Image

സ്‌നേഹത്തിന്റെ നറുമണവുമായി ബ്രിസ്‌കയുടെ ഓണാഘോഷത്തിന് ഇനി ഏഴുനാള്‍ മാത്രം

Published on 05 September, 2017
സ്‌നേഹത്തിന്റെ നറുമണവുമായി ബ്രിസ്‌കയുടെ ഓണാഘോഷത്തിന് ഇനി ഏഴുനാള്‍ മാത്രം
ലണ്ടന്‍: മലയാളികള്‍ ഓണാഘോഷത്തിന്റെ ആവേശത്തിലാണ്. മലയാളിയുടെ പൊന്നോണത്തിനെയും മാവേലിയേയും വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ബ്രിസ്‌റ്റോള്‍ മലയാളികളും. ബ്രിസ്‌കയുടെ ആ സുദിനം വന്നെത്താന്‍ ഇനി വെറും ഏഴു നാള്‍ മാത്രം. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും ഓണാഘോഷം ഗംഭീരമാക്കാനുള്ള നെട്ടോട്ടത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. ആവേശകരമായ വടംവലി മത്സരത്തിന്റെയും ഓണപ്പൂക്കള മത്സരത്തിന്റെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണാഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ കമ്മറ്റി ചേര്‍ന്ന് വിലയിരുത്തുകയും ചെയ്തു.

സെപ്റ്റംബര്‍ 9ന് 11 മുതല്‍ ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് ഓണാഘോഷം നടക്കുന്നത്. ഇക്കുറി ബ്രിസ്‌കയുടെ ഓണാഘോഷം നേരത്തെയായതിനാല്‍ ആവേശവും ഏറെയാണ്. ഓണപ്പാട്ടും ഓണക്കളിയും ഓണ സദ്യയുമൊക്കെയായി ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ബ്രിസ്‌ക ഭാരവാഹികള്‍. 

കഴിഞ്ഞ വര്‍ഷത്തെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നത്. രുചികരമായ ഓണസദ്യക്കുശേഷം ഏകദേശം രണ്ടരയോടെയാണ് ഓണാഘോഷ മത്സരങ്ങളില്‍ ഏറെ വാശിയേറിയ ഇനമായ വടംവലി മത്സരം ആരംഭിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും മത്സരങ്ങള്‍ സംഘടനകള്‍ തമ്മിലാകുന്‌പോള്‍ കടുത്തതായിരിക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ടീമിന് 20 പൗണ്ടും വനിതകളുടെ ടീമിന് 10 പൗണ്ടുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനായി ബ്രിസ്‌ക കമ്മറ്റി അംഗങ്ങളുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.

ആവേശകരമായ വടംവലി മത്സരത്തിനുശേഷം നടക്കുന്ന കലാപരിപാടികള്‍ ഓണാഘോഷത്തെ കൂടുതല്‍ പ്രൗഢ ഗംഭീരമാക്കും. കലാപരിപാടിയുടെ ഏറ്റവും ആകര്‍ഷകമായ ഓപ്പണിംഗ് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. 

പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പൂക്കളം സെപ്റ്റംബര്‍ ആദ്യം മുതല്‍ 30 വരെയുള്ള തീയതികളില്‍ ജഡ്ജ്‌മെന്റ് നടത്തുന്നതായിരിക്കും. ഓണപൂക്കള മത്സരത്തിന് രജിസ്‌ട്രേഷന്‍ ഫീസില്ല. എന്നാല്‍ ഓണാഘോഷ ദിനമായ സെപ്റ്റംബര്‍ 9ന് മത്സര വിജയികളെ പ്രഖ്യാപിക്കില്ല.

ബ്രിസ്‌കയുടെ ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക