Image

പൂക്കളമത്സരം (കവിത: സദന്‍ തോപ്പില്‍)

Published on 02 September, 2017
പൂക്കളമത്സരം (കവിത: സദന്‍ തോപ്പില്‍)
ഓണപൂക്കളോ എവിട്ന്നാ?
മുള്ളുവേലികള്‍ കെട്ടഴിച്ചപ്പൊഴേ
ശംഖുപുഷ്പ്പങ്ങള് നാടുനീങ്ങി.
ഭാര്യ നല്ലഷാമ്പൂ
തേയ്ക്കാന്‍ തുടങ്ങിയപ്പോ
ചെമ്പരത്തി വേരുമാറി.
കാശിരാമേശ്വരം തീര്‍ത്ഥയാത്ര
പോയിവന്നേപ്പിന്നെ
കാശിത്തുമ്പയെ കാണാതായി.
വേയ്സ്റ്റിടാന്‍ കുഴിയെടുത്തപ്പൊ
ഗന്ധരാജന്‍ മണ്ണിലായി.
മകളെ കോളേജില് ചേര്‍ത്തപ്പൊ
കോളാമ്പിമരം വെട്ടിമാറ്റി.
വീടങ്ങ് പുതുക്കിപണിതപ്പൊ
കൃഷ്ണകിരീടത്തിന് കണ്ണേറുതട്ടി.
വയസ്സായ അമ്മ മരിച്ചെപ്പിന്നെ
തുളസിത്തറയില്
വെള്ളൊഴിക്കാനാളില്ലാതായി.
വെറുതെ മുളച്ചിരുന്ന
തുമ്പയും, മുക്കുറ്റിയും
മുറ്റത്തെ ഇന്റര്‍ലോക്കിന്
അടിയിലുമായി.
കാറു മാറ്റിയിട്ടിട്ടുവേണം
പൂക്കളമിടാന്‍...
ചാണകം മെഴുകാനൊന്നും
ഓളെക്കൊണ്ടാവില്ല.
വാങ്ങിവെച്ച പൂവിടാനാളില്ല.
കുട്ട്യോള് കൊച്ചുടിവിയിലാ...
ഓണം വല്ലാത്തൊരെടങ്ങേറന്നേ!
ഒരു പൂക്കളം കാട്ടിക്കൂട്ടാനുള്ള ഇടങ്ങേറ്!
പൂക്കളമത്സരം തുടങ്ങാന്‍നേരം
ഒരു മിസ്സ്ഡ്‌കോള്‍ തന്നേരെ...
ജഡ്ജസ്സായി ഞാനങ്ങ് എത്തിയേക്കാം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക