Image

തിരിവെട്ടം (കവിത: ജയന്‍ വര്‍ഗീസ്)

Published on 28 August, 2017
തിരിവെട്ടം (കവിത: ജയന്‍ വര്‍ഗീസ്)
എന്താണ് ജീവിത, മേതോ നിഗൂഢമാ
മാഴത്തില്‍ നിന്ന് വിടര്‍ന്ന കുമിളയോ?
കാലഘട്ടത്തിന്റെ കാലാടിപ്പാടില്‍ നി
ന്നേതോ നിമിഷം കുടഞ്ഞിട്ട ധൂളിയോ?

ദൂരപ്രപഞ്ച സമുച്ചയത്തിന്‍ നാഭി
ത്താമരപ്പൂദള സൂര്യ തുഷാരമോ?
ആദിയിലേദന്റെ സൗഭാഗ്യമായ് യാദ
വാരിയെല്ലില്‍ പൂത്ത ചേതനാ ജ്യോതിസോ?

*ഓറിയോണ്‍ നക്ഷത്ര രാശിയില്‍ മൂന്നാം
ശിഖരത്തിലെയേതോ സ്‌പോടന ബാക്കിയോ?
ധാതു വസ്തുക്കളുരുകി ഘനലോഹ
ധാരയെ ചോരയില്‍ പേറും ജഡങ്ങളോ?

സൗരോര്‍ജ്ജ മാന്ത്രിക പ്പാറയില്‍ വായു
കുമിളയില്‍ മെല്ലെയിഴയും പുഴുക്കളോ?
എന്താണ് ജീവിത, മെന്താണ് ജീവിത
മെന്നും വികസ്വര ചിന്ത തന്‍ ജല്പനം?

എന്തിനാണീപെടാപ്പാടുകള്‍ അന്ത്യമായ്
എന്താണ് നേടുന്ന താറടി ഭൂമിയോ?
രാജാസനങ്ങള്‍ വിറപ്പിച്ച ഗര്‍വുകള്‍,
കാലഘട്ടങ്ങള്‍ ചുവപ്പിച്ച ചിന്തകള്‍,
മോഹപ്രപഞ്ചം ത്രസിപ്പിച്ച ധാമങ്ങ
ളേവരും നേടുന്നതാറടി, യാറടി !

എങ്കിലുമൊന്നറിയുന്നു! ശതകോടി
യിന്നും പിറക്കാന്‍ കഴിയാതലയവേ,
സത്യപ്രപഞ്ച ഗര്‍ഭത്തില്‍ മുകുളമായ്
സത്വരം വന്നു പിറന്നതെന്‍ ധന്യത!

ഇത്തിരിചേലും, സുഗന്ധവുമായ് ഒരു
പുല്‍ക്കൊടിത്തുന്പില്‍ വിടര്‍ന്നതെന്‍ ധന്യത!
സത്യ ധര്‍മ്മങ്ങള്‍ തിരി നാളമായ് കത്തി
നില്‍ക്കും മനസുമായ് നില്പതെന്‍ ധന്യത!

കോടാനുകോടി യുഗങ്ങളില്‍ നിന്നൊരു
കീറെനിക്കായി പകര്‍ന്ന സുസത്യമേ,
നാളെ ഞാന്‍ വീണടിയുന്നതിന്‍ മുന്‌പെന്റെ
ചാരു വിളക്കില്‍ തെളിക്കട്ടെ, യീത്തിരി !!

* ജീവോല്‍പ്പത്തിയുടെ കാര്യകാരണപ്പാറയില്‍ തട്ടിത്തകരുന്ന
സിദ്ധാന്തങ്ങളുടെ വളപ്പൊട്ടുകളുമായി നില്‍ക്കുന്ന ശാസ്ത്രത്തിന്റെ
ഏറ്റവും പുതിയ ജീവോല്‍പ്പത്തി സിദ്ധാന്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക