Image

ഏഴാം കടല്‍ കടന്നിട്ടും ചൂട് നഷ്ടപ്പെടാതെ 'കടക്കു പുറത്ത്' പ്രസ് ക്ലബ് വേദിയില്‍

ഷോളി കുമ്പിളുവേലി Published on 31 August, 2017
ഏഴാം കടല്‍ കടന്നിട്ടും ചൂട് നഷ്ടപ്പെടാതെ 'കടക്കു പുറത്ത്' പ്രസ് ക്ലബ് വേദിയില്‍
ചിക്കാഗോ: ഇക്കഴിഞ്ഞ വ്യാഴം, വെള്ളി, ശനി, ദിവസങ്ങളില്‍ ചിക്കാഗോയില്‍ നടന്ന ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുടെ ഏഴാമത് കോണ്‍ഫ്രസ് വേദിയിലും കേരളത്തില്‍ ഏറെ വിവാദമായ, മുഖ്യമന്ത്രി നടത്തിയ, 'കടക്കു പുറത്ത്' എന്ന പരാമര്‍ശം ചൂട് ഒട്ടു കുറയാതെ തന്നെ കടന്നു വന്നു. അത് ചര്‍ച്ചകള്‍ക്ക് ഉണര്‍വ് നല്‍കുകയും, ഗഹനമായ സെമിനാറുകളുടെ വിരസത ഒഴിവാക്കുവാനും ഉപകാരപ്പെട്ടു.

ആദ്യ ദിനത്തില്‍, രാവിലെ പതിനൊന്നു മണിക്ക് 'വാക്കിലെ സദാചാരം മാധ്യങ്ങളില്‍' എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു നടത്തിയ പ്രഭാഷണത്തില്‍ 'കടക്കു പുറത്തിന്' സ്ഥാനം വേദിക്ക് പുറത്തു തന്നെയായിരുന്നു. പ്രഭാഷണത്തിനു ശേഷം  നടന്ന പൊതു ചര്‍ച്ചയില്‍, പലരും ചോദ്യങ്ങളിലൂടെ 'അകത്തു' കൊണ്ടുവരുവാന്‍ നടത്തിയ ശ്രമങ്ങള്‍ അത്ര കണ്ട് വിജയിച്ചില്ല.

എന്നാല്‍ ഉച്ചക്കുശേഷം നടന്ന സെമിനാറില്‍ 'പുതിയ ലോകത്ത് പത്ര പ്രവര്‍ത്തനത്തിന്റെ പ്രസക്തി' എന്ന വിഷയം അവതരിപ്പിച്ച, പ്രശസ്ത മാധ്യമ പ്രവര്‍ത്തക, ഷാനി പ്രഭാകരനിലൂടെ (മനോരമ)'കടക്കു പുറത്ത്' വീണ്ടും പ്രസ് ക്ലബ് വേദിയില്‍ കടന്നു വന്നു. അത് ഉച്ചഊണിന്റെ ആലസ്യത്തില്‍ നിന്നും സദസിനെ ഉണര്‍ത്തുകയും ചര്‍ച്ചകളെ സജീവമാക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരോട് 'കടക്കു പുറത്ത്' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതാണോ? ഷാനി തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് ചോദിച്ചു. അതുപോലെ മുഖ്യമന്ത്രി പത്രസമ്മേളനങ്ങള്‍ നടത്താത്തിനേയും ഷാനി വിമര്‍ശിച്ചു. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിലക്കിനേയും ഷാനി പ്രഭാകര്‍ വിമര്‍ശിച്ചു. ഇക്കാര്യം പരിഹരിക്കുവാന്‍ മുഖ്യമന്ത്രി എന്തു ചെയ്തു? പിണറായി വിജയനെപ്പോലെ ശക്തനായ ഒരു മുഖ്യമന്ത്രി വിചാരിച്ചാല്‍ ഈ വിലക്ക് മാറ്റുവാന്‍ സാധിക്കില്ലേ? ഷാനി ചോദിച്ചു.

വൈകുന്നേരം എം.ബി.രാജേഷ് (എം.പി.) 'കേരളം ഒരു ബദല്‍ മാതൃക' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ ഷാനിക്ക് ആദ്യ മറുപടി നല്‍കി. മാധ്യമങ്ങളെ ഒഴിവാക്കി, ബി.ജെ.പി.യുമായി മാത്രം മുഖ്യമന്ത്രിയും സി.പി.ഐ.(എം.) നടത്തിയ ചര്‍ച്ചയുടെ കാര്യവും, മുഖ്യമന്ത്രി പറഞ്ഞിട്ടും മുറിവിട്ടുപോകാതിരുന്ന ഏതാനും ചില മാധ്യമപ്രവര്‍ത്തകരോടാണ് മുറിക്ക് പുറത്ത് കടക്കാന്‍ പറഞ്ഞതെന്നും രാജേഷ് വ്യക്തമാക്കി. പക്ഷേ ഷാനി തന്റെ നിലപാടില്‍ നിന്നും മാറിയില്ല. സദസിലും രണ്ടു പക്ഷങ്ങളേയും പിന്തുണക്കുന്നവര്‍ ചോദ്യങ്ങളിലൂടെ തങ്ങളുടെ നിലപാടുകള്‍ അറിയിച്ചു.

എന്നാല്‍ പിറ്റേ ദിവസം രാവിലെ എം. സ്വരാജ് എം.എല്‍.എ, 'മാധ്യമം-രാഷ്ട്രീയവും സമൂഹവും' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലൂടെ ഷാനിക്ക് 'കടുത്ത' മറുപടികളുമായെത്തി. 'കടക്കു പുറത്ത്' പറയാനുണ്ടായ സാഹചര്യങ്ങള്‍ നിരത്തി, സ്വരാജ് മുഖ്യമന്ത്രിയെ ശക്തമായി ന്യായീകരിച്ചു. അതുപോലെ 'കോടതിയിലെ മാധ്യമപ്രവര്‍ത്തകരുടെ വിലക്ക് മാറ്റിക്കിട്ടുന്നതിനു വേണ്ടി, മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകളും, നിയമ സഭ പ്രമേയം പാസാക്കിയതും, സുപ്രീം കോടതിയില്‍ പോയതും, എന്നാല്‍ ഹൈക്കോടതിയില്‍ ഇരിക്കുന്ന കേസില്‍ സുപ്രീംകോടതി ഇടപെടാതിരുന്നതുമൊക്കെ എണ്ണി എണ്ണി പറഞ്ഞ് ഷാനിക്ക് മറുപടി കൊടുത്തു. ഹൈക്കോടതിയില്‍ ഇരിക്കുന്ന കേസില്‍ മുഖ്യമന്ത്രിക്ക് എന്തു ചെയ്യുവാന്‍ കഴിയും? സ്വരാജ് ചോദിച്ചു. കൂട്ടത്തില്‍ പത്രപ്രവര്‍ത്തക യൂണിയനൊരു കൊട്ടു കൂടി കൊടുത്തു. 'ഇക്കാര്യത്തില്‍ കെ.ഡ്യു.ജെ.എന്തൊക്കെ നടപടികള്‍  സ്വീകരിച്ചു'? അക്കാര്യത്തില്‍ ഷാനിക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. യൂണിയന്റെ പ്രവര്‍ത്തനത്തില്‍ താനും ഒട്ടും സംതൃപ്തയല്ലെന്ന് തുറന്നു പറയുവാനും ഷാനി പ്രഭാകരന്‍ മടിച്ചില്ല.
വൈകുന്നേരം നടന്ന സെമിനാറില്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്‍.പി. ചന്ദ്രശേഖരനും(കൈരളി) കടക്കു പുറത്തിനെ ന്യായീകരിച്ചു കൊണ്ട് ഷാനിക്ക് മറുപടി നല്‍കി. അങ്ങനെ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച 'കടക്കു പുറത്ത്', ഇന്‍ഡ്യാ പ്രസ് ക്ലബ്ബിന്റെ മൂന്നു ദിവസത്തെ ചര്‍ച്ചകളേയും സജീവമാക്കി.


ഏഴാം കടല്‍ കടന്നിട്ടും ചൂട് നഷ്ടപ്പെടാതെ 'കടക്കു പുറത്ത്' പ്രസ് ക്ലബ് വേദിയില്‍ഏഴാം കടല്‍ കടന്നിട്ടും ചൂട് നഷ്ടപ്പെടാതെ 'കടക്കു പുറത്ത്' പ്രസ് ക്ലബ് വേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക