Image

ഗണപതിസങ്കല്‍പം ശൈവമതത്തില്‍ ഒതുങ്ങുന്നില്ല (ഡി. ബാബുപോള്‍)

Published on 26 August, 2017
ഗണപതിസങ്കല്‍പം ശൈവമതത്തില്‍ ഒതുങ്ങുന്നില്ല (ഡി. ബാബുപോള്‍)
വിനായക ചതുര്‍ഥിയാണ് ഇന്ന്. ഗണേശനും ഗണപതിയും ഒന്നാണെന്ന് കരുതാത്തവരുണ്ട്. ഗാണപത്യക്കാര്‍ തിരുച്ചി പ്രദേശത്തെ ഒരു ഉപജാതി ആയിരുന്നു എന്നു കരുതുന്നവരുണ്ട്. വടക്കെ ഇന്ത്യയില്‍ ഗണപതി വിവാഹിതനാണ്. തെക്ക് ബ്രഹ്മചാരിയും ഇത്തരം സംഗതികള്‍ ഞാന്‍ വിദ്വല്‍സദസ്സുകളില്‍ പറയാറുണ്ട്. അത് അങ്ങനെ നില്‍ക്കട്ടെ.

ഗണപതി ആനയെപ്പോലെ ഇരിക്കും എന്നാണു തോന്നുക. സത്യത്തില്‍ ആനയുടെ തുമ്പിക്കൈ മാത്രമാണ് ഗണപതിയുടെ രൂപത്തില്‍ ആരോപിക്കപ്പെടുന്നത്. ആന നടക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ ? തുമ്പിക്കൈ അങ്ങോട്ടും ഇങ്ങോട്ടും വീശിയാണ് ഗജരാജഗതി. തന്റെ സ്ഥൂലഗാത്രത്തിനു തടസ്സമായി വല്ലതും ഉണ്ടോ എന്ന് പരിശോധിക്കയാണ് കരി. ഈ ആനയുടെ പിറകെ നടന്നാല്‍ വിഘ്‌നം ഒന്നും ഉണ്ടാവുക വയ്യ. ഈശ്വരന്റെ പിന്നാലെ നടന്നാല്‍ മനുഷ്യനു ഭയം വേണ്ട. എല്ലാ വിഘ്‌നങ്ങളെയും ഈശ്വരന്‍ തട്ടിമാറ്റും. വിഘ്‌നേശ്വര സങ്കല്‍പത്തിന്റെ കാതല്‍ ഇതാണ്. അതുകൊണ്ടാണ് ഗണപതിക്ക് ഗജസമാനമായ തുമ്പിക്കൈ കല്‍പിക്കപ്പെട്ടിട്ടുള്ളത്.

വൈഷ്ണവം, ശൈവം, സൗരം, ശാക്തം, ഗാണപത്യം ഇങ്ങനെ പഞ്ചഭാവപ്രകാശിതമാണ് ഈശ്വരചൈതന്യം എന്ന് ഭാരതീയപാരമ്പര്യം പറയുന്നു. ഈ ഗാണപത്യം അതിവിപുലമായ ഒന്നാണ്. ഗണപതി ഭഗവാനെക്കുറിച്ചുള്ള ദര്‍ശനം, ഗണപത്യാരാധനയുടെ സമ്പ്രദായങ്ങള്‍ തുടങ്ങി വിഘ്‌നേശ്വരനോടു ബന്ധപ്പെട്ട എല്ലാ സംഗതികളെയും ഉള്‍ക്കൊള്ളുന്ന കാര്യവിചാരമാണ് ഗാണപത്യം.

ഗണപതി ശിവന്റെ പുത്രനാണ്. എലിയാണ് വാഹനം. അതുകൊണ്ടാണല്ലോ അര്‍ണോസ് പാതിരിയെ പരിഹസിക്കാന്‍ പുറപ്പെട്ടയാള്‍ ഗണപതി വാഹനരിപുനയന അതായത് പൂച്ചക്കണ്ണാ എന്നു വിളിച്ചതും ഉരുളയ്ക്കുപ്പേരിപോലെ ദശരഥനന്ദനദൂതമുഖാ അതായത് കുരങ്ങേ എന്ന് പാതിരി പ്രതിവചിച്ചതും !

ദീര്‍ഘദൃഷ്ടിയുടെയും സൂക്ഷ്മ ബുദ്ധിയുടെയും ദേവനാണ് ഗണപതി. വിഘ്‌നനാശത്തിനുള്ള ശക്തിയും ഒപ്പം ചേരുമ്പോള്‍ ഏതു കാര്യവും തുടങ്ങുമ്പോള്‍ ഭാരതീയര്‍ ഗണപതിയെ വന്ദിക്കുന്നതിന്റെ രഹസ്യം അനാവൃതമാകുമല്ലോ.

ഗണപതിയുടെ ജനനം സംബന്ധിച്ച് പുരാണങ്ങളില്‍ കഥകള്‍ പലതാണ്. ശിവനും പാര്‍വ്വതിയും ഗജരൂപം ധരിച്ച് രതിയില്‍ ഏര്‍പ്പെട്ടതിലുള്ള ശിശുവാണ് ഗജമുഖനായ ഗണപതി എന്ന് ഉത്തരരാമായണം പറയുമ്പോള്‍ മത്സ്യപുരാണത്തിലെ കഥ മറ്റൊന്നാണ്. പാര്‍വ്വതി കുളിക്കുന്നത് ശിവന്‍ ഒളിഞ്ഞു നോക്കുമായിരുന്നു. അത് ദേവിക്കു പിടിച്ചില്ല. അതുകൊണ്ട് എണ്ണതേച്ചു കുളിച്ചപ്പോള്‍ ഒഴുകിപ്പോയ മലിനവസ്തുക്കള്‍ ചേര്‍ത്ത് ഒരു കുഞ്ഞിനെ ജനിപ്പിച്ച് അയാളെ ദ്വാരപാലകനാക്കി പ്രതിഷ്ഠിച്ചു. കാഴ്ച കണ്ടു രസിക്കാന്‍ വന്ന ശിവനെ ഈ ഗണപതി ത!ടഞ്ഞു. ശിവന്‍ ഗണപതിയുടെ തല ഛേദിച്ചു.

പാര്‍വ്വതി കോപിഷ്ഠയായി. ശിവന്‍ ഭയന്നോടി. ആദ്യം കണ്ടത് ഒരു ആനയെ ആണ്. ആനയുടെ ശിരസ്സു ഛേദിച്ച് ഗണപതിയുടെ ശിരസ്സിന്റെ സ്ഥാനത്തു വച്ച് തടിതപ്പി. ഇത് മത്സ്യപുരാണം. വേറെയുമുണ്ട് കഥ. പത്മപുരാണത്തിലെ കഥ അനുസരിച്ച് ഗണപതി പാര്‍വ്വതിയില്‍ ജന്മം എടുത്ത വിഷ്ണുഭഗവാനാണ്. ഈ ശിശുവിനെ ശനി സൂക്ഷിച്ചു നോക്കിയപ്പോള്‍ ശിശുവിന്റെ തല വിച്ഛേദിതമായി. അത് വൈകുണ്ഠത്തിലെത്തി. പാര്‍വ്വതി അതീവദുഃഖിതയായി. ആ ദുഃഖത്തില്‍ മനസ്സലിഞ്ഞ മഹാവിഷ്ണു സ്ഥലത്തെത്തി ഉറങ്ങിക്കിടന്ന ഒരു ആനയുടെ തല വെട്ടിയെടുത്ത് ഗണപതിക്കു നല്‍കി. ശനിയുടെ ദൃഷ്ടിദോഷം കൊണ്ട് ഉണ്ടായ കുഴപ്പം മൂലം പാര്‍വ്വതി അനുഭവിച്ച വ്യഥയാണ് ശാപമായി ഭവിച്ച് ശനിയെ മുടന്തനാക്കിയത് എന്നും ഈ കഥയില്‍ ഉണ്ട്.

ഗണപതിക്ക് രണ്ടാണ് ഭാര്യമാര്‍. സിദ്ധിയും ബുദ്ധിയും.

ശൈവപൂജാവിധികളില്‍ ഗണപതിപൂജ പ്രധാനമാണ്. ആറാം നൂറ്റാണ്ട് മുതല്‍ ദക്ഷിണഭാരതത്തില്‍ ഗണപതി പൂജ നടത്തിവരുന്നതായാണ് പഠിപ്പിച്ചുവരുന്നത്.

ഗണപതി വിഗ്രഹത്തില്‍ ഇടമ്പിരി, വലമ്പിരി ഇങ്ങനെ രണ്ടു രൂപമുണ്ട്. തുമ്പിക്കൈ ഇടത്തോട്ടോ വലത്തോട്ടോ പിരിഞ്ഞിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ ഭേദം നിര്‍ണ്ണയിക്കുന്നത്.

ഗണപതിയുടെ രൂപത്തില്‍ തന്നെ പാഠങ്ങള്‍ ഉണ്ട്. മൂഷികനാണ് വാഹനം. ഗണപതിയോ ഗജസ്വരൂപന്‍, സ്ഥൂലഗാത്രന്‍. അറിവിന്റെയും ശക്തിയുടെയും ആധിക്യം എത്ര ഉണ്ടായാലും ലാളിത്യമാണ് വാഹനം ആവേണ്ടത് എന്നതാണ് സൂചന. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും എന്ന ആശയം തന്നെ ആണ് ദ്യോതം. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ എലിയുടെ സ്വഭാവത്തിലെ വെപ്രാളം– ഒരു തരം റെസ്റ്റ്‌ലെസ്‌നെസ് – മനുഷ്യന് അന്യമല്ലല്ലോ. അതേസമയം ഈശ്വരോന്മുഖതയും സ്ഥിരപ്രജ്ഞയും കൊണ്ട് ആ ബലഹീനതയെ അതിജീവിക്കാനുള്ള വിഘ്‌നേശ്വരഭാവവും മനുഷ്യ ജന്മത്തില്‍ നിക്ഷിപ്തമാണ് എന്ന സൂചനയും ഗണപതിയുടെ ചിത്രം നല്‍കുന്നുണ്ട്. ഗണപതിയുടെ ഒരു കാല്‍ നിലത്തും ഒരു കാല്‍ മടക്കി തുടയിലും വച്ചിരിക്കുന്നു. ഭൂമിയില്‍ പാദം ഊന്നി നിന്നുകൊണ്ട് അഭൗമചിന്തകളില്‍ വ്യാപരിക്കാന്‍ കഴിയണം എന്നതാണ് ഈ രൂപത്തിന്റെ സന്ദേശം.

ലംബോദരനാണ് ഗണപതി. എന്തും ഭുജിക്കും. എത്രയും ആവാം. എല്ലാം ദഹിക്കും. ഇതില്‍ ഒരു പരിസ്ഥിതിബദ്ധത ഉണ്ട്. എന്താണോ പ്രകൃതി നല്‍കുന്നത് അതാണ് ഭോജ്യം. എന്തു കഴിച്ചാലും ദഹിക്കണം. അതായത് പ്രകൃതിയുമായി സമരസപ്പെട്ടുകൊള്ളണം.

മോദകം ഗണപതിക്ക് ഇഷ്ടമാണ്. അതും അര്‍ഥസമ്പുഷ്ടം തന്നെ. ലോകത്തിലുള്ള നല്ല കാര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് തപസ്സനുഷ്ഠിക്കുന്നവര്‍ മാത്രമല്ല ഈശ്വര സാക്ഷാത്കാരം നേടുന്നത്. ഈ ലോകത്തില്‍ കര്‍മനിരതനായിരിക്കുകയും കര്‍മഫലത്തില്‍ ആകൃഷ്ടനാകാതെ ഈശ്വരോന്മുഖത പാലിക്കുകയും ചെയ്യുന്നവരാണ് വനാന്തരങ്ങളില്‍ തപസ്സ് ചെയ്യുന്നവരെക്കാള്‍ ശ്രേഷ്ഠതരമായ പാത തെരഞ്ഞെടുക്കുന്നത് എന്ന ചിന്ത ഭഗവദ്ഗീതയിലും ഉണ്ടല്ലോ. ഗണപതിയുടെ മോദക പ്രിയഭാവം പഠിപ്പിക്കുന്നത് ലോകത്തിലെ നന്മകളും സുഖസൗകര്യങ്ങളും വിവേക പൂര്‍വം പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നത്രെ.

ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഏറെ ഉണ്ട്. കഴിഞ്ഞ കൊല്ലം സംസ്കൃത സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എന്‍. പി. ഉണ്ണി മലയാളത്തില്‍ പ്രകാശിപ്പിച്ച ഗണേശപുരാണം വേറെ ഒരുപാട് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വരിഷ്ഠകൃതിയാണ്.

ഈയിടെ ഒരു ഇംഗ്ലിഷ് കൃതിയെക്കുറിച്ച് വായിച്ചു. ആ പുസ്തകത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. കിട്ടിക്കഴിഞ്ഞ് പറയാം അതിലെ ആശയങ്ങള്‍ ! ഗാണപത്യ ചിന്തകള്‍ ഒടുങ്ങുന്നില്ല.

ഗണപതി ഒരു ശൈവസങ്കല്പം ആണ്. വൈഷ്ണവചിന്തയുമായി അതിനെ ബന്ധിപ്പിക്കാനുള്ള ശ്രമം പത്മപുരാണത്തിലുണ്ട് എന്നു മുകളില്‍ സൂചിപ്പിച്ചത് ഓര്‍ക്കാതെയല്ല ഇത് പറയുന്നത്. കേരളത്തില്‍ ശൈവ– വൈഷ്ണവ വിഭജനം അത്ര കൃത്യമോ രൂക്ഷമോ അല്ല താനും. ശൈവ സങ്കല്പം എന്നു സൂചിപ്പിച്ചത് ഹിന്ദുമതത്തില്‍ പോലും എല്ലാ വിഭാഗങ്ങളുടെയും ഗാണപത്യം ഒരുപോലെ ശക്തമല്ല എന്ന് പറയാനാണ്. അതു പറയുന്നതാകട്ടെ മതാതീതമായ ഒരു ഈശ്വരസങ്കല്പമായി ഗണപതിയെ കാണാന്‍ കഴിയും എന്നു സൂചിപ്പിക്കാനുമാണ്.

ഗണപതിയെ ദേവനായി പൂജിക്കാന്‍ വൈഷ്ണവശൈലി തന്നെ ക്ലേശിക്കുമ്പോള്‍ അഹിന്ദുക്കളുടെ കാര്യം പറയാനില്ല. എന്നാല്‍ മതവിശ്വാസത്തിന്റെ ഭാഗമാക്കാതെ തന്നെ അവനവന്റെ മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങിനിന്നു കൊണ്ട് ഗണപതി സങ്കല്പത്തിലൂടെ ഈശ്വരധ്യാനം സാധിക്കാവുന്നതാണ് എന്നതാണ് എന്റെ പക്ഷം. ഗാണപത്യഭാവങ്ങളുടെ സാര്‍വലൗകീകതയാണ് ആ സാധ്യത തെളിയിക്കുന്നത്.

പ്രൊട്ടസ്റ്റന്റുകാരല്ലാത്ത െ്രെകസ്തവര്‍ക്ക് സെന്റ് ജോര്‍ജ് ആണ് ഏറ്റവും അടുത്ത സങ്കല്പം. വിഘ്‌നേശ്വരനായ ഗീവര്‍ഗീസ് സഹദായ്ക്കും ഇടമ്പിരിയും വലമ്പിരിയും ഉണ്ട് എന്നത് അത്ഭുതകരമായ ഒരു സാജാത്യമത്രെ. ഇടപ്പള്ളിയില്‍ സെന്റ് ജോര്‍ജ് വലത്തോട്ടാണ് തിരിഞ്ഞിരിക്കുന്നത്. മറ്റു പലയിടത്തും ഇടത്തോട്ടും. ആ ചിത്രവും മേല്‍ സൂചിപ്പിച്ച പല സംഗതികളും പോലെ വ്യാഖ്യാനിക്കാവുന്നതാണ്.

വിഘ്‌നേശ്വരനെ സ്മരിക്കാനോ നമിക്കാനോ ഹിന്ദു ആയിരിക്കണമെന്നില്ലെന്നു ചുരുക്കം. വിഘ്‌നം അകറ്റുന്ന ഹൃദയാലുവായ ഈശ്വരന്റെ കഴിവും കനിവും മനുഷ്യനിര്‍മിതമായ സംഘടിത മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നതല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക