Image

എംബസിയില്‍ സ്വദേശി അഭിഭാഷകരെ നിയമിക്കുന്നത്‌ പരിഗണനയിലെന്ന്‌ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 06 March, 2012
എംബസിയില്‍ സ്വദേശി അഭിഭാഷകരെ നിയമിക്കുന്നത്‌ പരിഗണനയിലെന്ന്‌ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍
റിയാദ്‌: സൗദി അറേബ്യയിലെ ജയിലുകളിലകപ്പെട്ട ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സ്വദേശി നിയമ വിദഗ്‌ദരെ എംബസിയില്‍ നിയമിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്നും അതിന്‌ ഒട്ടേറെ കടമ്പകള്‍ ഇനിയും കടക്കാനുണെ്‌ടന്നും ഇന്ത്യന്‍ അംബാസഡര്‍ ഹമീദ്‌ അലി റാവു റിയാദില്‍ പറഞ്ഞു.

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി എംബസി കോണ്‍ഫറന്‍സ്‌ ഹാളില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. സാമ്പത്തികമായി വലിയ ചെലവ്‌ വരുന്ന ഇതിനായി ഫണ്‌ട്‌ കണെ്‌ടത്തുകയാണ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിയോടൊപ്പം എംബസിക്ക്‌ ആദ്യം ചെയ്യാനുള്ളത്‌. എന്നാല്‍ ശരിയായ സമയത്ത്‌ നിയമസഹായം ലഭ്യമാക്കിയാല്‍ ജയിലിനകത്ത്‌ അകപ്പെട്ട്‌ കിടക്കുന്ന പലരേയും രക്ഷിക്കാന്‍ കഴിയുമെന്നതുകൊണ്‌ട്‌ ഇത്‌ എത്രയും പെട്ടെന്ന്‌ പ്രാവര്‍ത്തികമാക്കാനുള്ള തീവ്രയത്‌നത്തിലാണ്‌ എംബസി.

എംബസിയിലെ തൊഴിലാളി ക്ഷേമവിഭാഗം ഉദ്യോഗസ്‌ഥര്‍ ജയില്‍ സന്ദര്‍ശിക്കുന്നത്‌ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്‌ട്‌. ജയിലിനകത്ത്‌ ശിക്ഷാ കാലാവധി കഴിഞ്ഞു കിടക്കുന്നു എന്നു പറയുന്ന പലരും യഥാര്‍ത്ഥത്തില്‍ ശിക്ഷ കഴിഞ്ഞവരല്ല. പബ്ലിക്‌ റൈറ്‌സ്‌ പ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ആളുകള്‍ പ്രൈവററ്‌ റൈറ്റ്‌സ്‌ പ്രകാരമുള്ള വിധി വരാന്‍ കാത്തിരിക്കുന്നവരായിരിക്കും. അല്ലെങ്കില്‍ പരാതിക്കാരന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയതു കൊണ്‌ട്‌ പുറത്തിറങ്ങാന്‍ പറ്റാത്തവരാണ്‌. ശിക്ഷാകാലാവധി കഴിഞ്ഞ എല്ലാ ഇന്ത്യക്കാര്‍ക്കും യാത്രാരേഖകള്‍ നല്‍കുന്നതില്‍ എംബസി ഉദ്യോഗസ്‌ഥര്‍ ജാഗ്രത കാണിക്കുന്നുണ്‌ട്‌.

ഫ്രീ വീസ പോലുള്ള അനധികൃത മാര്‍ഗങ്ങളില്‍ രാജ്യത്ത്‌ ജോലി ചെയ്യുന്നവരാണ്‌ നിയമം കര്‍ശനമാക്കിയപ്പോള്‍ ബുദ്ധിമുട്ടിലായത്‌. സ്‌പോണ്‍സര്‍മാരെക്കുറിച്ച്‌ കേട്ടുകേള്‍വി പോലുമില്ലാതെ വര്‍ഷങ്ങള്‍ സൗദി അറേബ്യയില്‍ കഴിഞ്ഞവരെയാണ്‌ പലപ്പോഴും സ്‌പോണ്‍സര്‍ ഹുറൂബിന്‍െറ വലയത്തിലാക്കുന്നത്‌. ഇതിന്‌ കാരണക്കാര്‍ ഒരു പരിധി വരെ ഇന്ത്യക്കാരടങ്ങുന്ന ഏജന്റുമാരാണ്‌. ഇതിനെതിരെ ബോധവത്‌കരണം നടത്താന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം.

പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ സമയം വൈകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്‌ട്‌. പക്ഷേ ഇപ്പോഴും ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ വിഭാഗത്തെപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു എംബസിയും ഇല്ലെന്നതാണ്‌ വാസ്‌തവം. നൂറു കണക്കിന്‌ പാസ്‌പോര്‍ട്ടുകളാണ്‌ ഈ വിഭാഗത്തില്‍ ദിവസവും കൈകാര്യം ചെയ്യുന്നത്‌. മതിയായ ഉദ്യോഗസ്‌ഥരില്ലാത്തത്‌ എംബസിയില്‍ എന്നും നടപടികള്‍ക്ക്‌ കാലതാമസം നേരിടുന്നതിന്‌ കാരണമായിട്ടുണ്‌ട്‌.

ഇന്ത്യന്‍ എംബസി എല്ലാ മാസവും നടത്തുന്ന ഓപ്പണ്‍ ഹൗസിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഈ മാസം 22 ന്‌ അടുത്ത ഓപ്പണ്‍ ഹൗസ്‌ നടക്കും. അംബാസഡറും എല്ലാ വിഭാഗത്തിലേയും ഉദ്യോഗസ്‌ഥരും നേരിട്ടു പങ്കെടുക്കുന്നതിനാല്‍ മിക്ക പരാതികള്‍ക്കും അവിടെ വച്ചു തന്നെ തീര്‍പ്പാക്കാന്‍ കഴിയും. എംബസിയുടെ വെബ്‌സൈറ്റും കൂടുതല്‍ ലളിതവും ഉപകാരപ്രദവുമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അധികൃതരിലെത്തിക്കാനും ഇന്ത്യന്‍ സമൂഹത്തെ ബോധവത്‌കരിക്കുന്നതിലും ഇവിടെയുള്ള മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും നടത്തുന്ന ശ്രമങ്ങളെ അംബാസഡര്‍ പ്രകീര്‍ത്തിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ എന്നും എംബസിയിലേക്ക്‌ വരാവുന്നതും തന്നെ വന്നു കാണാവുന്നതുമാണെന്ന്‌ ഹമീദ്‌ അലി റാവു പറഞ്ഞു. കൂടിക്കാഴ്‌ചയില്‍ അംബാസഡറോടൊപ്പം ഡപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷന്‍ മനോഹര്‍ റാം, ധര്‍മ്മേന്ദ്ര ഭാര്‍ഗവ, ഫസ്‌റ്റ്‌ സെക്രട്ടറിമാരായ അശോക്‌ വാര്യര്‍, ടി.സി ബാരുബാല്‍ വിവിധ വകുപ്പ്‌ സെക്രട്ടറിമാരായ സുരീന്ദര്‍ ഭഗത്‌, ദീപക്‌ ഭലാനി, റഫീഖ്‌ അലി തുടങ്ങയവരും സംബന്‌ധിച്ചു.
എംബസിയില്‍ സ്വദേശി അഭിഭാഷകരെ നിയമിക്കുന്നത്‌ പരിഗണനയിലെന്ന്‌ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക