Image

നായര്‍ സര്‍വ്വീസ് സൊസൈറ്റി-ഹ്യൂസ്റ്റന്‍ കരയോഗം, പി. കെ. നാരായണ പണിക്കരുടെ പാവന സ്മരണക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു

Published on 06 March, 2012
നായര്‍ സര്‍വ്വീസ് സൊസൈറ്റി-ഹ്യൂസ്റ്റന്‍ കരയോഗം, പി. കെ. നാരായണ പണിക്കരുടെ പാവന സ്മരണക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു
ഹൂസ്റ്റണ്‍ : ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് ഹൂസ്റ്റണ്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയ യോഗത്തില്‍ എന്‍എസ് എസിന്റെ പ്രസിഡന്റായി ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലം നായര്‍സമൂഹത്തെ വളരെ കാര്യക്ഷമമായി നയിച്ച പി.കെ. നാരായണ പണിക്കരുടെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും ചെയ്തു.

അന്തരിച്ച പി.കെ. നാരായണ പണിക്കര്‍ നായര്‍ സമൂഹത്തിന്റെ ജ്വലിക്കുന്ന ദീപവും വഴികാട്ടിയും ആയിരുന്നപോലെ കേരള സമൂഹത്തിന്റെ തന്നെ സമുന്നതനായ ഒരു മനുഷ്യസ്‌നേഹിയും സാമൂഹിക സേവകനുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാട് നായര്‍ സര്‍വീസ് സൊസൈറ്റിക്കു മാത്രമല്ല, കേരള സമൂഹത്തിനു തന്നെ ഒരു തീരാ നഷ്ടമാണെന്നും ഹൂസ്റ്റണ്‍ കരയോഗം പ്രസിഡന്റ് പൊന്നുപിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ വിശാല മനസ്‌കതയും എളിയ ഗാന്ധിയന്‍ ജീവിതവും ഉന്നതചിന്തയും അചഞ്ചലമായ ഈശ്വര ചിന്തയും ഉദാത്തമായ ജീവിത ദര്‍ശനങ്ങളും ഏവര്‍ക്കും വഴികാട്ടികളായിരുന്നുവെന്ന് ഹൂസ്റ്റണ്‍ കരയോഗത്തിന്റെ അനുശോചന സമ്മേളനത്തിന് എത്തിയവര്‍ എടുത്തുപറഞ്ഞു.

മനോജ് നായര്‍, മോഹന്‍ പിള്ള, രഞ്ജിത് പിള്ള, ഗോപാലകൃഷ്ണന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, രാജ്‌മോഹന്‍ കുനിയില്‍ എന്നിവര്‍ അനുശോചിച്ചു. വിമര്‍ശനങ്ങളില്‍ തളരാതെ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിന്റെ സര്‍വതോന്മുഖമായ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരു മാതൃകാ നേതാവും ജനസേവകനുമായിരുന്നു അന്തരിച്ച നാരായണ പണിക്കര്‍. നായര്‍ സമൂഹത്തിന്റെ നേതാവായിരിക്കുമ്പോള്‍ തന്നെ മറ്റു സമൂഹങ്ങളെ സ്‌നേഹിക്കാനും സഹായിക്കാനും സമുദായ സൗഹാര്‍ദം നിലനിര്‍ത്താനും അദ്ദേഹത്തിനായിട്ടുണ്ടെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന് നിത്യാശാന്തി നേര്‍ന്നുകൊണ്ട് യോഗം സമാപിച്ചു.

വാര്‍ത്ത അയച്ചത്: എ.സി. ജോര്‍ജ്
നായര്‍ സര്‍വ്വീസ് സൊസൈറ്റി-ഹ്യൂസ്റ്റന്‍ കരയോഗം, പി. കെ. നാരായണ പണിക്കരുടെ പാവന സ്മരണക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക