Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി

Published on 02 September, 2017
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
 
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിച്ചു. ഓഗസ്റ്റ് 26 ന് ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൗ ടൈറ്റസ് ഫോറം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ വൈവിധ്യങ്ങളായ കലാപരിപാടികള്‍ പുതുമകള്‍ നിറച്ച അവതരണ മഹിമകൊണ്ട് അവിസ്മരണീയമായി.

മെറീന ദേവസ്യയുടെ പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. സമാജം പ്രസിഡന്റ് കോശി മാത്യു സ്വാഗതം ആശംസിച്ചു. വിശിഷ്ടാഥിതികളായ ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പ്രതിഭ പാര്‍ക്കര്‍, മ്യൂണിക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുഗത് രാജാറാം എന്നിവര്‍ ഭദ്രദീപം തെളിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തിരുവാതിര നൃത്തത്തില്‍ അബില മാങ്കുളം, ആഷ ജോസഫ്, നിഷ മേനോന്‍, സീന മണമേല്‍, ശരണ്യ ദീപക്, ശ്രീരേഖ വിജു, സുജ വിനോദ്, സൂര്യ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. വിവിധങ്ങളായ ബോളിവുഡ് നൃത്തം, ഭരതനാട്യം, അര്‍ദ്ധശാസ്ത്രിയ നൃത്തം, കൊച്ചുകുട്ടികളുടെ നൃത്തം, ഒപ്പന, മലയാളം സ്‌കൂള്‍ കുട്ടികളുടെ സംഘഗാനം, ജെറി കക്കാട്ട്, ഡയാന ആല്‍ബെത്ത് കക്കാട്ട് എന്നിവരുടെ യുഗ്മഗാനം, ഫ്യൂഷന്‍ ഡാന്‍സ്, ഹാസ്യാവിഷ്‌കാരം തുടങ്ങിയ വിവിധ പരിപാടികള്‍ മികവുറ്റതായിരുന്നു.

മാനുവേല മനോജ്, സുകൃതി, ഭൂമിജ യാദവ്, മിഹിഖ പ്രമോദ് മേനോന്‍, അനിക്ക സദ്ദീപ്, റ്റാനംശ്രീ പോടാര്‍, എമ്മ എലിസബത്ത് ഫ്രിറ്റ്‌സ് എന്നീ താലപ്പൊലിയേന്തിയ മങ്കമാരുടെ അകന്പടിയോടുകൂടി മാവേലിയെ വേദിയിലേയ്ക്ക് ആനയിച്ചു. മാവേലിയായി ജോണ്‍ ജോസഫ് വേഷമിട്ടു.

ടുര്‍ഗുട്ട് യുക്‌സെല്‍(എംഡിബി/ഹെസ്സന്‍ അസംബ്‌ളി അംഗം),റാണാ അശുതോഷ് കുമാര്‍സിംഗ് (സിഇഒ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫര്‍ട്ട്), ദിവ്യ സിംഗ് (എയര്‍ ഇന്ത്യ, യൂറോപ്യന്‍വിംഗ്), ഫാ.തോമസ് കുര്യന്‍ (വികാരി ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ കമ്യൂണിറ്റി), മാത്യു ജേക്കബ്, എബ്രഹാം നടുവിലേഴത്ത് (പ്രസിഡന്റ്, നവോദയ ഫെറൈന്‍, ഗ്രോസ് ഗെരാവു), ജോണ്‍ മാത്യു(പ്രസിഡന്റ്, ഐഎസ്എഫ്‌സി), ജെ.എം ജോണ്‍ (യുപ് ടിവി ഇംഗ്ലണ്ട്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

തംബോല വിജയികള്‍ക്ക് എയര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത വിമാന ടിക്കറ്റ് ഉള്‍പ്പടെ നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്തു.വിഐപികള്‍ക്കും ഓണസദ്യ വിളന്പിയത് തൂശനിലയിലാണ്. അറുനൂറില്‍പ്പരം ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

നിറങ്ങളുടെ അഴകില്‍ കൊരുത്ത പൂക്കളത്തിന്റെ നടുവില്‍ ഒരുക്കിയ നിലവിളക്കിന്റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി.സമാജം ജനറല്‍ സെക്രട്ടറി ഡോ.ബെനേഷ് ജോസഫ് നന്ദി പറഞ്ഞു. മികവാര്‍ന്ന പരിപാടികള്‍ ഡോ.ബെനേഷ്, പ്രിയങ്ക റാംഗോപാല്‍ എന്നിവര്‍ മോഡറേറ്റ് ചെയ്തു. ദേശീയഗാനത്തോടെ ഓണാഘോഷത്തിന് തിരശീലവീണു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക