Image

ഒമാനില്‍ പുതിയ ബാഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍

Published on 02 September, 2017
ഒമാനില്‍ പുതിയ ബാഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍
മസ്‌കറ്റ്: ഒമാനിലെ മൂന്നു വിമാനത്താവളങ്ങളില്‍ പുതിയ ബാഗേജ് നിയമങ്ങള്‍ വെള്ളിയാഴ്ച നിലവില്‍ വന്നു. ഇതുപ്രകാരം കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഇനിമേല്‍ പ്ലാസ്റ്റിക് കയറുപയോഗിച്ചോ മറ്റു ചരടുകള്‍ ഉപയോഗിച്ചോ കെട്ടുവാന്‍ പാടില്ല. കാര്‍ട്ടനുകള്‍ക്ക് സ്ട്രാപ്പിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും ആകൃതി സംബന്ധിച്ച് നിബന്ധനകളുണ്ട്.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല, സോഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും വിവിധ സ്ഥലങ്ങളില്‍ നിന്നും ഓമനിലേക്ക് വരുന്ന വിമാനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാഫിക് അസോസിയേഷന്റെ മാര്‍ഗ നിര്‍ദേശത്തില്‍ വിമാനത്താവളങ്ങളില്‍ ചരക്കു കൈകാര്യം ചെയ്യുന്ന ജോലിക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബാഗേജ് നിയമങ്ങളെന്ന് ഒമാന്‍ എയര്‍ വക്താവ്പറഞ്ഞു.

ഒമാന്‍ എയര്‍ വിമാനങ്ങളില്‍ മസ്‌കറ്റ് വിമാനത്താവളം വഴി ട്രാന്‍സിറ്റ് ചെയ്യുന്നവര്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാണ്.

പുതിയ ബാഗേജ് നിയമത്തെക്കുറിച്ച് യാത്രക്കാര്‍ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. സാധാരണക്കാരും പാവങ്ങളുമായ യാത്രക്കാര്‍ക്ക് എന്തായാലും തീരുമാനം അധിക ചെലവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ നിശ്ചിത നിലവാരമില്ലാത്ത കെട്ടുകള്‍ ചരക്ക് കൈകാര്യം ചെയ്യുന്ന അവസരത്തില്‍ നാശം സംഭവിക്കുന്നത് ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ അയാട്ടയെ ബാഗേജ് നിബന്ധനകള്‍ കര്‍ക്കശമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാഗേജ് സംബന്ധമായി യൂറോപ്പ് മുതലായ സ്ഥലങ്ങളിലേക്ക് നിലവില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ട്. ഏതാനും നാളുകള്‍ മുന്പ് ഒമാന്റെ ദേശീയ വിമാനകന്പനിയായ ഒമാന്‍ എയര്‍ അതിന്റെ ഫ്‌ളൈറ്റുകളില്‍ 30 കിലോയുള്ള 1 പീസ് ബാഗേജ് നയം നടപ്പിലാക്കിയിരുന്നെങ്കിലും പിന്നീടതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക