Image

ദുരിതത്തിന്റെ ബാക്കി പത്രം (പകല്‍ക്കിനാവ്- 67: ജോര്‍ജ് തുമ്പയില്‍)

Published on 05 September, 2017
ദുരിതത്തിന്റെ ബാക്കി പത്രം (പകല്‍ക്കിനാവ്- 67: ജോര്‍ജ് തുമ്പയില്‍)
കൊടുങ്കാറ്റും പേമാരിയും വലച്ച ഹൂസ്റ്റണിലെ ദുരിതക്കടലിന്റെ നടുവില്‍ നിന്നാണ് ഇത്തവണ അവിടുത്തെ മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ആ ദുരിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഇപ്പോഴും ആര്‍ത്തലച്ചു വരുന്ന ആ പേമാരിയുടെ ചിത്രം തെളിഞ്ഞു നില്‍ക്കുകയാണ്.  ഷിക്കാഗോയില്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഹാര്‍വി ഹൂസ്റ്റണില്‍ താണ്ഡവമാടിയത്. ഹൂസ്റ്റണില്‍ നിന്നും വന്നവരെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തിയെങ്കിലും സംയമനം വിടാതെ എങ്ങനെയും തിരിച്ച് കുടുംബത്തോടൊപ്പം എത്തിച്ചേരാനുള്ള വേവലാതിയിലായിരുന്നു അവര്‍. ഹൂസ്റ്റണിലേക്കുള്ള വിമാനങ്ങള്‍ അനിശ്ചിതമായി ക്യാന്‍സല്‍ ചെയ്തതിനെത്തുടര്‍ന്ന് വളരെ സാഹസികമായി റോഡ് മാര്‍ഗ്ഗം യാത്ര ചെയ്താണ് അവര്‍ ദിവസങ്ങള്‍ക്ക് ശേഷം ഹൂസ്റ്റണിലെത്തിയത്. അവരുടെ ദുരിതക്കണ്ണീര്‍ ഇവിടെയിരുന്നും കാണാനാവുന്നുണ്ട്. നാല്‍പ്പത്തഞ്ചിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവര്‍ അതിന്റെ നാലിരട്ടിയോളം വരും. നേരത്തേ തന്നെ അപായ സൂചനകളും സുരക്ഷാമുന്നറിയിപ്പുകളും ഉണ്ടായിരുന്നതുകൊണ്ടാവണം ഈ അപകടനിരക്ക് കൂടാതിരുന്നത്.

കറന്റ് ഇല്ല, വാഹനങ്ങള്‍ ഒന്നും ഇല്ല, ഇന്റര്‍നെറ്റും, ടിവിയും എന്തിന് മൊബൈല്‍ ഫോണുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ഹൈവേകളില്‍ പോലും പത്തടിക്കു മുകളില്‍ വെള്ളം. വിമാനത്താവളം ഒരു ചെറു തടാകം പോലെ കാണാം. പല വിമാനങ്ങളും വെള്ളത്തില്‍ ഒഴുകി നടക്കുന്നതിന്റെ റിപ്പോര്‍ട്ട് ടിവിയില്‍ കണ്ടപ്പോള്‍ ഒരു ഫാന്റസി-ഹൊറര്‍ സിനിമ പോലെയാണ് ആദ്യം തോന്നിയത്. മുന്നില്‍ കാണുന്നത് വിശ്വസിച്ചേ മതിയാവൂ എന്ന് മനസ്സിനോട് ഉരുവിട്ടു കൊണ്ടേയിരുന്നു. അടുത്ത സുഹൃത്തുക്കളില്‍ പലരും അവിടെയുണ്ട്. അവര്‍ക്കൊന്നും സംഭവിക്കരുതേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ച ദിവസങ്ങളാണിത്. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാറ്റും മഴയുമാണ് ഹൂസ്റ്റണെ വലച്ചത്.

ടിവി വച്ച് നോക്കിയപ്പോള്‍ ശരിക്കും ഭയന്നു പോയി. എത്രയോ തവണ സഞ്ചരിച്ചിരുന്ന ഹൂസ്റ്റണിലെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന റോഡ് ബോട്ടുകള്‍ ഓടുന്ന പുഴയായി മാറിയത് എത്ര പെട്ടെന്നാണ്. ഒറ്റ ദിവസംകൊണ്ട് ഹൂസ്റ്റണില്‍ സംഭവിച്ചത് അതാണ്. ഹാര്‍വികൊടുങ്കാറ്റിനുശേഷം ഇരമ്പിവന്ന മഴയില്‍ ഹൂസ്റ്റണില്‍ മുഴുവന്‍ വെള്ളത്തില്‍ നീന്തി എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 210 കിലോമീറ്റര്‍ വേഗതയില്‍ ഹാര്‍വി കൊടുങ്കാറ്റ് ടെക്‌സാസില്‍ വീശിയടിച്ചത്. ഇപ്പോള്‍ കാറ്റ് ഇല്ല, മഴ മാറി. മാനം തെളിഞ്ഞു. എന്നാല്‍ മനുഷ്യരുടെ ഉള്ളില്‍ ഭീതി ഇപ്പോഴും ശേഷിക്കുന്നുണ്ട്. കണ്ണില്‍ മുഴുവന്‍ വെള്ളം നിറച്ചുകൊണ്ട്, ദുരിതത്തിന്റെ വലിയൊരു നരകത്തെയാണ് ഹൂസ്റ്റണ്‍ ജനത മുന്നില്‍ കണ്ടത്. മലയാളികള്‍ ഏറെയുള്ള ഇവിടെ മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുടുങ്ങിപ്പോയിരുന്നു. വീക്കെന്‍ഡ് ആഘോഷത്തിലേക്ക് അമരാന്‍ തുടങ്ങിയ ടെക്‌സസിനെ വലച്ചു കൊണ്ടാണ് ഞായറാഴ്ച് കൊള്ളപ്പിടിച്ച മഴ ഹൂസ്റ്റണ്‍ നഗരത്തെ ശരിക്കും ആക്രമിച്ചത്. പതിറ്റാണ്ടിനുശേഷമാണ് മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയില്‍ ഇത്തരം കനത്തനാശം വിതയ്ക്കുന്നത്. നഗരം വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയ അവസ്ഥ. ഇത്തരമൊരു അവസ്ഥ പലരും നേരില്‍ അനുഭവിച്ചത് ഇതാദ്യമായിരുന്നു. മലയാളികള്‍ പലരും വിളിച്ചു. തങ്ങളുടെ വീടിന്റെ താഴത്തെ നിലകള്‍ വെള്ളത്തിലാണെന്നും, വാഹനങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായും മുങ്ങിപ്പോയെന്നും അറിയിച്ചപ്പോള്‍ വേദന തോന്നി. പലേടത്തും ചീങ്കണ്ണിയുടെയും മലമ്പാമ്പിന്റെയും ഫയര്‍ ആന്റ്‌സിന്റെയും സാന്നിധ്യം ഉണ്ടെന്നും അറിയിച്ചതോടെ ശരിക്കും ഭയന്നു പോയി.

ഹൂസ്റ്റണെ ഒരുപകപോലെ ഹാര്‍വി ചുഴറ്റി എറിയുകയായിരുന്നു. അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഓസോണ്‍ പ്രശ്‌നം അനുഭവിക്കുന്ന സ്ഥലമാണ് ഇവിടം. ഇവിടങ്ങളിലെ ഫാക്ടറികള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് കണ്ട് പ്രകൃതി പോലും കരഞ്ഞയിടത്തേക്കാണ് തുള്ളിക്കൊരു കുടം പേമാരിയെ പോലെ മഴ പെയ്തിറങ്ങിയത്. 75 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളി!ല്‍ ഹൂസ്റ്റണില്‍ പെയ്തത്. ഈ പ്രദേശത്ത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന മഴയുടെ അളവാണിത്. ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു. ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായി പലരും പറഞ്ഞു.

പലരും വീടിന്റെ ടെറസ്സില്‍ നിന്നപ്പോള്‍ കണ്ടത്രേ, ലൈഫ്‌ബോട്ടുകള്‍ പലതും വീടിനു മുറ്റത്ത്. ചുറ്റുമുള്ള പല വീടുകളും കെട്ടിടങ്ങളും മരങ്ങളുമൊക്കെ നിലംപൊത്തി കിടക്കുന്നു. ശാന്തസുന്ദരമായികിടന്ന റോഡുകളും മൈതാനങ്ങളും വീടങ്കണങ്ങളും വെള്ളത്തിനടിയിലായി. ശരിക്കും പ്രളയം. കടലു പോലെ നഗരത്തിലെങ്ങും വെള്ളത്തിന്റെ തിരയാട്ടം. നിരത്തുകള്‍ പുഴപോലെയായി നിരവധിവാഹനങ്ങള്‍ മുങ്ങിക്കിടക്കുന്നു.പലയിടത്തും മരങ്ങള്‍ വീണ് കടപുഴകി കിടക്കുന്നു. അത്യാവശ്യസാധനങ്ങള്‍ വണ്ടിയിലേറ്റി രക്ഷപെടുന്ന കുടുംബങ്ങളെ എവിടേയും കാണാം. പ്രായമായവരും രോഗികളും കുട്ടികളുമാണ് കൂടുതല്‍ വിഷമിച്ചത്. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമാണുണ്ടായിരുന്നത്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ടു. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.

ഇങ്ങനെ ദുരിതക്കയത്തില്‍ നീന്തുന്നവര്‍ക്കിടയില്‍ നിന്നു കൊണ്ടാണ് ഇത്തവണ അമേരിക്കന്‍ മലയാളം ഓണത്തിന് ഇലയിടുന്നത്. ഹൂസ്റ്റണിലെ മലയാളികള്‍ പെട്ടെന്ന് തന്നെ തിരിച്ച് പഴയ അവസ്ഥയിലെത്തുമെന്നറിയാം. എന്നാല്‍ അനുഭവിച്ച ദുരിതത്തിനോളം വരില്ലല്ലോ മറ്റൊന്നും... ലോകത്തില്‍ ആര്‍ക്കും ഇതൊക്കെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഹൂസ്റ്റണ്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. പണമുള്ളവനും ഇല്ലാത്തവനുമൊക്കെയും പ്രകൃതിക്കു മുന്നില്‍ സമമാണെന്ന് ഓര്‍മ്മപ്പെടുത്തല്‍. എല്ലാവര്‍ക്കും ഇതൊരു പാഠമാണ്. ഈ പാഠത്തില്‍ നിന്നും നന്മ ഉയര്‍ത്തിപ്പിടിച്ച ഒരു ജീവിതമായിരിക്കണം ഇനി മുന്നോട്ട് വയ്‌ക്കേണ്ടതും.

എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക