Image

മധു കൊട്ടാരക്കര ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റ്

Published on 29 August, 2017
മധു കൊട്ടാരക്കര ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: സൗമ്യന്‍, ശാന്തന്‍, ശാന്ത ഗംഭീരന്‍... ഇത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റ്. പേര് മധു കൊട്ടാരക്കര. പേരില്‍ അടങ്ങിയിരിക്കുന്നതു പോലെ മധു കിനിയും വ്യക്തിത്വം. പേരില്‍ മധു, വാക്കില്‍ മധു, വാക്ചാതുര്യത്തില്‍ മധു, സ്വഭാവത്തില്‍ മധു... മധുരം പൊഴിയുന്ന ഈ വ്യക്തിത്വത്തില്‍ നിന്നാണ് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ പന്ഥാവുകള്‍ തേടാന്‍ ഒരുങ്ങുന്നത്.

കൊട്ടാരക്കരയില്‍ മലയാള മനോരമയുടെ ചുമതല വഹിച്ചിരുന്ന പിതാവിനോടൊപ്പം ചെറുപ്പത്തില്‍ തന്നെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ച് തുടക്കം. പിന്നീട് പഠനകാലത്ത് ബാംഗഌര്‍ യൂനിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ന്യൂസ് ലെറ്റര്‍ ആയ യൂണിവേഴ്‌സിറ്റി ന്യൂസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമായി. 

അന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പി.ബി ജയകൃഷ്ണനോടൊപ്പം പ്രവര്‍ത്തിച്ചത് വലിയ നേട്ടമായി. ഈ കാലയളവില്‍ ഓള്‍ ഇന്ത്യ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അംഗമായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയതിനു ശേഷം അമേരിക്കയിലെത്തി. ആദ്യകാലത്ത് കേരള എക്‌സ്പ്രസില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. പിന്നീട് അമേരിക്കയിലെ ആദ്യകാല പത്രമായ അശ്വമേധം ഇന്റര്‍നെറ്റില്‍ എത്തിച്ചു.

2008 ല്‍ ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി. 2013-2016 കാലഘട്ടത്തില്‍ പ്രസ് ക്ലബിന്റെ ദേശീയ സെക്രട്ടറിയായി. 2010-ല്‍ നാലാമത് പ്രസ്സ് ക്ലബ്ബ് കോണ്‍ഫറന്‍സ് കണ്‍വീനറായി പ്രവര്‍ത്തിച്ചു. 2011 ഇന്ത്യ പ്രസ്സ് ക്ലബ്ബ് നാഷണല്‍ ജനറല്‍ സെക്രട്ടറി. 2013 ജനുവരിയില്‍ കേരളത്തില്‍ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്ത മാധ്യമശ്രീ അവാര്‍ഡ് സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. 2014 ഇന്ത്യ പ്രസ്സ് ക്ലബ്ബ് അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാനായി. 2006 മുതല്‍ അമേരിക്കയില്‍ ന്യുജേഴ്‌സി കേന്ദ്രമാക്കി ഗവര്‍ണ്‍മെന്റ്, മിലിട്ടറി കോണ്‍ട്രാക്റ്റുകള്‍ സ്വന്തം കമ്പനിയുടെ പേരില്‍ ഏറ്റെടുത്ത് നടത്തുന്നു. 

അതോടൊപ്പം കൊട്ടാരക്കര കിംഗ്‌സ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. 48 വര്‍ഷം കഴിഞ്ഞ കിംഗ്‌സില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, സംവിധായകന്‍ ആര്‍ ശരത്ത്, മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍, ഫുട്‌ബോള്‍ താരം കുരികേശ് മാത്യു, ഇന്റലിജന്‍സ ബ്യൂറോ ഡയറക്ടര്‍ ഇ ചന്ദ്രശേഖര്‍, നടന്‍ സായിക്കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പഠിച്ചിറങ്ങിയത്. 
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് മാത്തമാറ്റിക്‌സ് ടീച്ചറായ വൈ. രാജനാണ് പിതാവ്. 

ഇദ്ദേഹമാണ് 1968-ല്‍ കൊട്ടാരക്കരയില്‍ കിങ്‌സ് കോളേജ് ആരംഭിച്ചത്. കോട്ടയം പൈകടാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന വത്സ രാജനാണ് അമ്മ. അശ്വമേധം പത്രാധിപര്‍ രാജു മൈലപ്ര, അലക്‌സാണ്ടര്‍ സാം (ദീപിക) എന്നിവരുടെ അനന്തരവന്‍ കൂടിയാണ് മധു. ഭാര്യ സ്വപ്‌ന രാജന്‍. കിങ്‌സ് ബില്‍ഡേഴ്‌സ് സ്ഥാപനത്തിന്റെ ചുമതല സ്വപ്നയ്ക്കാണ്. മക്കള്‍ അമ്മു, തുമ്പി
തിരക്കാര്‍ന്ന ജീവിതത്തിനിടയിലും തികഞ്ഞ പ്രൊഫഷണലിസം പുലര്‍ത്തുന്ന മധുവിന്റെ കൈകളില്‍ അടുത്ത രണ്ടു വര്‍ഷവും ഐപിസിഎന്‍ ഭദ്രമായിരിക്കുമെന്നുറപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക