Image

ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ കോണ്‍സുല്‍ ജനറല്‍

ജോര്‍ജ് ജോണ്‍ Published on 25 August, 2017
ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ കോണ്‍സുല്‍ ജനറല്‍
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കോണ്‍സുല്‍ ജനറല്‍ ആയി ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ സ്ഥാനമേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മഹാരാഷ്ട്രയില്‍ ജനിച്ച പ്രതിഭാ പാര്‍ക്കര്‍ മുബൈയില്‍ സ്‌ക്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  കോളജ് വിദ്യാഭ്യാസത്തിന് ശേഷം 2000 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നു. റഷ്യയിലെ മോസ്‌കോ ഇന്ത്യന്‍ എംബസിയിലായിരുന്നു ശ്രീമതി പ്രതിഭാ പാര്‍ക്കറിന്റെ ആദ്യസേവനം.

തുടര്‍ന്ന് ഇന്തോനേഷ്യയിലെ ജാക്കാര്‍ത്താ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറി ആയി നിയമിതയായി. ജാക്കാര്‍ത്തായിലെ പ്രശസ്ത സേവനത്തിന് ശേഷം ന്യൂയോര്‍ക്കിലെ യുനൈറ്റഡ് നേഷന്‍സ് പെര്‍മെനന്റ് മിഷന്‍ ഓഫ് ഇന്ത്യയില്‍ കൗണ്‍സിലര്‍ ആയി സേവനം അനുഷ്ടിച്ചു. മൂന്ന് വര്‍ഷത്തെ സേവനത്തിന്‌ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ വിദേശകാര്യ വകുപ്പില്‍ മ്യാന്‍മാറിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ആയി 2006 മുതല്‍ 2008 വരെ സേവനം ചെയ്തു. തുടര്‍ന്ന് വിദേശകാര്യ വകുപ്പില്‍ തന്നെ 2014 മുതല്‍ 2017 വരെ മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ഡയറക്ടറായി പ്രശസ്ത സേവനം അനുഷ്ടിച്ചു.
ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ 2017 ആഗസ്റ്റ് 02 ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സുല്‍ ജനറലായി സ്ഥാനമേറ്റു.

തന്റെ മുന്‍ഗാമികളെ പോലെ ശ്രീമതി പാര്‍ക്കറും ഇന്ത്യയും ജര്‍മനിയുമായിട്ടുള്ള നല്ല നയതന്ത്ര ബന്ധം, കൂടാതെ വ്യാപാര ബന്ധം ഊട്ടി ഉറപ്പിക്കല്‍ എന്നിവ തുടരും. ഇതിന് പുറമെ, വിദ്യാഭ്യാസ മേഖല, ഐ.ടി. മേഖല എന്നിവയില്‍ കൂടുതല്‍ സഹകരണവും, സഹായവും സ്വരൂപിക്കാന്‍ പരിശ്രമിക്കും. ശ്രീമതി പാര്‍ക്കറിന്റെ ഭര്‍ത്താവ് സുഗന്ത് രാജാറാം 2001 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അംഗമാണ്. അദ്ദേഹം ഇപ്പോള്‍ ജര്‍മനിയിലെ മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍  ആയി സേവനം ചെയ്യുന്നു. ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ - സുഗന്ത് രാജാറാം  ദമ്പതികള്‍ക്ക് 12 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി ഉണ്ട്.

ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശീമതി പ്രതിഭാ പാര്‍ക്കര്‍ ഈ റിപ്പോര്‍ട്ടര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ശ്രീമതി പാര്‍ക്കര്‍ ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പില്‍ സേവനം അനുഷ്ടിച്ച  അവസരത്തില്‍ മലയാളം പത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പത്ര ലോകവുമായി ഉണ്ടായിരുന്ന നല്ല ബന്ധം അവര്‍ അനുസ്മരിച്ചു. കഴിഞ്ഞ 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന  ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആദ്യ വനിതാ കോണ്‍സുല്‍ ജനറല്‍ എന്ന ബഹുമതിയും ശീമതി പ്രതിഭാ പാര്‍ക്കറിനാണ്. ഫ്രങ്ക്ഫര്‍ട്ട് കോണ്‍സുല്‍ ജനറലായി  ശ്രീമതി പ്രതിഭാ പാര്‍ക്കറിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ നല്ല ഭാവുകങ്ങളും താന്‍ പ്രതിനിധാനം ചെയ്യുന്ന പത്രത്തിന് വേണ്ടി ഈ ലേഖകന്‍ ആശംസിച്ചു.

ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ കോണ്‍സുല്‍ ജനറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക