Image

മുന്‍കൂര്‍ ജാമ്യത്തിനായി നാദിര്‍ഷ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

Published on 07 September, 2017
മുന്‍കൂര്‍ ജാമ്യത്തിനായി നാദിര്‍ഷ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു
നടന്‍ ദിലീപിന്റെ സുഹൃത്തും, സംവിധായകനുമായ നാദിര്‍ഷ തെളിവ് നശിപ്പിച്ചതായി പൊലീസ് . തെളിവുകള്‍ നശിപ്പിക്കുന്നതിനായി നാദിര്‍ഷ കൂട്ടുനിന്നതായും, മുമ്ബ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നാദിര്‍ഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോള്‍ 16 സെക്കന്‍ഡായിരുന്നു. രണ്ടാമത് സുനി വിളിച്ച് നാദിര്‍ഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്. ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് ദിലീപ് നാദിര്‍ഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ പുനലൂരില്‍ ഒളിവില്‍ കഴിഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നാദിര്‍ഷ ചെയ്തത്.

തനിക്ക് നെഞ്ചുവേദനയാണെന്നും, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നാദിര്‍ഷ അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല്‍ അസിഡിറ്റി മൂലമുള്ള പ്രശ്‌നമേ നാദിര്‍ഷയ്ക്ക് ഉള്ളൂവെന്നാണ് സൂചന. നാദിര്‍ഷയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുമ്ബ് നാദിര്‍ഷയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അടക്കമുള്ള വീട്ടുകാര്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിലായിരുന്നു. ഇതു കണക്കിലെടുത്താണ് പൊലീസിന്റെ തീരുമാനം.

അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി നാദിര്‍ഷ ഹൈക്കടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആശുപത്രിയില്‍ ചികില്‍സയിലുള്ള തന്നെ പൊലീസ് വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷ ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ അപേക്ഷയില്‍ വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക