Image

മലബാറിലെ 'വെള്ളപ്പൊക്കം' (മുരളി തുമ്മാരുകുടി )

Published on 31 August, 2017
മലബാറിലെ 'വെള്ളപ്പൊക്കം' (മുരളി തുമ്മാരുകുടി )
അലക്സാണ്ടറുടെ വരവു തൊട്ട് കാര്‍ഗില്‍ വരെ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും ചരിത്രവും ഭൂമിശാസ്ത്രവും നമുക്കറിയാം. നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ ഒരു പരിധി വരെ യുദ്ധങ്ങളുടെ കൂടി ചരിത്രമാണ്.

എന്നാല്‍ രണ്ടു സഹസ്രാബ്ദത്തിലെ യുദ്ധചരിത്രം ഓര്‍ത്തിരിക്കുന്ന നമ്മോട് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലുണ്ടായ ദുരന്തങ്ങളുടെ ചരിത്രം ചോദിച്ചാല്‍ ബബ്ബബ്ബ... കാരണം ദുരന്തങ്ങള്‍ ആരും എഴുതി സൂക്ഷിക്കാറോ കുട്ടികളെ പഠിപ്പിക്കാറോ ഇല്ല. ചരിത്രത്തില്‍ നിന്നും പഠിക്കാത്തവര്‍ ചരിത്രം ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന തത്വശാസ്ത്രം യുദ്ധങ്ങളുടെ കാര്യത്തേക്കാള്‍ ദുരന്തങ്ങളുടെ കാര്യത്തിലാണ് കൂടുതല്‍ സത്യമായിരിക്കുന്നത്.

സുനാമിയോ വെള്ളപ്പൊക്കമോ ഒരു പ്രദേശത്ത് ഒരിക്കലുണ്ടായാല്‍ അത് ആവര്‍ത്തിക്കപ്പെടും എന്നത് ഉറപ്പാണ്. ഭൂമികുലുക്കം പോലുള്ള സംഭവങ്ങള്‍ ശാസ്ത്രീയമായ കൃത്യതയോടെയാണ് തിരിച്ചു വരുന്നതും. എന്നാല്‍ ദുരന്തങ്ങളുടെ കാര്യം, അത് ഒരു വലിയ ദുരന്തമാണെങ്കില്‍ പോലും, ഒരു തലമുറക്കകം സമൂഹം മറന്നുപോകും. അപ്പോള്‍ പിന്നെ ചെറിയ ദുരന്തങ്ങളുടെ കാര്യം പറയാനുമില്ലല്ലോ.

കേരളത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷം നടന്നിട്ടുള്ള വെടിക്കെട്ടപകടം മുതല്‍ ബോട്ടപകടം വരെ എന്തും ഇന്നോ നാളെയോ ആവര്‍ത്തിച്ചാല്‍ അതിശയിക്കേണ്ട.

എന്നാല്‍ ഒരു തലമുറക്ക് അപ്പുറത്തേക്ക് കേരളത്തിലെ ആളുകളെ ചിന്തിപ്പിച്ച ദുരന്തമായിരുന്നു ''തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം''. മലയാള വര്‍ഷം ആയിരത്തി തൊണ്ണൂറ്റിയൊന്‍പതില്‍ (1924 AD) ആണ് ഇതുണ്ടായത്. കേരളത്തിലെ മലനാട് മുതല്‍ തീരപ്രദേശം വരെ ഇത് വലിയ നാശം വിതച്ചു. മൂന്നാര്‍ നഗരം വെള്ളത്തിനടിയിലായി. അന്ന് തകര്‍ന്ന മൂന്നാറിലെ റയില്‍വേ സംവിധാനം പിന്നീട് പുനരുജ്ജീവിച്ചിട്ടേയില്ല. ആലുവയില്‍ നിന്നും ഹൈറേഞ്ചിലേക്കുള്ള കാലടി - മലയാറ്റൂര്‍ വഴിയുള്ള റോഡ് അപ്പാടെ ഉപേക്ഷിക്കേണ്ടി വന്നു. തീരപ്രദേശങ്ങളില്‍ വെള്ളം പൊങ്ങി, അനവധി വീടുകള്‍ നശിച്ചു, ആള്‍നാശവും അതിലേറെ കന്നുകാലികളുടെ നാശവുമുണ്ടായി.

തൊണ്ണൂറ്റൊമ്പതിലെ പോലെ ഒരു വെള്ളപ്പൊക്കം ഇനിയും കേരളത്തില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്, അതിന്റെ ആഘാതം അന്നത്തേതിലും രൂക്ഷമായിരിക്കുമെന്നും. കാരണം അന്നത്തേതിലും പല മടങ്ങാണ് ഇന്ന് കേരളത്തിലെ ജനസാന്ദ്രത. നൂറു വര്‍ഷം മുമ്പത്തേതിനേക്കാള്‍ അതി സമ്പന്നരാണ്. മലയാളികള്‍ക്ക് പുഴയോരത്തും കായലോരത്തും പാടം നികത്തിയും കണ്ടല്‍ക്കാട് വെട്ടിയും വീടും സ്ഥാപനങ്ങളും ഉണ്ടാക്കുക എന്നത് ഇപ്പോള്‍ ഹോബിയാണ്.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എവിടെയൊക്കെ എത്തിയിരുന്നു എന്നതിനെപ്പറ്റിയുള്ള ഒരു പഠനം നടത്തി അവിടുത്തെ ഇപ്പോഴത്തെ ജന സാന്ദ്രതയും ഭൂവിനിയോഗവും കണക്കിലെടുത്ത് ഒരു ദുരന്ത പ്രവചന മാപ് ഉണ്ടാക്കണമെന്ന ആശയം ഞാന്‍ പലരോടും പങ്കുവെച്ചിട്ടുണ്ട്. ഡസന്‍ കണക്കിന് എഞ്ചിനീയറിംഗ് കോളേജുകളുള്ള കേരളത്തില്‍ ഏതെങ്കിലും ഒരു കോളേജിലെ അഞ്ചു കുട്ടികള്‍ വിചാരിച്ചാല്‍ ചെയ്യാവുന്ന കാര്യമേയുള്ളു.

അന്ന് വെള്ളം പൊങ്ങിയതിന്റെ അടയാളങ്ങള്‍ ക്ഷേത്രത്തിലും പള്ളികളിലുമൊക്കെയായി ഇപ്പോഴും കാണാം.

തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം തിരുവിതാംകൂറിനെ എങ്ങനെ ബാധിച്ചു എന്നാണ് ഞാന്‍ കൂടുതല്‍ അറിഞ്ഞിരുന്നതും പഠിച്ചതും. തകഴിയുടെ ''വെള്ളപ്പൊക്കത്തില്‍'' എന്ന കഥ അതിലെ മാനുഷിക ദുരന്തം വരച്ചു കാട്ടുകയും ചെയ്തിരുന്നു. മലബാര്‍ അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതിനാല്‍ അതിനെപ്പറ്റി അധികം ചരിത്രമോ സാക്ഷ്യങ്ങളോ ഇല്ലായിരുന്നു.

പക്ഷെ, അവിയലിന്റെ പ്രകാശന വേളയില്‍ നസീനയുടെ (Naseena Methal) പിതാവ് ''വെള്ളപ്പൊക്കം'' എന്ന കൃതി എനിക്ക് സമ്മാനിച്ചു. അദ്ദേഹവും സുഹൃത്തും കൂടി എഡിറ്റ് ചെയ്ത അരീക്കോട് പഞ്ചായത്ത് പ്രസിദ്ധീകരിച്ച മുണ്ടമ്പറ ഉണ്ണി മമ്മദിന്റെ കൃതിയാണ് വെള്ളപ്പൊക്കം. ഈശല്‍ കവിതാ രൂപത്തില്‍ വെള്ളപ്പൊക്കം എവിടെയൊക്കെ എന്തൊക്കെ അപകടങ്ങള്‍ വരുത്തി എന്ന് പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.

തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കത്തെപ്പറ്റി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക്
ഈ പുസ്തകം ഒരു അമൂല്യനിധിയാണ്. ഏതൊക്കെ ഗ്രാമങ്ങള്‍, അങ്ങാടികള്‍, കോവിലകങ്ങള്‍, വീടുകള്‍, ഒക്കെ വെള്ളത്തിലായി എന്ന് പുസ്തകം പറയുന്നുണ്ട്. ഈ സ്ഥലങ്ങളൊക്കെ ഒന്ന് സന്ദര്‍ശിച്ച് ഒരു ജി പി എസ് കോര്‍ഡിനേറ്റ് എടുത്ത് മാപ് ചെയ്താല്‍ വളരെ എളുപ്പത്തില്‍ വെള്ളപ്പൊക്കത്തിന്റെ ഒരു മലബാര്‍ ചിത്രം കിട്ടും. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ പറ്റി ചരിത്രമായും ഭൂമിശാസ്ത്രമായും ഒരുപക്ഷെ ഇതേ ബാക്കി ഉണ്ടാവാന്‍ വഴിയുള്ളൂ. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഒക്കെ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

പുസ്തകം പ്രസിദ്ധീകരിച്ച അരീക്കോട് പഞ്ചായത്തിനും അത് സമ്മാനിച്ച നസീനയുടെ ബാപ്പ കെ എം അബ്ദുള്ളക്കും നന്ദി! 
മലബാറിലെ 'വെള്ളപ്പൊക്കം' (മുരളി തുമ്മാരുകുടി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക