Image

പിണറായിയെ തോല്‍പ്പിക്കാനാവില്ല മക്കളെ...(അനില്‍ കെ.പെണ്ണുക്കര)

അനില്‍ കെ.പെണ്ണുക്കര Published on 23 August, 2017
പിണറായിയെ തോല്‍പ്പിക്കാനാവില്ല മക്കളെ...(അനില്‍ കെ.പെണ്ണുക്കര)
എസ്. എന്‍. സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിജയം.ഇന്ന് അദ്ദേഹം പത്രക്കാരെ നോക്കി നന്നായി ചിരിച്ചു.ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു .
പറയേണ്ടത് ഇതു വേദിയില്‍ ആയാലും പറയുക എന്ന ശൈലി മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം .അത് പാര്‍ട്ടി വേദിയിലും പറയുമെങ്കിലും പാര്‍ട്ടി പറയ്ന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടി ആണ് അദ്ദേഹം .

കാലഘട്ടത്തിനനുസ്സരിച്ച് പാര്‍ട്ടി നയങ്ങള്‍ക്ക് മാറ്റം വരണമെന്നാഗ്രഹിക്കുന്ന ആളായി ഇദ്ദേഹം ഇന്നും കരുതപ്പെടുന്നു.നയസമീപനങ്ങളിലെ മാറ്റം വ്യതിയാനമാണെന്ന വിമര്‍ശനം അന്തരിച്ച സൈദ്ധ്യാന്തികന്‍ എം.എന്‍.വിജയനും പാര്‍ട്ടിയിലെ ഒരു വിഭാഗവും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവും ഗ്രൂപ്പ് പ്രവര്‍ത്തനവും നടക്കുന്നുവെന്നും പിണറായി വിജയന്‍ അതില്‍ ഒരു വിഭാഗത്തിന്റെ നായകനായി ഇന്നും കരുതപ്പെടുന്നു.

കേരളത്തില്‍ വൈദ്യുതി മന്ത്രി ആയി ഇരുന്ന കാലത്ത് മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി എഴുതിയ ഒരു മുഖപ്രസംഗം ഉണ്ട് .അതില്‍ പിണറായി എന്ന ഉത്തരവാധിത്വമുള്ള ഒരു ഭരണധിപനെ നമുക്ക് വായിചെടുക്കാനാകും.
മാതൃഭൂമി. 22 ഒക്ടോബര്‍ 1998.
"വൈദ്യുത ഉല്പാദന വിതരണ രംഗങ്ങളില്‍ ഗണ്യമായ നേട്ടങ്ങള്‍ വിജയന്റെ കാലത്തുണ്ടായിട്ടുണ്ട്. എല്ലാം അദ്ദേഹം മുന്‍കയ്യെടുത്ത് ചെയ്തുവെന്നല്ല; തുടങ്ങിവെച്ചവയും പണിതീരാതെ അനന്തമായി നീളുന്നവയുമായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും വേണ്ടിയിരുന്നത് ഒരു ഉന്ത് ആണ്. അതദ്ദേഹം കൊടുത്തു. ലോവര്‍ പെരിയാറില്‍ നിന്നും ബ്രഹ്മപുരത്തു നിന്നും വൈദ്യുതി കിട്ടുവാന്‍ തുടങ്ങി. കക്കാട് പദ്ധതിക്ക് പുനരുജ്ജീവനമായി. ആതിരപ്പള്ളിയും കുറ്റിയാടി എക്സ്റ്റന്‍ഷനും വീണ്ടും ചലിച്ചു തുടങ്ങി. കേരളത്തിനു വേണ്ടി ഒരു വൈദ്യുത വികസനനയം പ്രഖ്യാപിച്ചത് വിജയനാണ്. അത് പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും പരിമിതമായ വിദേശമൂലധനത്തിനും സ്ഥാനം നല്‍കുന്ന ഒന്നായിരുന്നു. വിമര്‍ശനങ്ങളെ അവഗണിച്ച്, കോഴിക്കോടെ ഡീസല്‍ വൈദ്യുതകേന്ദ്രം സ്ഥാപിക്കുന്ന ജോലി അദ്ദേഹം തുടങ്ങി വച്ചു. ചീനയില്‍ നിന്നുള്ള സഹായ സഹകരണങ്ങളോടെ ചെറുകിട വൈദ്യുത പദ്ധതികള്‍ തുടങ്ങുവാന്‍ പരിപാടിയുണ്ടാകി.വിജയന്‍ മന്ത്രിയാകുന്ന സമയത്ത് വ്യവസായങ്ങള്‍ക്ക് നൂറ് ശതമാനം പവര്‍കട്ട് ആയിരുന്നു. വീടുകള്‍ക്ക് ലോഡ്‌ഷെഡിങ്ങ് വേറെ. ധാരാളം മഴ കിട്ടില് വൈദ്യുത ഉല്പാദനം മെച്ചപ്പെട്ടു; ഒന്ന് രണ്ട് പദ്ധതികള്‍ ഉല്പാദനക്ഷമങ്ങളായി; കിഴക്കന്‍ ഗ്രിഡില്‍ നിന്ന് വൈദ്യുതി വാങ്ങുവാന്‍ മന്ത്രി ഏര്‍പ്പാടുമുണ്ടാക്കി. എല്ലാം കൂടി, മൂന്നു കൊല്ലത്തിനകം, വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട് മുഴുവന്‍ നീക്കാന്‍ വിജയനു കഴിഞ്ഞു; ജില്ലാ ആസ്ഥാനങ്ങളില്‍ ലോഡ് ഷെഡിങ്ങും നിര്‍ത്തി..."

1996 മുതല്‍ 1998 കാലഘട്ടത്തില്‍ കേരളത്തിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്നോണം, വൈദ്യുതി ഉല്‍പാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും പിണറായി വിജയന്‍ പങ്കു വഹിച്ചിട്ടുണ്ടെന്ന് മാതൃഭൂമി ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു .1996 മുതല്‍ 1998 കാലഘട്ടത്തില്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോള്‍, ലാവലിന്‍ കമ്പനിയുമായി നടന്ന സര്‍ക്കാര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നു് ആരോപണമുണ്ടായതിനെ തുടര്‍ന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തുകയും പിണറായി വിജയന്‍ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു .

എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ പിണറായി വിജയനെ ഒന്‍പതാം പ്രതിയായി ചേര്‍ക്കുകയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടുകയും ചെയ്തു. സി.പി.എം. നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് മന്ത്രിസഭ സഭ അതിനു് അനുമതി നിഷേധിച്ചെങ്കിലും അന്നത്തെ കേരളാ ഗവര്‍ണ്ണര്‍ ആര്‍.എസ്. ഗവായി അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. മഹാരാഷ്ട്രയില്‍ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോണ്‍ഗ്രസ് സഹായം ഉറപ്പുവരുത്താന്‍ ആര്‍.എസ്. ഗവായ് യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു സി.പി.എം ആരോപിച്ചിരുന്നു. കേരളാ ഗവര്‍ണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ സാമ്പത്തികലാഭം ഉണ്ടാക്കിയതിനു തെളിവ് ലഭിച്ചിട്ടില്ലന്നും അധികാരദുര്‍വിനിയോഗം,കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ മാത്രമേ അന്വേഷണത്തില്‍ തെളിവു ലഭിച്ചിട്ടുള്ളൂവെന്നും സി.ബി.ഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി.

തുടര്‍ന്ന് കേസിന്റെ വിചാരണ നടന്നിരുന്ന തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപേര്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. അത് പരിഗണിച്ച കോടതി പിണറായി വിജയനെ കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തുടരാനുള്ള വസ്തുതകള്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തുകയും അഴിമതി, അധളകാരദുര്‍വ്വിനിയോഗം, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ കുറ്റപത്രം തന്നെ നിലനില്‍ക്കില്ലെന്നും പ്രസ്താവിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നില്‍ എന്ന് തെളിഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയന്‍ എന്ന പിണറായി വിജയന്റെ ജനനം .ഒരു മികച്ച ഭരണധിപനായി ശോഭിച്ച പിണറായി വിജയന്‍ കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തി.അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ രാഷ്ട്രീയ തടവുകാരനായിരുന്നിട്ടുണ്ട്. 1970ല്‍ 26ആം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും ആ തിരഞ്ഞെടുപ്പിലെ അന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തിനു് നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തിസഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

സി.പി.ഐ.(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റു് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടു്. 1998 മുതല്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ കേരളാ മുഖ്യമന്ത്രി.കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂള്‍ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവര്‍ മക്കള്‍. കുമാരന്‍, നാണു എന്നിവര്‍ സഹോദരങ്ങള്‍.പിണറായി ശാരദാവിലാസം എല്‍പി സ്കൂളിലും ,പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. പിണറായിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായി.കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂര്‍ ജില്ലയിലാണ് വിജയന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു.

1967ല്‍ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വര്‍ഷത്തോളമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു വരുന്നു. 2002ല്‍ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.പിന്നീട് 2007 ഒക്ടോബര്‍ 1ന് പിണറായി വിജയനേ പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുത്തു. 2012 ഫെബ്രുവരി 10ന് ഇദ്ദേഹം വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.മുഖ്യമന്ത്രി ആകുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു .

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ആര്‍.എസ്.എസ്ലേക്ക് എത്തിയ വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായിരുന്നു എന്നും അന്നത്തെ ഭരണസ്വാധീനം കൊണ്ട് പിണറായി വിജയന്‍ രക്ഷപ്പെട്ടതാണെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നുണ്ട്.
നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് പന്നിയാര്‍ചെങ്കുളംപള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച കരാറിനെക്കുറിച്ച് ആരോപണമുണ്ടായതിനെ തുടര്‍ന്ന് യു. ഡി. എഫ് ഭരണകാലത്ത് സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തുകയും പിണറായി വിജയന്‍ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പിക്കാന്‍ യു. ഡി. എഫ് തീരുമാനിച്ചു.

തുടര്‍ന്ന് സി.ബി.ഐ. പിണറായി വിജയനെ ഒന്‍പതാം പ്രതിയായി ചേര്‍ക്കുകയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടുകയും ചെയ്തു. അഡ്വേക്കേറ്റു് ജനറലിന്റേയും, കേരളാ മന്ത്രിസഭയുടേയും ഉപദേശം മറികടന്ന് അന്നത്തെ കേരളാ ഗവര്‍ണ്ണര്‍ ആര്‍.എസ്. ഗവായ് സ്വന്തം നിലയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. മഹാരാഷ്ട്രയില്‍ തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് കോണ്‍ഗ്രസ് സഹായം ഉറപ്പുവരുത്താന്‍ ആര്‍.എസ്. ഗവായ് യു. ഡി. എഫ് നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയര്‍ന്നു. കേരളാ ഗവര്‍ണ്ണറുടെ ഈ തീരുമാനത്തെ പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തു. അന്വേഷണത്തിലൂടെ പിണറായി വിജയന്‍ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം സി.ബി.ഐ തന്നെ അപ്രകാരം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി.അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നില്‍ ഉണ്ടായിരുന്നതെന്ന് സി.പി.ഐ.(എം) ഇപ്പോളും പറയുന്നു.

തന്റെ ബാഗില്‍ നിന്നും മാറ്റിവെക്കാന്‍ മറന്നുപോയ സ്വയം രക്ഷാര്‍ത്ഥം കൈവശം വെക്കാന്‍ അനുമതിയുള്ള വെടിയുണ്ട വിമാനത്താവളത്തില്‍ പരിശോധനക്കിടെ കണ്ടെത്തിയതിനെ തുടര്‍ന്ന്, ചില വാര്‍ത്താമാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അദ്ദേഹം തെറ്റുചെയ്തിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടു

.തൊഴിലാളി നേതാവായി ഉയര്‍ന്നുവന്ന പിണറായിയുടെ മകന്റെ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളേജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള മറ്റു വിമര്‍ശനങ്ങളില്‍ ചിലതാണ്. എന്നാല്‍ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയില്‍ ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പിണറായിയുടെ മകന്റെ ബര്‍മിങ്ങ്ഹാം സര്‍വ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയന്‍ വക സാമ്പത്തിക സഹായമൊന്നും നല്‍കുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി.

കേരളത്തിലെ ചില മുഖ്യധാരാ പത്രദൃശ്യ മാധ്യമങ്ങളുടെ ഭാഗമായി സി.പി.ഐ.(എം)നെതിരെ ഒരു ശക്തമായ മാധ്യമസിന്റിക്കേറ്റ് പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം കരുതുന്നു. അത് ചില ഉദാഹരണസഹിതം അദ്ദേഹം പ്രസ്താവിച്ചതിനാല്‍ ആ പത്രദൃശ്യ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എതിരെ ശക്തമായ വിമര്‍ശങ്ങളുണ്ടായി .

മാധ്യമസിന്റിക്കേറ്റിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയെ, മാതൃഭൂമി പത്രാധിപനെതിരായ ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ചു് പത്രാധിപരുടെ ഗില്‍ഡ് അപലപിച്ചിരുന്നു.ഒരു ചെത്തുതൊഴിലാളിയുടെ മകനായ പിണറായി വിജയന്‍ കൊട്ടാരതുല്യമായ വീട് നിര്‍മ്മിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍പോയ നാലു സഖാക്കളെ സസ്‌പെന്റ് ചെയ്തുകൊണ്ടാണ് പിണറായി വിജയന്‍ തനിക്കെതിരായ വിമര്‍ശനത്തെ അടിച്ചമര്‍ത്തിയത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന വാര്‍ത്ത പറയുന്നു. ആ നാലുപേരെ സി.പി.ഐ.എം പുറത്താക്കിയത് വേറെ കാരണങ്ങളായിരുന്നു എന്നതായിരുന്നു പിന്നീടുള്ള പത്രറിപ്പോര്‍ട്ട്. ഇന്റര്‍നെറ്റില്‍ ചിലര്‍ പ്രചരിപ്പിച്ച കൊട്ടാരതുല്യമായ വീടിന്റെ ചിത്രം കുന്നംകുളത്തുള്ള ഒരു വ്യക്തിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു.

ഇത്രത്തോളം രാഷ്ട്രീയ വിവാദങ്ങളിലൂടെയും ,വ്യക്തി ഹത്യയിലൂടെയും കടന്നു പോയ മറ്റൊരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടാകില്ല .ഇതേ ലാവ്‌ലിന്‍ കേസുമായി വീണ്ടും കാണാം ഇന്നിപ്പോള്‍ പറയുന്നത് ബി ജെ പി ആണ് .അപ്പോളും പിണറായി വിജയന്‍ ചിരിക്കുന്നു ,ഇതൊന്നും എനക്ക് ഒരു പ്രശ്‌നമല്ല എന്ന രീതിയില്‍ ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക