Image

ഓണയോര്‍മ്മകള്‍ (പുനര്‍വായന: രാജു മൈലപ്ര)

Published on 03 September, 2017
ഓണയോര്‍മ്മകള്‍ (പുനര്‍വായന: രാജു മൈലപ്ര)
കൊറ കുട്ടപ്പനായിരുന്നു ഞങ്ങളുടെ നാട്ടിലെ സ്ഥിരം പുലി. പുലികളി ഒരുകണക്കിന് അയാളുടെ കുത്തകയായിരുന്നു. ആശാരിപ്പയ്യന്‍ ശിവരാമനും, പൊടിയന്‍ പുലയന്റെ മകന്‍ സുകുമാരനും പുലിവേഷം കെട്ടി ആടിനോക്കിയെങ്കിലും അവരൊക്കെ കുട്ടപ്പന്റെ പുലിയുടെ മുന്നില്‍ വെറും എലികളായിരുന്നു.

ഓണത്തിന്റെ വരവിനെ അറിയിച്ചുകൊണ്ടാണല്ലോ നാട്ടില്‍ പുലികള്‍ ഇറങ്ങാറുള്ളത്. പുലിവേഷം കെട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദിവസങ്ങളോളം അതിനുള്ള തയാറെടുപ്പു വേണം. പുലിക്കുവേണ്ടുന്ന മഞ്ഞ, വെള്ള, കറുപ്പ് തുടങ്ങിയ ചായം ഉണ്ടാക്കിയെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. വിളക്കിന്റെ കരി, ചിരട്ടക്കരി, മഞ്ഞള്‍, ചുണ്ണാമ്പ്, പച്ചില തുടങ്ങിയ അസംസ്കൃത പദാര്‍ത്ഥങ്ങള്‍കൊണ്ടാണ് ചായം ഉണ്ടായിക്കിയിരുന്നത്.

കുട്ടപ്പന്റെ അമ്മാവന്‍ കൊറ നാണുവായിരുന്നു മേക്കപ്പ് മാന്‍. അവരുടെ കുടിലിനു പുറകിലുള്ള ഒരു പാറയിലിരുന്നാണ് ചമയകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. പഴുപ്പിച്ച് ചൂടാക്കി വളച്ചുകെട്ടിയ ചൂരലില്‍ പഴന്തുണികള്‍ ചുറ്റിയാണ് പുലിവാലുണ്ടാക്കിയിരുന്നത്. പുലിയുടെ കൂടെ വേട്ടക്കാരനും ഉണ്ട്. പാന്റ്, ഷര്‍ട്ട്, തൊപ്പി, വീരപ്പന്‍ മീശ അതാണ് അയാളുടെ വേഷം. സായിപ്പാണെന്നാണ് വെപ്പ്. ഇവരുടെ കൂടെ ചെണ്ടക്കാരന്‍ മണിയനുമുണ്ട്.

തന്തക തിന്തക തോം- തിന്തക തന്തക തോം....ചെണ്ടയുടെ താളത്തിനനുസരിച്ച് പുലി ചുവട് വെയ്ക്കുന്നു. വേട്ടക്കാരന്‍ തോക്കുമായി ഒപ്പത്തിനൊപ്പമുണ്ട്. മീശ വിറപ്പിക്കുക, കരണം മറിയുക, വാല് ചുഴറ്റിയടിക്കുക തുടങ്ങിയ ചില അഭ്യാസങ്ങള്‍ ഇടയ്ക്കിടെ കാണിക്കാറുണ്ട്.

അങ്ങനെ പുലി സംഘം ഈട്ടിമുട്ടിലെ കുറുപ്പച്ചന്റെ വീട്ടിലെത്തി. കുറുപ്പച്ചന്‍ ഉച്ചയൂണ് കഴിഞ്ഞ് നാലുംകൂട്ടി മുറുക്കി ഇറയത്ത് ഒരു ചാരുകസേരയില്‍ കുടവയറും തിരുമി മലര്‍ന്നു കിടക്കുകയാണ്. പുലിയും സംഘവും ആരാധകരായ ഒരുസംഘം കുട്ടികളും മുറ്റത്തു അണിനിരന്നു. ചെണ്ടക്കാരന്‍ മണിയന്‍ ചെണ്ട പെരുക്കി. കുറുപ്പച്ചനെ ഇംപ്രസ് ചെയ്യുവാനായി പുലി അങ്ങേരുടെ മുന്നില്‍ ഒറ്റക്കാലില്‍ നിന്നു വട്ടംകറങ്ങി. പുലിയുടെ വാല്‍ കുറുപ്പച്ചന്റെ കണ്ണില്‍ക്കൊണ്ടു. മേലു നൊന്തു കഴിഞ്ഞാല്‍ ഇടംവലം നോക്കുന്നവനല്ല അങ്ങേര്. പുലിയുടെ കരണക്കുറ്റി നോക്കി ഒരു പൊട്ടീര് കൊടുത്തു. കുട്ടപ്പന്റെ കണ്ണില്‍ക്കൂടി പൊന്നീച്ച പറന്നു. തലകറങ്ങി അയാള്‍ താഴെ വീണു. ചെണ്ടയുടെ താളം നിലച്ചു. അവശനായ കുട്ടപ്പന്‍ പിന്നെ കുറെ നാളത്തേക്ക് ഫീല്‍ഡില്‍ ഇറങ്ങിയില്ല. ഒരു നാണക്കേട്. എങ്കിലും പുലിക്കുട്ടപ്പന്‍ എന്നൊരു സ്റ്റൈലന്‍ പേര് സ്വന്തമായി.

ഓണങ്ങള്‍ പലതു കടന്നുപോയി....

അങ്ങനെയിരിക്കെ ഓണം ഗംഭീരമായി ആഘോഷിക്കുവാന്‍ മൈലപ്ര പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. അത്തം മുതല്‍ പത്തുദിവസം ഗംഭീര പരിപാടികള്‍. മലയാലപ്പുഴ അപ്പുക്കുട്ടന്‍ ഭാഗവതരുടെ പാട്ടുകച്ചേരി, ചിങ്ങവനം സിസ്റ്റേഴ്‌സിന്റെ കഥാപ്രസംഗം, പുത്തന്‍പീടിക ദേവമാതാ ട്രൂപ്പിന്റെ ഗാനമേള...വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍. മൈലപ്ര സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടികള്‍ അരങ്ങേറിയത്. ഏഴാം ദിവസത്തെ പരിപാടികള്‍ അവതരിപ്പിച്ചത് മൈലപ്ര യംഗ്‌സ്റ്റേഴ്‌സ് ക്ലബിലെ അംഗങ്ങളാണ്.

"സീതാപഹരണം' എന്ന നൃത്തനാടകം. പുലിക്കുട്ടപ്പനാണ് ഹനുമാന്റെ വേഷം കെട്ടിയത്. സീതാദേവിയെ രാവണന്‍ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് കഥ. അടുത്ത രംഗം ആരംഭിക്കുക യായി. അശോകവനത്തിലിരുന്ന് വിലപിക്കുന്ന സീതാദേവിയെ കണ്ടിട്ട് ഹനുമാന്‍ തിരികെ രാമന്റെ അടുത്ത് വിവരം പറയാന്‍ എത്തുന്നതാണ് രംഗം. കഥയുടെ ഒറിജിനാലിറ്റിക്കായി ഹനുമാനെ മുകളില്‍ നിന്നും കെട്ടിയിറക്കാനാണ് പരിപാടി. ഹനുമാന്‍ പറന്നിങ്ങുന്നതായേ കാണികള്‍ക്കു തോന്നൂ. അതിനായി ആദ്യമേ തന്നെ ഹുമാനായി വേഷം കെട്ടിയ നടനെ കയറൊക്കെ കെട്ടി സ്റ്റേജിനു മുകളില്‍ കയറ്റി. കയറിന്റെ ഒരറ്റം താഴെ മറ്റൊരു നടനെ ഏല്‍പിച്ചു. കര്‍ട്ടന്‍ ഉയരുമ്പോള്‍ കയര്‍ കുറെശ്ശെയായി അയച്ചു വിടും. അപ്പോള്‍ ഹനുമാന്‍ സ്ലോമോഷനില്‍ രാമന്റെ മുന്നില്‍ ലാന്‍ഡ് ചെയ്യും.

കര്‍ട്ടന്‍ ഉയര്‍ന്നു. ദുഖിതനായിരിക്കുന്ന രാമന്‍. കാണികള്‍ ആകാംക്ഷാഭരിതരായിരിക്കുകയാണ്.
"ആരെവിടെ?'
"അടിയന്‍' എന്നു പറഞ്ഞുകൊണ്ട് കയര്‍ പിടിച്ചിരുന്ന നടന്‍ അതു വിട്ടിട്ട് രാമന്റെ മുന്നിലെത്തി. പത്തു പന്ത്രണ്ട് അടി മുകളില്‍ നിന്നും ഹനുമാന്‍ മൂക്കുംകുത്തി നേരേ താഴോട്ട്. ലോറി കയറിയ തവളയെപ്പോലെ കാലും കൈയ്യും നാലു ദിക്കിലായി പറ്റിപ്പിടിച്ച് തറയില്‍ കിടക്കുന്ന ഹനുമാന്‍. രാമന്‍ ഞെട്ടി. കാണികള്‍ക്ക് കാര്യം പിടികിട്ടിയില്ല. ഹനുമാന്റെ കാലിലും കൈയ്യിലും മറ്റും ചോര പൊടിയുന്നു. വേദനകൊണ്ട് ഞരങ്ങുകയാണ് ഹനുമാന്‍. നാടകം നിര്‍ത്താന്‍ പറ്റുമോ? രാമന്‍ അവസരത്തിനൊത്തുയര്‍ന്നു. ഡയലോഗ് തുടര്‍ന്നു: "എന്റെ പ്രാണപ്രിയയെ കണ്ടോ നീ മാരുത പുത്രാ?'
ഹനുമാനില്‍ നിന്നും ഉത്തരമില്ല.
കാണികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. രാമന്‍ കുറച്ചുകൂടി ഉച്ചത്തില്‍ ചോദ്യം ആവര്‍ത്തിച്ചു.
എന്റെ പ്രാണപ്രിയയെ കണ്ടോ നീ മാരുത പുത്രാ?'
വേദന കടിച്ചുപിടിച്ചുകൊണ്ടു കിടന്ന ഹനുമാന്‍ കിടന്ന കിടപ്പില്‍ അലറി: "ഞാനൊരു പുലയാടി മോളേയും കണ്ടില്ല. ഏതു മറ്റവനാടാ കയറ് പിടിച്ചിരുന്നേ?'.
"പോക്രിത്തരം പറയുന്നോടാ പട്ടിക്കഴുവേറി മേനേ?' എന്ന് ആക്രോശിച്ചുകൊണ്ട് രാമന്‍ ഹനുമാനിട്ട് ഒറ്റത്തൊഴി. നാട്ടുകാരുടെ കൂക്കുവിളിയോടെ നാടകം അവസാനിച്ചു.

അതില്‍ പിന്നീട് മൈലപ്രക്കാരാരും കുട്ടപ്പനെ കണ്ടിട്ടില്ല.

അങ്ങനെ ഓണത്തിനോടനുബന്ധിച്ചുള്ള എത്രയെത്ര സംഭവങ്ങള്‍ നമ്മടെയെല്ലാം മനസ്സില്‍ ഇന്നും മങ്ങാതെ മായാതെ നിറംപിടിച്ചു നില്‍ക്കുന്നു. (ഓഗസ്റ്റ് 2007)

എല്ലാവര്‍ക്കും ഓണാശംസകള്‍......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക