്യം പറയട്ടെ, അന്ന് ഇത്രത്തോളം മൊബൈല്‍ റീച്ചെബിലിറ്റി ഇല്ലാത്ത കാലമായിരുന്നു. പിന്നെ കൊച്ചി ഒരു സെന്‍ട്രല്‍ ഏരിയയുമാണല്ലോ. എന്തെങ്കിലും ഒരു സംഭവം അപ്രതീക്ഷിതമായി ഉണ്ടായാല്‍ ഫാക്‌സിമിലി ഇല്ലാതെ തന്നെ എല്ലായിടത്തേയ്ക്കും പേജുകള്‍ അയയ്ക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. ഉദാഹരണം: കോഴിക്കോട്ടേയ്ക്ക് പോകണമെങ്കില്‍ ഒരു വണ്ടിയെടുത്ത് നാലര മണിക്കൂര്‍ സഞ്ചരിച്ചാല്‍ മതി. ആ റോഡ് ഫെസിലിറ്റിയും തീര്‍ച്ചയായും ഞങ്ങള്‍ ആ കാലഘട്ടത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ നാട്ടുകാര്‍ക്ക് എത്തിച്ചു.

? സാറിന്റെ മനോരമയിലെ അനുഭവങ്ങളും ഉദ്യോഗ സംബന്ധമായ കയറ്റത്തെക്കുറിച്ചും പറയുകയാണെങ്കില്‍...

* എന്നെ ന്യൂസ് എഡിറ്ററാക്കി. പിന്നെ ചീഫ് ന്യൂസ് എഡിറ്ററാക്കി. അതും കഴിഞ്ഞ് അസോസിയേറ്റ് എഡിറ്ററാക്കി. വളരെ വൈകിയാണ് മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ സ്ഥാനം കിട്ടിയത്. സന്തോഷമുണ്ട് മറക്കാനാവുകയുമില്ല ആ കാലഘട്ടങ്ങള്‍. ഇവിടെ ഇങ്ങനെയൊക്കെ നടക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു ചിന്തയുണ്ട്. ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ കാര്യങ്ങളുടെ തലപ്പത്തുള്ളവരില്‍ ഒരാളായിട്ട് അധിക കാലം പ്രായമാകുന്നതിനു മുമ്പ് അതില്‍ നിന്ന് പിരിയണം. കാരണം പ്രായമാകുമ്പോള്‍ നമ്മുടെ ജഡ്ജ്‌മെന്റില്‍ തെറ്റുകള്‍ വന്നേക്കാം. നമ്മുടെ റിഫ്‌ളക്‌സുകള്‍ പഴയതുപോലെ ആയില്ലെന്നും വരാം. 75 വയസ്സാണ് ഒരു ഔട്ടര്‍ ലിമിറ്റായി ഞാന്‍ കരുതിയിരുന്നത്. 74 വയസ്സായപ്പോഴേ ഇക്കാര്യം മാനേജ്‌മെന്റല്‍ സൂചിപ്പിച്ചിരുന്നു. സ്വമേധയാ വിരമിക്കണമെന്ന എന്റെ ആവശ്യം അവര്‍ ആദ്യം സമ്മതിച്ചില്ല. പിന്നെ ഇക്കൊല്ലം 76 വയസ്സായപ്പോള്‍ അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. വിധി അങ്ങനെ ആകണമെന്ന ആഗ്രഹത്തോടെ മനോരമയില്‍ എനിക്ക് ശേഷം ഒരു ടീമിനെ വാര്‍ത്തെടുത്തു.

? തോമസ് ജേക്കബ്ബ് സാറിന്റെ എഴുത്തും വായനയും നിരീക്ഷണങ്ങളും എത്രമേല്‍ മലയാള മാധ്യമ ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്നു ചോദിച്ചാല്‍...

* പറയാം. താരതമ്യം അപ്പോഴും മാതൃഭൂമിയോടായിരിക്കുമല്ലോ. എന്നെ കോഴിക്കോട്ടേക്ക് അയയ്ക്കുമ്പോള്‍ കെ.എം മാത്യു സാര്‍ പറഞ്ഞത് വീണ്ടും ഓര്‍ക്കുകയാണ്. നമ്മുക്ക് മാതൃഭൂമിയുടെ മുന്നിലേക്ക് കേറണം. എന്റെ വിചാരവും പ്രവൃത്തിയും അങ്ങനെ തന്നെയായിരുന്നു. പക്ഷേ, അന്നെന്റെ ചിന്തയില്‍ തോന്നിയ ഒരു കാര്യം ആത്മാര്‍ത്ഥമായി പറയാന്‍ ആഗ്രഹിക്കുന്നു. മനോരമയുടെ എഡിറ്റോറിയല്‍ ബോര്‍ഡിനെ കവച്ചു വയ്ക്കാന്‍ പ്രാപ്തരായ പത്രാധിപന്മാര്‍ മറ്റ് പല പത്രങ്ങളിലും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അവരെക്കാളൊന്നും മികച്ചു നില്‍ക്കുന്നവനല്ല ഞാനെന്ന് എനിക്കറിയാമായിരുന്നു. ആ അവകാശവാദം ഒരിക്കലും ഞാന്‍ ഉന്നയിച്ചിട്ടുമില്ല. ഇവിടെ മനോരമയില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മറ്റ് പലയിടത്തും വ്യക്തികള്‍ക്കായിരുന്നു പ്രാധാന്യം. ആദ്യകാലത്ത് മനോരമ മറ്റ് പത്രങ്ങളില്‍ നിന്ന് ആളുകളെ മനോരമയിലേക്ക് എടുത്തിരുന്നു. പിന്നെ അതെല്ലാം അവസാനിപ്പിച്ച് ഒരു ട്രെയിനിങ് സംവിധാനം ഉണ്ടാക്കി. ആ ട്രെയിനിങ് സംവിധാനത്തില്‍ മനോരമയുടെ ഒരു കുടുംബ പശ്ചാത്തലം ഉണ്ടായിരുന്നു. മനോരമയുടെ ഓഫീസിലേക്ക് കയറിവന്ന് ജോലി ചെയ്ത് മടങ്ങുന്നവര്‍ എല്ലാവരും മനോരമക്കാരാണ്. അതാണ് മലയാള മനോരമ എന്ന മാധ്യമ സ്ഥാപനത്തിന്റെ മുഖമുദ്ര.

? ഇത്രയും പറയുമ്പോള്‍ മനോരമ പത്രം വായിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും തോമസ് ജേക്കബ്ബ് സാറിന്റെ പത്രപ്രവര്‍ത്തന മികവിന്റെ ആരാധനാ ഗ്രൗണ്ടില്‍ നിന്നും എന്താണ് പറയുവാനുള്ളത്...

* നമ്മുടെ ഫോട്ടോഗ്രാഫിക് ടീം എറ്റവും മികച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും നല്ല ന്യൂസ്‌പ്പേപ്പര്‍ ആര്‍ട്ടിസ്റ്റുകള്‍ മനോരമയിലാണുള്ളത്. അവര്‍ വിഷ്വല്‍ ഭംഗിയില്‍ പത്രത്തെ വളരെ വളരെ മനോഹരമാക്കി.

? മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടുകള്‍ വളരെ മനോഹരമാണ്. ഈ മനോഹാരിതയിലേയ്ക്ക്, വാര്‍ത്തകളുടെ ഉള്ളടക്കങ്ങളിലേക്ക് നയിക്കുന്ന ടൈറ്റില്‍ പ്രയോഗങ്ങളുടെ രഹസ്യം ഏവര്‍ക്കും അറിയേണ്ടതുണ്ട്. ഉറപ്പായിട്ടും തോമസ് ജേക്കബ്ബ് സാര്‍ അതിന്റെ അമരത്തു നിന്ന് തുഴയെറിയുന്ന ആളാണെന്ന് വിശ്വാസിക്കുന്നു...

* എപ്പോഴും ക്യാച്ചിങ് ടൈറ്റിലുകള്‍ക്കു വേണ്ടി നമ്മള്‍ ശ്രമിക്കും. ഇപ്പോള്‍ നെറ്റിന്റെയൊക്കെ കാലമാണല്ലോ. ഉദാഹരണം പറഞ്ഞാല്‍ പാലക്കാട്ട് ഇരിക്കുന്ന ഒരു പ്രാദേശിക ലേഖകന്‍ പേജ് ചെയ്യുകയാണ്. അദ്ദേഹത്തിന് മലയാള മനോരമയുടെ ഒന്നാം പേജിലേക്ക് ഒരു ടൈറ്റില്‍ നിര്‍ദ്ദേശിക്കാം. മീഡിയ അത്രമേല്‍ സജീവമാണിന്ന്. വാര്‍ത്തകള്‍ ഈ പാലക്കാട്ട് ലേഖകനും കൃത്യമായി അറിഞ്ഞിട്ടുണ്ട്. തലക്കെട്ടുകള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരിക്കലും ഉള്ളടക്കം ചോര്‍ന്നു പോകുകയുമില്ല. മികവാര്‍ന്ന തലക്കെട്ടുകള്‍ കിട്ടുവാന്‍ വേണ്ടി എല്ലാ പ്രാദേശിക ലേഖകന്‍മാരെയും നമ്മള്‍ സമീപിച്ചു. വെറുതെ ആയിരുന്നില്ല ആ ശ്രമം. മികച്ച തലക്കെട്ട് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് അവാര്‍ഡുകളും നല്‍കാനുള്ള ശ്രമം ഉണ്ടായി. അവാര്‍ഡുകള്‍ കൊടുത്തു മികച്ച ടൈറ്റിലുകള്‍ ഉണ്ടായി. അങ്ങനെ വാര്‍ത്തകളിലും സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളിലും ഇഷ്ടടൈറ്റിലുകള്‍ കൊടുത്തുകൊണ്ട് മലയാള മനോരമ പൂമുഖത്ത് വാര്‍ത്ത എത്തിക്കുകയാണ്. വിശേഷങ്ങളും...നന്മകളും...സ്‌നേഹവും...

***
നിമിഷ വൃത്താന്തങ്ങളുടെ വെളിച്ചത്തിലേക്കാണ് പത്രങ്ങളുടെ പേജുകള്‍ വായിക്കപ്പെടുന്നത്. ഉറപ്പായിട്ടും പറയാം മലയാളികളുടെ ഉണര്‍വിന്റെ ഊര്‍ജവും പ്രവൃത്തിയുടെ ശക്തിയും ഉറക്കത്തിന്റെ കരുത്തും മാധ്യമങ്ങള്‍ തന്നെയാണ്. വാര്‍ത്തകള്‍ അറിയാതെ വിവരങ്ങള്‍ കേള്‍ക്കാതെ ഒരു മലയാളിയും ഉറങ്ങില്ല, എഴുന്നേല്‍ക്കുകയുമില്ല. ആ വാര്‍ത്താവായനയുടെ ശ്രീലകങ്ങളില്‍ ഈ ഓണക്കാലം പൂക്കളമിടുന്ന തോമസ് ജേക്കബ്ബ് സാറിന്റെ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത് തുടരുന്നതാണ്. 

Part-1
നേരറിവില്‍ വാര്‍ത്തയുടെ മനോരഥമുരുട്ടി മനോരമയും തോമസ് ജേക്കബും-2 (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക