Image

നല്ല പ്രേക്ഷകരില്ല; പ്രേക്ഷകരുടെ അഭിരുചിയെ തൃപ്തിപ്പെടുത്താന്‍ ചാനലുകള്‍ ബാധ്യസ്ഥര്‍: ഉണ്ണി ബാലകൃഷ്ണന്‍

ഫ്രാന്‍സീസ് തടത്തില്‍ Published on 25 August, 2017
നല്ല പ്രേക്ഷകരില്ല; പ്രേക്ഷകരുടെ അഭിരുചിയെ തൃപ്തിപ്പെടുത്താന്‍ ചാനലുകള്‍ ബാധ്യസ്ഥര്‍: ഉണ്ണി ബാലകൃഷ്ണന്‍
ചിക്കാഗോ: നല്ല പ്രേക്ഷകര്‍ ഇല്ലാത്തതാണ് മോശമായ മാധ്യമ സംസ്കാരം രൂപപ്പെടാന്‍ കാരണമെന്ന് മാതൃഭൂമി ചാനല്‍ ന്യൂസ് അതാരകനും ഡയറക്ടറുമായ ഉണ്ണി ബാലകൃഷ്ണന്‍. ചിക്കാഗോ ഹോളിഡേ ഇന്‍ ഇറ്റാസ്കാ ഇന്റര്‍നാഷണലില്‍ നടന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ഉത്തരവാദിത്വമുള്ള മാധ്യമങ്ങളും ഉത്തരവാദിത്വമുള്ള സമൂഹവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ അഭിരുചിയെ തൃപ്തിപ്പെടുത്താന്‍ ചാനലുകള്‍ നിര്‍ബന്ധിതരാകുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ചാനലുകളുടെ റേറ്റിംഗ് കുറയും. റേറ്റിംഗ് കുറഞ്ഞാല്‍ പരസ്യം കുറയും. പരസ്യം കുറഞ്ഞാല്‍ വരുമാനം കുറയും. വരുമാനം കുറഞ്ഞാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ചാനലുകള്‍ പൂട്ടിപ്പോകും- അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യല്‍മീഡിയയില്‍ ചാനല്‍ ചര്‍ച്ചകളെ വിമര്‍ശിക്കുന്നവര്‍ തന്നെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നില്ലെങ്കില്‍ ഓഫീസുകളില്‍ വിളിച്ച് വിമര്‍ശിക്കും. ഏതെങ്കിലും പീഡന കേസിലെ ഇരയുടെ മുഖം "മാസ്ക്' ചെയ്തു കൊടുത്താല്‍ അതിനു "ക്ലാരിറ്റി' പോര എന്നു വിമര്‍ശിച്ചുകൊണ്ട് ഫോണ്‍ ചെയ്യും. മറ്റുചാനലുകള്‍ "മാസ്ക്' ചെയ്യാതെ കൊടുക്കുന്ന ദൃശ്യം കണ്ടശേഷമായിരിക്കും ഇത്തരം പ്രതികരണം. അതിനര്‍ത്ഥം നമ്മുടെ സമൂഹം ഇത്തരം വാര്‍ത്തകളോട് അഭിരമിച്ച് തുടങ്ങി എന്നതാണ്. സ്ഥിരം പ്രേക്ഷകര്‍ക്ക് വേണ്ടത് ലഭിക്കാതെ വരുമ്പോള്‍ അവര്‍ ചാനല്‍ മാറി കാണുമ്പോള്‍ റേറ്റിംഗ് കുത്തനെ താഴും. കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തന ചെലവു വരുന്ന ദൃശ്യമാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂ- ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരു ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ വാര്‍ത്താ ബുള്ളറ്റിനുകളും വാര്‍ത്ഥാധിഷ്ഠിത പരിപാടികളും. അതില്‍ അടിപിടിയുണ്ട്, കൊലപാതകമുണ്ട്, സ്ത്രീപീഡനമുണ്ട്, ബലാത്സംഗമുണ്ട്, അസഭ്യങ്ങളുണ്ട്, കൂട്ടത്തര്‍ക്കമുണ്ട്, അഴിമതിയുണ്ട്. ഇതൊക്കെ സിനിമകളിലും ഉള്ളവയാണ്. സിനിമയില്‍ അതൊരു ഫിക്ഷന്‍ ആണെങ്കില്‍ വാര്‍ത്താ ബുള്ളറ്റിനുകളില്‍ അത് യാഥാര്‍ത്ഥ്യമാണ്. ഇത് കാണാനാണ് പ്രേക്ഷകര്‍ക്ക് താത്പര്യം. പല വാര്‍ത്താപരിപാടികളും വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം കാണാന്‍ പറ്റാത്ത പരിപാടികളാണെന്നറിയാം. പക്ഷെ അവ നല്‍കാതിരിക്കാന്‍ പറ്റില്ല. കൊടുത്തില്ലെങ്കില്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റി മറ്റു ചാനലുകളിലേക്ക് മാറും.അങ്ങനെ വരുമ്പോള്‍ റേറ്റിംഗിനെ ബാധിക്കും. നല്ല മാധ്യമസംസ്കാരം രൂപീകരിക്കണമെങ്കില്‍ നല്ല സമൂഹത്തെ സൃഷ്ടിക്കണം. അതുകൊണ്ട് സമൂഹത്തിന്റെ കാതലായ മാറ്റമാണ് അഭികാമ്യം- ഉണ്ണി കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളില്‍ വരുന്ന അഭികാമ്യമല്ലാത്ത വാര്‍ത്തകള്‍ക്കു പകരം നല്ല വാര്‍ത്തകള്‍ നല്‍കാന്‍ മാതൃഭൂമി ചാനല്‍ നടത്തിയ ഒരു ശ്രമം വിജയകരമായിരുന്നില്ല. രണ്ടര വര്‍ഷം മുമ്പ് "നല്ല വാര്‍ത്തകള്‍' എന്ന പേരില്‍ ആരംഭിച്ച വാര്‍ത്താപരിപാടിയുടെ ആദ്യ ദിവസത്തെ റേറ്റിംഗ് പൂജ്യമായിരുന്നു. അതിനര്‍ത്ഥം ആ സമയം പ്രേക്ഷകര്‍ മാതൃഭൂമി ചാനലില്‍ നിന്നു മാറി മറ്റു ചാനല്‍ സന്ദര്‍ശിച്ചു. നാമറിയാതെ നമുക്കു ചുറ്റും ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിനുള്ള ഉത്തരമാണ് "നല്ല വാര്‍ത്തകള്‍' എന്ന പരിപാടിയിലുള്ളത്. റേറ്റിംഗ് കുറവാണെങ്കില്‍ ഒരു നല്ല "മാധ്യമ സംസ്കാരം' വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ഈ പരിപാടി തുടരാന്‍ മാതൃഭൂമി പ്രതിജ്ഞാബദ്ധമാണ്- ഉണ്ണി പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥിതിയെ നിലനിര്‍ത്തേണ്ട ചുമതല മാധ്യമങ്ങളുടേതാണ്. ശരിയായ തീരുമാനങ്ങളെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും സഹായിക്കുകയാണ് മാധ്യമ ധര്‍മ്മം. അല്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയല്ല മാധ്യമങ്ങളുടെ ജോലി. അതിനു സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന പബ്ലിക് റിലേഷന്‍ വകുപ്പിലെ ജീവനക്കാരുണ്ട്.

ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റ് ഭീമന്മാരാണ്. സി.എന്‍.എന്‍- ഐ.ബി.എന്‍ ഉള്‍പ്പടെ രാജ്യത്തുടനീളം 18 ചാനലുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ്. ബി.ജെ.പി സര്‍ക്കാര്‍ 6,11,000 ലക്ഷം കോടിയുടെ കോര്‍പറേറ്റ് നികുതി ഇളവ് നല്‍കിയപ്പോള്‍ ഇന്ത്യയിലെ 130 കോടി വരുന്ന സാധാരണ ജനങ്ങള്‍ക്ക് കൃഷി, രാസവളം, അരി, ഭക്ഷണം തുടങ്ങിയവയ്ക്കായി വെറും 2,35,000 ലക്ഷം കോടി രൂപയാണ് നികുതി ഇളവ് അനുവദിച്ചത്. ഇക്കാര്യങ്ങളൊന്നും ഒരു ദേശീയ ചാനലുകളും ചര്‍ച്ച ചെയ്തുകണ്ടില്ല. - അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈയില്‍ ലക്മി നടത്തിയ കോട്ടണ്‍ വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ 515 അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ പങ്കെടുത്തപ്പോള്‍ ഈ വസ്ത്രത്തിനുവേണ്ട കോട്ടന്‍ കൃഷി ചെയ്യുന്ന മൂന്നര ലക്ഷം പരുത്തി കര്‍ഷകര്‍ അതേ സംസ്ഥാനത്തു തന്നെയുള്ള വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തുവെന്ന വിവരം എത്ര പത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ച പ്രസ്കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ മാര്‍ക്കണ്‌ഡേയ കഠ്ജുവിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കാര്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നവ മാധ്യമങ്ങളുടെ സ്വാധീനവും പുതിയ ദൃശ്യമാധ്യമ സംസ്കാരത്തിന് രൂപംകൊടുക്കാന്‍ ഇടവരുത്തുന്നുണ്ട്. ഇന്ന് പല പത്രങ്ങള്‍ക്കും വിവരങ്ങള്‍ ലഭിക്കുന്നതുതന്നെ നവ മാധ്യമങ്ങളില്‍ നിന്നാണ്. 60 ശതമാനത്തിലേറെ വാര്‍ത്തകളും ഇപ്പോള്‍ ലോകം അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്രാജ്യത്വത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് സ്വാതന്ത്ര്യസമരകാലത്ത് നിരവധി പത്രങ്ങള്‍ ആരംഭിച്ചതുതന്നെ. മാതൃഭൂമി ഉള്‍പ്പടെയുള്ള പല പത്രങ്ങളും ഇത്തരത്തില്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ്. സ്വാതന്ത്ര്യംകിട്ടിക്കഴിഞ്ഞപ്പോള്‍ പല പത്രങ്ങളും പൂട്ടിപ്പോയി. കാരണം പത്രങ്ങളുടെ നിലനില്‍പിന് പ്രസക്തിയില്ലാതെയായി. സ്വാതന്ത്ര്യത്തിനുശേഷം നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതിയെ പുകഴ്ത്താനും മറ്റും മാത്രമായി ഒതുങ്ങി പിന്നീട് പത്രങ്ങള്‍. 60-കളില്‍ ചരിത്രം വീണ്ടും മാറി. പുതിയ മാധ്യമ സംസ്കാരം അന്നുമുതലാണ് രൂപംകൊണ്ടത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പത്രപ്രവര്‍ത്തനത്തിന് ഇടതുപക്ഷ രാഷ്ട്രീയം വന്നതോടെ തുടക്കംകുറിച്ചു- ഉണ്ണി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

നിലാപാട് എടുത്തുകൊണ്ടുള്ള പത്രപ്രവര്‍ത്തനമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങളും ജനങ്ങളും പരസ്പരം ബന്ധിതരാണ്. നല്ല സംസ്കാരമുള്ളിടത്തേ നല്ല മാധ്യമ സംസ്കാരമുണ്ടാകൂ. സമൂഹത്തിന്റെ സംസ്കാരത്തെ മലീമസപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് സമ്മതിച്ച അദ്ദേഹം ഇത് സ്വയം വിമര്‍ശനമായിത്തന്നെ എടുക്കുകയാണെന്നും വ്യക്തമാക്കി.

1893-ല്‍ ചിക്കാഗോയിലെത്തിയ വിവേകാനന്ദന്റെ "പിയപ്പെട്ട സഹോദരീ സഹോദരന്മാരെ' എന്ന അഭിസംബോധനയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിക്കാഗോ ജനതയേയും ഉണ്ണി ബാലകൃഷ്ണന്‍ പ്രകീര്‍ത്തിച്ചു. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്ന വിശ്വപ്രസിദ്ധമായ ലോക തൊഴിലാളി സമരം ചിക്കാഗോയില്‍ നടന്നതുകൊണ്ടാണ് ലോകം മുഴുവനുമുള്ള തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലി എന്ന അവകാശം നേടാനായതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജു പള്ളത്ത് മോഡറേറ്ററായിരുന്നു. വിന്‍സെന്റ് ഇമ്മാനുവേല്‍, ജീമോന്‍ ജോര്‍ജ് എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു.
നല്ല പ്രേക്ഷകരില്ല; പ്രേക്ഷകരുടെ അഭിരുചിയെ തൃപ്തിപ്പെടുത്താന്‍ ചാനലുകള്‍ ബാധ്യസ്ഥര്‍: ഉണ്ണി ബാലകൃഷ്ണന്‍
Join WhatsApp News
vayankaaran 2017-08-26 17:12:44
അമേരിക്കൻ മലയാളികളിൽ വായനാശീലമുണ്ടാക്കാൻ രാജു മൈലാപ്ര എഴുതുന്ന ഏലി കുട്ടി മാപ്പു പോലുള്ള കൃതികൾ ഉണ്ടാകണം. അച്ചടി മാധ്യമങ്ങൾ അടച്ചുപൂട്ടുന്നു. ഓൺലൈൻ മാധ്യമങ്ങൾ പിടിച്ച് നിൽക്കുന്നത് പരസ്യം കൊണ്ടാണ്. എഴുത്തുകാർ എഴുതുന്നതൊന്നും ഇവിടത്തെ ആളുകൾ വായിക്കുന്നില്ലെന്ന പരാതി കേൾക്കുന്നു. ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞപോലെ എഴുത്തുകാരെ നിങ്ങൾ ഏലി കുട്ടിമാർക് മാപ്പു പറഞ്ഞുകൊണ്ട് എഴുതുക. എങ്കിൽ പത്രക്കാർ രക്ഷപ്പെടും, പരസ്യം കിട്ടും. ആളുകൾ വായിക്കും. ശ്രീ ഉണ്ണി ബാലകൃഷ്ണൻ താങ്കൾക്ക് നന്ദിയുണ്ട്. ഇനി നിങ്ങൾ വരുമ്പോഴേക്കും ഇവിടെ വായനക്കാരുടെ എണ്ണം കൂടും എഴുത്തുകാരും ഏലി കുട്ടിമാരും തമ്മിൽ പലതും നടക്കും അതവർ എഴുതും, ജനം വായിക്കും. ഡോക്ടർമാരുടെ പൊട്ട കവിതകൾ അപ്രത്യക്ഷമാകും. അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാർ മാധ്യമങ്ങളെ രക്ഷിക്കും. കർത്താവേ നീ കനിയേണമേ... ഉണ്ണി ബാലകൃഷ്ണാ താങ്കളിലെ കൃഷ്ണനും കനിയട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക