Image

തമ്പി ആന്റണി ആരെയാണു മുറിപ്പെടുത്തുന്നത്? (അനില്‍ കെ പെണ്ണുക്കര )

Published on 06 September, 2017
തമ്പി ആന്റണി ആരെയാണു മുറിപ്പെടുത്തുന്നത്? (അനില്‍ കെ പെണ്ണുക്കര )
'വാരാന്ത്യത്തിലെ ഒരു രാത്രി ദേവലോകത്തിന്റെ ടെറസ്സില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയതുപോലെയായിരുന്നു . ശബ്ദങ്ങള്‍ നിലച്ചപ്പോള്‍ ഏകാന്തതയുടെ ഏതോ സ്വപ്ന തീരത്തെത്തിയതു പോലെ . അത് എപ്പോഴും എനിക്കിഷ്ടമായിരുന്നു. ആ സമയങ്ങളിലാണ്മിക്കവാറുംസ്‌നേഹിച്ചവരുടെവേര്‍പാടുകളെപറ്റി ഓര്‍മ്മിക്കാറുള്ളത് .വെറുതെ ചിന്തിച്ചു ചിന്തിച്ച്ഓര്‍മ്മകള്‍പിന്നെയുംഅവരുടെയൊക്കെ കാലങ്ങളിലെവിടെയോബന്ധനസ്ഥനാകുന്നതുപോലെ . തുറന്ന ടെറസ്സില്‍ മലര്‍ന്നു കിടന്ന്ആ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി എത്രനേരം കിടന്നെന്നുപോലും ഓര്‍ക്കുന്നതേയില്ല . ഇടക്കിടെ വാല്‍നക്ഷത്രങ്ങള്‍ ഓടി മറയുന്നുണ്ടായിരുന്നു. അവര്‍ മരിച്ചവരുടെ സ്വതന്ത്രമായ ആത്മാക്കള്‍ ആണെന്നാണ്കുട്ടിക്കാലത്ത്ആരൊക്കെയോ പറഞ്ഞുതന്നതോര്‍ത്തു .'(ഭൂതത്താന്‍ കുന്ന് -തമ്പി ആന്റണി)

ഒരു ചെറിയകുട്ടിക്കു പോലും മനസിലാകുന്ന ഭാഷയില്‍ കഥകളും ,കവിതകളും എഴുതുന്ന സാഹിത്യകാരന്‍ആണ് തമ്പി ആന്റണിതെക്കേക്കുറ്റ് . ഇത്തവണ ഓണത്തിന്ഇറങ്ങിയ നാല് ഓണപ്പതിപ്പുകളില്‍ അദ്ദേഹത്തിന്റെ ചെറുകഥകള്‍ ഉണ്ട് .നമ്മുടെ വായനക്കാര്‍ തമ്പി ആന്റണിയെ മലയാള സാഹിത്യ തറവാടിന്റെ ഉമ്മറത്തേക്ക് കൈപിടിച്ച് കയറിയിരിക്കുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ 'ഭൂതത്താന്‍ കുന്ന്'വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത് . കോതമംഗലം എം .എ. എഞ്ചിനീയറിംഗ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രകാശനം, നോവലിന്റെ ഇതിവൃത്തം പുതിയ തലമുറയെ വഴിതെറ്റിക്കും എന്ന കാരണം കാണിച്ച് മാനേജ്‌മെന്റ് റദ്ദാക്കിയ ത് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയിട്ടുള്ളത് . ഈ പശ്ചാത്തലത്തില്‍ തന്റെ നിലപാടുകള്‍ ഇ- മലയാളിയോട് വിശദീകരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ .

ചോദ്യം: തമ്പി ആന്റണി പഠിച്ച കോളേജില്‍ ആദ്യ നോവല്‍ പ്രകാശനം നടത്തുവാന്‍ സാധിക്കാതെ പോയതില്‍ വിഷമം ഉണ്ടോ. എന്താണ് അതിനു ഇടയാക്കിയ സാഹചര്യം ?

വിഷമം ഉണ്ടായേനെ .പക്ഷെ ഇല്ല .കാരണം കോതമംഗലം എം .എ .എഞ്ചിനീയറിംഗ് കോളേജിലെ എന്റെ പ്രിയപ്പെട്ട അനുജന്മാരും ,അനുജത്തികളും പുസ്തകം ഏറ്റെടുത്തു .അവര്‍ വായിക്കുന്ന ഓരോ ചാപ്റ്ററുകളെ കുറിച്ച് എനിക്ക് എഴുതുന്നു. അവര്‍ പുസ്തകം ആസ്വദിക്കുന്നു. ഒരു എഴുത്തുകാരന് ഇതില്‍പ്പരം സന്തോഷം എന്തുവേണം. ഭൂതത്താന്‍ കുന്ന് വെറും ഒരു കോളേജ് ക്യാമ്പസ് കഥയല്ല .ഒരു ദേശത്തിന്റെ അല്ലെങ്കില്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ് . അപ്പോള്‍ അറിയാതെ വന്നുപോകുന്ന സുപരിചിതമായ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഉണ്ടാകുന്നത് വെറും സ്വാഭാവികം മാത്രം. പലപ്പോഴും യാഥാര്‍ഥ്യവും ഭാവനയും കൂടിച്ചേരുന്നിടത്താണ് വായനക്കാര്‍ തെറ്റിദ്ധരിക്കപ്പെടുന്നത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. ഈ തെറ്റിദ്ധാരണ കോളേജ് പ്രിന്‍സിപ്പലിനും ഉണ്ടായി.

ഞാന്‍ അവിടെ പഠിച്ച കാലഘട്ടത്തിലെ ചില സംഭവങ്ങള്‍ നോവലില്‍ ഉണ്ട്. അത് യാഥാര്‍ഥ്യമല്ല . ഫിക്ഷന്‍ ആണ് .അത് തിരിച്ചറിയാന്‍ പ്രിസിപ്പലിനു സാധിച്ചില്ല .കുട്ടികള്‍ക്ക് സാധിച്ചു. ഭൂതത്താന്‍ കുന്ന് കുട്ടികള്‍ വായിച്ചു വഴിപിഴച്ചുപോകും എന്ന് പ്രിസിപ്പളും മാനേജുമെന്റും തീരുമാനമെടുത്തു .ഈ ആധുനിക യുഗത്തില്‍ നമ്മുടെ വിരല്‍ തുമ്പില്‍ എല്ലാം കിട്ടുന്ന സാഹചര്യത്തില്‍ എന്റെ നോവല്‍ വായിച്ച കുട്ടികള്‍ വഴിതെറ്റും എന്ന് ഒറ്റ രാത്രി കൊണ്ട് തീരുമാനമെടുത്ത പ്രിന്‍സിപ്പലിന്റെ ലോജിക്ക് എനിക്കെന്നല്ല ആര്‍ക്കും മനസിലാകില്ല .

ചോദ്യം : കോളേജില്‍ തമ്പി ആന്റണിക്ക് നിരോധനം ഉണ്ടോ ?.മറ്റ് കോളേജുകളില്‍ നോവല്‍നിരോധനം ഉണ്ടോ?

അയ്യോ ഇല്ല. കോളേജില്‍ വരാം .പ്രസംഗിക്കാം, പക്ഷെ പുസ്തക പ്രകാശനമോ ,പുസ്തക വില്‍പ്പനയെ നടക്കില്ലഎന്നാണ് കോതമംഗലം എം .എ .എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും അറിയിച്ചത് .മറ്റു കോളേജുകളില്‍ ഈ പ്രശ്‌നം ഇല്ല. ഒന്ന് രണ്ടു ഭാഗങ്ങളില്‍ സെക്‌സ് പരാമര്‍ശം ഉള്ളതാണ് പ്രശ്‌നം. തന്നെയുമല്ല ചില അധ്യാപകരെ കുറിച്ചും പരാമര്‍ശം ഉണ്ട് .അതില്‍ അവരുടെ പേരുപോലും ഞാന്‍ മാറ്റിയാണ് കൊടുത്തിരിക്കുന്നത് . ഈ നോവല്‍ പ്രകാശനം ചെയ്യാമെന്ന് സമ്മതിക്കുകയും കോളേജില്‍ നടക്കുന്ന ബുക്ക് ഫെയറില്‍ പുസ്തകം വില്‍പ്പനയ്ക്ക് വയ്ക്കാമെന്നു പറയുകയും ,ആ വിവരം പ്രസാധകരായ ഡി സി ബുക്‌സിനെ അറിയിക്കുകയും ചെയ്തു.അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും ആഗസ്ത് 29നു പ്രകാശനവും തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ ആണ് ഇങ്ങനെ ഒരു മനംമാറ്റം ഉണ്ടായത്.

പുതിയ തലമുറയെ വഴിതെറ്റിക്കുന്ന തുറന്നുപറച്ചിലാണ് 'ഭൂതത്താന്‍കുന്ന് 'എന്ന നോവല്‍ എന്നാണ് മാനേജ് മെന്റ് പറഞ്ഞത് . വ്യക്തി സ്വാതന്ത്ര്യത്തെ സുപ്രീം കോടതി വിലയിരുത്തിയതൊന്നും മാനേജ്‌മെന്റ് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്നു. നോവല്‍ എന്നത് ഒരു തുറന്നെഴുത്ത് ആകണ്ടേ .പക്ഷെ വായിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സംഭവം ആണ് ഇതെല്ലാം എന്ന് തോന്നി പോയാല്‍ എനിക്കെന്ത് ചെയ്യാന്‍ പറ്റും. ഒരു പക്ഷെ ഇവര്‍ക്കൊക്കെ വായന ഇല്ലാതെ പോയതോ ,നോവലിനെ അതിന്റെ രചനാ തലങ്ങളുടെ അര്‍ത്ഥത്തില്‍ മനസിലാക്കാക്കുവാന്‍ സാധിക്കാതെ പോയതോ ആകാം ഇങ്ങനെ ഒരു നിരോധനത്തിന് പിന്നില്‍ .പക്ഷെ അത് നന്നായി എന്ന് തോന്നുന്നു. കുട്ടികള്‍ നോവല്‍ തേടിപ്പിടിച്ചു വായിക്കുന്നു. വായിക്കാനുള്ള ,എഴുതുവാനുള്ള ,അഭിപ്രായംപറയുവാനുള്ള അവകാശത്തെ ഒരു മാനേജുമെന്റിനും തകര്‍ക്കാന്‍ പറ്റില്ലല്ലോ .

ചോദ്യം :ഇത്രയും വിശദമായകഥാതന്തുവിപുലപ്പെടുത്തി എഴുതണമെങ്കില്‍ നോവലിസ്റ്റ് വര്‍ഷങ്ങളോളം സ്വാംശീകരിച്ചഭാവന, അതിന്റെ രൂപപ്പെടുത്തല്‍സാമൂഹ്യബോധംഒക്കെ ബന്ധപ്പെടുത്തി ആണല്ലോഈനോവലിന്റെ എഴുത്തിലേക്ക് കടന്നത് .ആ സാഹചര്യം വിശദീകരിക്കാമോ?

അത് ഞാന്‍ നോവലിന്റെആമുഖത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വായിക്കുന്നവര്‍ക്ക് ഈ കഥ എങ്ങനെ വേണമെങ്കിലും സങ്കല്‍പ്പിക്കാനുള്ള പൂര്‍ണ അവകാശമുണ്ട്. ഇത് ചിലപ്പോള്‍ അവരുടെയോ എന്റെയോ അനുഭവങ്ങളായിട്ട് തോന്നുന്നുവെങ്കില്‍ ഞാന്‍ വിജയിയാണ്. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങള്‍ തീര്‍ച്ചയായും എഴുതുവാനുള്ള പ്രചോദനം തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിപ്രതിപാദിക്കേണ്ടി വരുമ്പോള്‍ നമുക്ക് രാഷ്ട്രീയം കൂടി രേഖപ്പെടുത്തേണ്ടി വരും. മനുഷ്യരോടും ദേശത്തോടും അധികാര വിധേയരും ഭരണകൂടവും എങ്ങനെയാണ് പെരുമാറിയതെന്ന് അന്വേഷിക്കുന്ന എഴുത്തുകാരന് തീര്‍ച്ചയായും ആ രാഷ്ട്രീയ അനുഭവങ്ങളെ കുറിച്ചു എഴുതാതെ ഒഴിഞ്ഞുമാറാനാവില്ല.

എനിക്ക് പറയാനുള്ളത് എന്റെ പരിമിതിയില്‍ നിന്നു കൊണ്ട് എനിക്കറിയാവുന്ന പരിസരത്തെയും നോവലായി എഴുതി തീര്‍ത്തു. പക്ഷെ ഇത് ഒരു ചരിത്രനോവലല്ല. പക്ഷെ ചരിത്രത്തിന്റെതാളുകളില്‍ നിലകൊള്ളുന്ന നിരവധി പേര്‍ ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുമുണ്ട്. കേരളത്തിന്റെ മണ്ണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രാജന്റെ മരണവും രാഷ്ട്രീയവും തൊട്ട് ലോകനേതാക്കള്‍ വരെ കഥാപാത്രങ്ങളാക്കിക്കൊണ്ട് ചരിത്രത്തെ ഒന്നു തൊട്ടു പോകുന്നു .രാജന്‍ സംഭവം പ്രതിപാദിക്കുമ്പോള്‍ ഒരു കാര്യം പറയണം .

അടിയന്തിരാവസ്ഥ കാലത്തു അറസ്‌റ് ചെയ്യപ്പെട്ട്എന്നെയും സുഹൃത്തുക്കളെയും പോലീസ് കൊണ്ടുപോയി ജയിലില്‍ ഇട്ടു.ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഒരു പക്ഷെ അന്ന് ഒരു ദിവസം കൂടി ജയിലില്‍ കഴിഞ്ഞിരുന്നു എങ്കില്‍ തമ്പി ആന്റണിയുടെ ഗതി മറ്റൊന്നായിരുന്നേനെ. അന്നൊക്കെപോരാടിയവരെ പുതിയ കാലത്തിനും, തലമുറക്കും മുന്നില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ പറ്റുമോ . മതത്തിനും ജാതിക്കും അധികാരത്തിനുമപ്പുറം മനുഷ്യ ജീവിതത്തില്‍ നന്മയും സഹകരണവും ആഗ്രഹിക്കുന്ന ഒരാള്‍ക്ക്താന്‍ എഴുതുന്ന കാലഘട്ടത്തെ ഇരകളെയും വേട്ടക്കാരെയും നിസ്സഹായരേയും അധികാര കോമരങ്ങളെയുംപരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല .അങ്ങനെ ചെയ്യാതിരിക്കുന്ന എഴുത്തുകാരനെ പുതിയ വായനക്കാരന്‍ഏറ്റെടുക്കുമെന്ന് എനിക്ക് തോന്നുന്നുമില്ല .

ചോദ്യം :ഇത്തരംപ്രമേയങ്ങളെ വളരെ വിരളമായേ മലയാള നോവലുകളില്‍ കാണാന്‍ സാധിച്ചിട്ടുള്ളുകടന്നുപോയ കാലങ്ങളെസത്യസന്ധതയോടും കൂടി ആവിഷ്‌കരിക്കാന്‍ പല മലയാള എഴുത്തുകാര്‍ക്കും സാധിച്ചിട്ടില്ല .അത് തമ്പി ആന്റണി ഏറ്റെടുക്കുന്നുവോ .പല കഥകളിലും അത് കണ്ടിട്ടുണ്ട് .ഈ നോവലിലും അത് സംഭവിക്കുന്നു.

മലയാളത്തിലെ പല എഴുത്തുകാരും തങ്ങളുടെ കാലത്തെ നോവലുകളില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് .പല ഉദാഹരണങ്ങളും പറയാം .പ്രധാന ഉദാഹരണം വൈക്കം മുഹമ്മദ് ബഷീര്‍ .പക്ഷെ അതിനൊരു ശക്തമായ തുടര്‍ച്ച ഉണ്ടായതായി തോന്നിയിട്ടില്ല. പുതിയ തലമുറയിലെ വായനക്കാരെനോവലിലേക്ക് കൊണ്ടുവരുവാന്‍ഇപ്പോഴത്തെ പല എഴുത്തുകാര്‍ക്കും സാധിക്കുന്നു .വിശാലമായ പച്ഛാത്തലമുള്ളനോവലുകള്‍ ധാരാളമായി എഴുതപ്പെടുന്നു .അതു വായിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ചില കാലഘട്ടങ്ങളെയും ,ചരിത്രവുമൊക്കെനോവലിന് ഇതിവൃത്തങ്ങള്‍ ആയപ്പോള്‍ നോവല്‍ വായിക്കപ്പെടാന്‍ തുടങ്ങി. നോവല്‍ സാഹിത്യം ഒരു പുതിയ തലം ഉണ്ടാക്കുന്നു എന്ന് തന്നെയാണ് എന്റെ വിലയിരുത്തല്‍ .

ചോദ്യം: അമേരിക്കന്‍ ജീവിതത്തെ പലരും കഥയാക്കിയിട്ടുണ്ട്. പക്ഷെ അവയൊന്നും വേണ്ട തരത്തില്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ട് .പക്ഷെ തമ്പി ആന്റണിയുടെ കഥകള്‍ ശ്രദ്ധിക്കപ്പെടുന്നു .ആദ്യ നോവലിന് നല്ല വായനക്കാരുണ്ടാകുന്നു .എന്താണിതിനു കാരണം ?

അമേരിക്കന്‍ ജീവിതത്തിന്റെ ഒരു പ്രത്യേകത ,അത് കഥയാകുമ്പോള്‍ ആ ചുറ്റുപാടില്‍ ഉള്ളവര്‍ അല്ലാതെ ആര്‍ക്കും അറിയില്ല എന്നതാണ് .പലര്‍ക്കും സംഭവിച്ചത് അതാണ് .അതിനെ അതിജീവിച്ച എത്രയോ എഴുത്തുകാര്‍ അമേരിക്കയില്‍ ഉണ്ട് .ഞാന്‍ ശ്രദ്ധിക്കുന്നത്ഏവര്‍ക്കുംഅനായാസം വായിക്കാവുന്ന തരത്തിലും യാതൊരു അനുകരണവുമില്ലാത്ത ശൈലി കഥകള്‍ക്ക് കൊണ്ടുവരിക എന്ന തീരുമാനമെടുത്തു. പിന്നെ അല്പംതമാശ കൂടി കലര്‍ത്താന്‍ ശ്രമിച്ചു .അത് വിജയം കണ്ടു. എന്റെ പല കഥാപാത്രങ്ങളും അല്പം തമാശക്കാരാണ് .പിന്നെ ഞാന്‍ വളര്‍ന്ന നാട് ,അവിടുത്തെ കഥാപത്രങ്ങള്‍ ,സംഭവങ്ങള്‍ ഒക്കെ ഫിക്ഷനായി അവതരിപ്പിച്ചു .ആ ഗൃഹാതുരത നമ്മളിലെല്ലാം ഉണ്ട് .

ചോദ്യം :'ലോകത്തില്‍ സ്വന്തം വര്‍ഗ്ഗത്തെ കൊല്ലുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്'എന്ന് അങ്ങ് എഴുതിയിരിക്കുന്നു .കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ മരണവുമായി കൂട്ടിവായിക്കുമ്പോള്‍ എന്ത് തോന്നുന്നു ?

ഞാന്‍ കുറിച്ച വാക്കുകള്‍ തന്നെ പറയാം 'ദൈവം സൃഷ്ടിക്കാത്ത മതങ്ങള്‍ക്ക് വേണ്ടിയാണ് മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്. ലോകത്തില്‍ ഒരു യുദ്ധത്തിലും ആരും ജയിച്ച ചരിത്രമില്ല. എന്നിട്ടും മതവും ജാതിയും വര്‍ഗ്ഗവും പടയോട്ടം നടത്തുകയാണ്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നുമാത്രം ആരും ചിന്തിക്കുന്നില്ല. ലോകത്തില്‍ സ്വന്തം വര്‍ഗ്ഗത്തെ കൊല്ലുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. പ്രകൃതിവിരുദ്ധമായി പ്രകൃതിയെ നശിപ്പിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. ഇതൊക്കെ വിവേകബുദ്ധിയുള്ളത് കൊണ്ടാണോ? അങ്ങനെ ഒന്നില്ലായിരുന്നെങ്കില്‍ നമ്മളും മറ്റു ജീവികളെപ്പോലെ പ്രകൃതിയുടെ ഭാഗമായി മാറുമായിരുന്നു'

ഈ കാലഘട്ടത്തില്‍ ഇങ്ങനെ എഴുതാന്‍ ധൈര്യം കാണിക്കുന്നത് വലിയൊരു കാര്യമാണ്. എഴുത്തുകാരന്റെ ഉള്ളിലുള്ളതു തന്നെയാണ് അദ്ദേഹത്തിന്റെ രചനകളിലൂടെ പുറത്തു വരിക .തമ്പി ആന്റണിയുടെ കുറിപ്പുകള്‍ ,കഥകള്‍ ,നോവല്‍ എല്ലാം ജനം വായിക്കുന്നു. അദ്ദേഹവുമായി അവര്‍അത്ചര്‍ച്ച ചെയ്യുന്നു .വായനക്കാരനോട് ചേര്‍ന്ന് അദ്ദേഹം നില്‍ക്കുന്നു .

ആവിഷ്‌കാരമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. എഴുത്തുകാരന്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒരു ശൈലി ഉണ്ട് , തന്റെ കഥാപാത്രങ്ങളുടെഘടന ആ ശൈലിക്കുള്ളില്‍വരും .ഈ ശൈലിവായനക്കാര്‍ സ്വീകരിക്കുമോ എന്നു പോലും ആലോചിക്കാതെ തനിക്ക് ഇതാണ്, ഇങ്ങനെയാണ് പറയാനുള്ളതെന്ന് സാഹിത്യകാരന്‍വിശ്വസിക്കുന്നു. ഈ ആത്മവിശ്വാസമാണ് ' ഭൂതത്താന്‍ കുന്ന് 'എന്ന ആദ്യ നോവലിലൂടെ തമ്പി ആന്റണി വെളിവാക്കുന്നത് .
തമ്പി ആന്റണി കഥയെഴുത്തുകാരനായി മാറി മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്നുഎന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ സാഹിത്യ രംഗത്തെ സവിശേഷത .ഇപ്പോള്‍ പുറത്തിറങ്ങുന്ന മുന്‍നിര സാഹിത്യ മാസികകളില്‍ എല്ലാം തമ്പി ആന്റണിയുടെ കഥകള്‍ഉണ്ട്.അദ്ദേഹത്തിന്റെ കഥകള്‍ പ്രസിദ്ധീകരിക്കുന്നു എന്നതല്ല ,അവ വായിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത . ആദ്യകഥാസമാഹാരമായ 'വാസ്‌കോഡിഗാമ' രണ്ടാം പതിപ്പ് ഈയിടെ പുറത്തിറങ്ങി. രണ്ടാമത്തെ കഥാസമാഹാരം 'പെണ്‍ ബൈക്കര്‍' മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്നു.അനായാസേന എഴുതുകയും ,അത് മനുഷ്യമനസ്സില്‍ ചിന്തയുടെയും ,നര്‍മ്മത്തിന്റെയും പാതകള്‍ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍ അദ്ദേഹം മലയാള സാഹിത്യ തറവാട്ടിലെ നിത്യ സാന്നിധ്യംആകുമെന്നതില്‍ യാതൊരു സംശയവും ഇല്ല . 
തമ്പി ആന്റണി ആരെയാണു മുറിപ്പെടുത്തുന്നത്? (അനില്‍ കെ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക