Image

ത്യാഗത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് പെരുന്നാള്‍ നമസ്‌കാരങ്ങള്‍

Published on 03 September, 2017
ത്യാഗത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് പെരുന്നാള്‍ നമസ്‌കാരങ്ങള്‍
കുവൈത്ത്: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് വിവിധ പള്ളികളില്‍ ബലി പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. ഇബ്‌റാഹീം പ്രവാചന്റെയും കുടുംബത്തിന്റെയും സ്മരണകള്‍ പുതുക്കി, ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിന്റെ പ്രചാരകരാവാനും പെരുന്നാള്‍ പ്രഭാഷണങ്ങളില്‍ ഖത്വീബുമാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

പരസ്പര സഹവര്‍ത്തിത്വവും സഹജീവി സ്‌നേഹവും ഉയര്ത്തിപ്പിടിക്കാനും പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും സധൈര്യം നേരിടാന്‍ ഒറ്റക്കെട്ടായി നിലകൊള്ളാനും അഭ്യര്‍ഥിച്ച ഖത്വീബുമാര്‍ മര്ദ്ദിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള ഐക്യദാര്‍ഢ്യമായി ഈദ് മാറട്ടെ എന്നാശംസിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) ക്ക് കീഴില്‍ അബ്ബാസിയ ക്ലാസിക് ടൈപ്പിംഗ് സെന്ററിനു സമീപം മസ്ജിദ് ഉവൈദ് അല് മുതൈരിയില് കെ.എ. സുബൈര്, ഫഹാഹീല്‍ ബലദിയ മസ്ജിദില്‍ അനീസ് ഫാറൂഖി, ഫരവാനിയ പാര്‍ക്കിലെ മസ്ജിദ് നിസാലില്‍ ഹസനുല്‍ ബന്ന, കുവൈത്ത് സിറ്റി ബലദിയക്കു സമീപം മസ്ജിദ് ഗര്ബലിയില് അനീസ് അബ്ദുസ്സലാം, സാല്മിയ ഗാര്ഡനു സമീപം മസ്ജിദ് ആയിശയില് ഇ.എം. സിദ്ദീഖ് ഹസ്സന്, റിഗ്ഗാഈ മസ്ജിദ് സഹവ് അല് മുതൈരിയില് മുഹമ്മദ് ശിബിലി, മഹബൂല മസ്ജിദ് റഹമാനില്‍ അന്‍സാര്‍ മൊയ്തീന് എന്നിവര് പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി.

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ വിവിധ പള്ളികളില്‍ നടന്ന ബലി പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരക്കണക്കിന് മലയാളികളായ വിശ്വാസികള് കുടുംബ സമേതം പങ്കെടുത്തു. ശേഷം ഈദ് ആശംസകള്‍ കൈമാറിയും മധുര പലഹാരങ്ങള് വിതരണം ചെയ്തും പരസ്പരം വീടുകള് സന്ദര്‍ശിച്ചും പെരുന്നാള് സന്തോഷം പങ്കുവെച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക