Image

ബ്രിട്ടനിലെ പി.ആര്‍. നിയമത്തിന്റെ പ്രാബല്യകാലാവിധി നീട്ടി

ജോസ്‌ കുമ്പിളുവേലില്‍ Published on 06 March, 2012
ബ്രിട്ടനിലെ പി.ആര്‍. നിയമത്തിന്റെ പ്രാബല്യകാലാവിധി നീട്ടി
ലണ്‌ടന്‍: ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‌ പിന്നാലെ കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ നടത്തിയ പ്രഖ്യാപനം പി.ആര്‍ നിയമത്തിന്റെ നിലവിലുള്ള ചട്ടങ്ങളെ ലഘൂകരിച്ചുകൊണ്‌ടുള്ള പ്രഖ്യാപനമായിരുന്നു. വാര്‍ഷിക വരുമാനം അടിസ്ഥാനമാക്കി താഴെപ്പറയുന്ന പരിഷ്‌ക്കാരങ്ങളാണ്‌ കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്‌. അതും 2016 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാക്കുമെന്നാണ്‌ മന്ത്രിയുടെ പ്രഖ്യാപനം.

ഇതനുസരിച്ച്‌ ടിയര്‍ 2 വീസയില്‍ ഉള്ളവര്‍ക്ക്‌ ഏറ്റവും കുറഞ്ഞത്‌ 35,000 പൗണ്‌ട്‌ വാര്‍ഷിക ശമ്പളം വേണമെന്ന നിബന്ധനയാണ്‌ ആദ്യത്തേത്‌. ടിയര്‍ ഒന്ന്‌ വീസ ലഭിച്ചവര്‍ക്ക്‌ നിലവിലുള്ള രീതിയില്‍ തന്നെ 2016 വരെ പിആര്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ വരുന്ന ജോലികള്‍ക്ക്‌ ഈ പരിധി ബാധകമാവില്ല എന്നും മന്ത്രി വെളിപ്പെടുത്തുന്നു. ഇതില്‍പ്പെടുന്നത്‌ നഴ്‌സുമാരും സോഷ്യല്‍ വര്‍ക്കര്‍മാരുമാണ്‌. അതുകൊണ്‌ട്‌ ഇത്തരക്കാരെ ഈ നിയമം ബാധിക്കില്ല പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ ഗുണം ചെയ്യുമെന്നു സാരം. പക്ഷെ ടിയര്‍ 2 വിസ നല്‍കുന്ന കാലാവധിയുടെ പരിധി പരമാവധി ആറു വര്‍ഷമാക്കുമെന്നും മുന്നറിയിപ്പുണ്‌ട്‌.

മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മറുവശം പരിശോധിച്ചാല്‍ മേലില്‍ ഡൊമസ്റ്റിക്‌ വര്‍ക്കര്‍ വീസയില്‍ സ്വകാര്യ വ്യക്തികള്‍ക്ക്‌ ഡൊമസ്റ്റിക്‌ വര്‍ക്കറെ കൊണ്‌ടുവരാന്‍ (സ്‌പോണ്‍സര്‍ ചെയ്യാന്‍) സാധിക്കില്ല. എന്നാല്‍ വിസിറ്റിംഗ്‌ വീസയിലെത്തുന്ന വ്യക്തികള്‍ക്ക്‌ മാത്രമായിരിയ്‌ക്കും ഡൊമസ്റ്റിക്‌ വര്‍ക്കറെ കൂടി കൊണ്‌ടുവരാനുള്ള പ്രൊവിഷന്‍ ഉള്ളത്‌.

പക്ഷെ ഇങ്ങനെ വരുന്നവര്‍ ആറു മാസം കഴിയുമ്പോള്‍ നാട്ടിലേക്ക്‌ തിരിച്ചു മടങ്ങേണ്‌ടി വരും. ഒരു രാജ്യത്തിന്റെ പ്രതിനിധിയായി ഡിപ്ലോമാറ്റിക്‌ വീസയില്‍ കഴിയുന്നവര്‍ക്ക്‌ തുടര്‍ന്നും ഡൊമസ്റ്റിക്‌ വര്‍ക്കറെ കൊണ്‌ടു വരാം. അതിനും പരിധി നിശ്ചയിച്ചിട്ടുണ്‌ട്‌. ഇങ്ങനെയുള്ളവരുടെ വീസാ കാലപരിധി അഞ്ച്‌ വര്‍ഷമായിരിയ്‌ക്കും. ഇത്തരക്കാര്‍ക്ക്‌ തൊഴിലുടമയെ മാറാനും കഴിയില്ല.സെറ്റില്‍മെന്റ്‌ റൈറ്റ്‌ ഇല്ലാത്തവര്‍ വീസ എക്‌സ്റ്റന്റ്‌ ചെയ്യാനുള്ള കാലാവധി പരമാവധി ആറു വര്‍ഷമാക്കി സ്ഥിരപ്പെടുത്തി. ഇവര്‍ക്ക്‌ പിന്നീട്‌ കാലദൈര്‍ഘ്യം നീട്ടി നല്‍കില്ല.

ഇന്‍വെസ്റ്റേഴ്‌സ്‌, ബിസിനസുകാര്‍, റിസേര്‍ച്ച്‌ സയന്റിസ്റ്റുകള്‍, ടീച്ചേഴ്‌സ്‌, അസാധാരണ പ്രതിഭാ ഗണത്തില്‍പ്പെടുന്നവര്‍ എന്നീ വിഭാഗക്കാരെ മുകളില്‍പ്പറഞ്ഞ നിയമങ്ങള്‍ ഒരിക്കലും ബാധിക്കില്ല. മാറ്റിയും മിറച്ചും പുതുക്കുന്ന ബ്രിട്ടനിലെ കുടിയേറ്റനിയമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നുമെന്നു ചുരുക്കത്തില്‍ അനുമാനിക്കാം.
ബ്രിട്ടനിലെ പി.ആര്‍. നിയമത്തിന്റെ പ്രാബല്യകാലാവിധി നീട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക