Image

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്‌സസ് വ്യവസായ സ്ഥാപനങ്ങളുടെ കൈത്താങ്ങ് (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 31 August, 2017
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്‌സസ് വ്യവസായ സ്ഥാപനങ്ങളുടെ കൈത്താങ്ങ് (എബ്രഹാം തോമസ്)
ഡാലസ്: ഹാര്‍വി ചുഴലിക്കാറ്റ് കോര്‍പ്പസ്‌ക്രിസ്റ്റി, ഹ്യൂസ്റ്റണ്‍, ഗാല്‍വസ്റ്റന്‍ നഗര സമുഹങ്ങളില്‍ വന്‍ നാശം വിതച്ച് നോര്‍ത്ത് ടെക്‌സസ് മേഖലയെ ഒഴിവാക്കി മുന്നോട്ട് നീങ്ങി. ന്യൂ ഓര്‍ലിയന്‍സായിരുന്നു അടുത്ത ലക്ഷ്യം. കട്രീന, റീറ്റ ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോള്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് നഗര സമൂഹമാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. ഇത്തവണയും സ്‌റ്റേഡിയവും മറ്റ് കേന്ദ്രങ്ങളും അഭയാര്‍ത്ഥികള്‍ക്കായി തുറക്കുവാന്‍ ഡാലസും മറ്റ് നഗരങ്ങളും മുന്നോട്ടു വന്നു. അടിയന്തിര സഹായം ആവശ്യമായ ഘട്ടത്തില്‍ സഹായ ഹസ്തവുമായി വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ മഹാ മനസ്‌കത വ്യക്തമാക്കി. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് (നോര്‍ത്ത് ടെക്‌സസ്) മേഖല രാജ്യത്തെ ഏറ്റവും വലിയ ചില കോര്‍പ്പറേഷനുകളുടെ ആസ്ഥാനകേന്ദ്രമാണ് എക്‌സോണ്‍ മൊബില്‍ മുതല്‍ ചില്ലറ വില്പന ശൃംഖലയായ ജെ.സി. പെനി വരെ ഇവയില്‍ ഉള്‍പ്പെടും. ഇവയ്ക്ക് സംസ്ഥാനത്ത് ഒട്ടാകെയുള്ള നഗരങ്ങളില്‍ വലിയ വ്യാപാരബന്ധമുണ്ട്. ഇവയുടെ ജീവനക്കാരുടെ വീടുകളും സ്റ്റോറുകളും ഓഫീസുകളും ഓയില്‍ റിഫൈനറികളും പ്രളയ ബാധിതമായി. ഈ കോര്‍പ്പറേഷനുകളില്‍ ചിലതിന് സ്വന്തമായി തന്നെ ചാരിറ്റബിള്‍ വിഭാഗങ്ങളുണ്ട്. യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ കണക്കനുസരിച്ച് ഇതിനകം വ്യവസായ സ്ഥാപനങ്ങള്‍ 26 മില്യന്‍ ഡോളര്‍ റിലീഫ് ഫണ്ടുകളിലേയ്ക്ക് നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തു.

വൈറൈസണ്‍ എന്ന ടെലിഫോണ്‍ കമ്പനി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന നാല് ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് 10 മില്യന്‍ ഡോളര്‍ നല്‍കി. ഷെവ്‌റോണും ഷെല്ലും വെല്‍സ് ഫാര്‍ഗോയും ഓരോ മില്യന്‍ ഡോളര്‍ വീതം നല്‍കി. ജെസി പെനി 25,000 ഡോളറും നല്‍കി. ഈ എണ്ണക്കമ്പനിക്ക് ഹ്യൂസ്റ്റണ്‍ പ്രദേശത്ത് മാത്രം 11,000 ജീവനക്കാരുണ്ട്. ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ച ബേ ടൗണിലെ ഓയില്‍ റിഫൈനറിയില്‍ ജോലി ചെയ്യുന്നവര്‍ ഇവര്‍ക്ക് പുറമെയാണ്.

ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ 25 ഡോളറെങ്കിലും റെഡ് ക്രോസിന് സംഭാവന ചെയ്താല്‍ ഓരോ ഡോളറിനും 10 ഫ്രീക്വന്റ് ഫ്‌ളൈയര്‍ മൈല്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. എര്‍വിംഗിലെ പയനീയര്‍ നാച്ച്വറല്‍ റിസോഴ്‌സസ് 1 ലക്ഷം ഡോളര്‍ റെഡ് ക്രോസിന് സംഭാവന ചെയ്തു. ഡാലസിലെ ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സ് ഒരു ലക്ഷം ഡോളര്‍, ഓണ്‍കോറും ഫോര്‍ട്ട് വര്‍ത്തിലെ റേഞ്ച് റിസോഴ്‌സസും ഓരോ ലക്ഷം ഡോളര്‍ എന്നിങ്ങനെ ദാതാക്കളുടെ പട്ടിക നീളുന്നു.

പ്‌ളേനോയിലെ പിസാഹട്ടിന് 180 ഇടത്ത് റസ്റ്റോറന്റുകള്‍ പൂട്ടേണ്ടി വന്നു. ഈ പിസാ കമ്പനി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സൗജന്യമായി പിസ നല്‍കുന്നു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ദുരിതബാധിതര്‍ക്ക് 100 റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചു. ഇര്‍വിംഗിലെ കിംബര്‍ലി ക്ലാര്‍ക്ക് കമ്പനി സൗജന്യമായി ഡയപ്പറുകളും വൈപ്പുകളും ബാത്ത് ടിഷ്യുകളും ഫെമിനൈന്‍ കെയര്‍ പ്രോഡക്ട്‌സും ദുരിതബാധിതരെ സഹായിക്കുവാന്‍ വിതരണം ചെയ്യുന്നു. ഡാലസിലെ എ ടി ആന്‍ടി ടി 3,50,000 ഡോളര്‍ നല്‍കും.

ഈയിടെ നോര്‍ത്ത് അമേരിക്കന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്‌ളേനോയിലേയ്ക്ക് മാറ്റിയ ടെയോട്ട വാഹന വായ്പാ തവണകള്‍ അടയ്ക്കുവാനാകാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. കോമേരിക്ക  ബാങ്ക് മറ്റ് കമ്പനികളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല എന്ന് പ്രഖ്യാപിച്ചു. ഒരു ലക്ഷം ഡോളര്‍ കമ്പനി റെഡ് ക്രോസിന് സംഭാവന നല്‍കുന്നു.

ഇങ്ങനെയുള്ള പ്രകൃതി ദുരന്തം ഉണ്ടാവുമ്പോള്‍ സഹായാഭ്യര്‍ത്ഥന നിരന്തരം വരാറുണ്ട്. സംഭാവന നല്‍കുന്നതിന് മുന്‍പ് നാലു കാര്യങ്ങള്‍ ശ്രദ്ധിക്കുക നന്നായിരിക്കും.

1. ആര്‍ക്കാണ് സംഭാവന നല്‍കുന്നതെന്ന് അറിയുക. മിക്കവാറും ടെലിഫോണ്‍ കോളുകള്‍ കോളര്‍ ഐഡിയില്‍ വിളിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരില്ലാതെയായിരിക്കും വരിക. വ്യാജ അഭ്യര്‍ത്ഥനകള്‍ അവഗണിക്കുക.
2. ദുരിതം ഉണ്ടായ പ്രദേശത്തിനടുത്തുള്ള ചാരിറ്റികള്‍ തിരഞ്ഞെടുക്കുക.
3. മദ്ധ്യവര്‍ത്തികളെ ഒഴിവാക്കുക. ഇടയ്ക്കുനിന്ന് പണം അടിച്ചു മാറ്റുന്ന വ്യക്തികളും സ്ഥാപനങ്ങളും ധാരാളമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവ് വളരെ കുറച്ചു മാത്രമുള്ള ധര്‍മ്മസ്ഥാപനങ്ങളെ മാത്രം സഹായിക്കുക. ഈ വിവരം അവരുടെ വെബ്‌സൈറ്റില്‍ നിന്നോ കൂടുതല്‍ ഗവേഷണത്തിലൂടെ അറിയാം.
4. ഓണ്‍ലൈനില്‍ വരുന്ന ധനാഭ്യര്‍ത്ഥന വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ചിന്തിക്കുക. ബാങ്ക്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മാത്രം നല്‍കുക. ആവശ്യമെങ്കില്‍ ക്രോസ് ചെക്കിംഗ് നടത്തുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്‌സസ് വ്യവസായ സ്ഥാപനങ്ങളുടെ കൈത്താങ്ങ് (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക