Image

ട്രാഫിക് നിയമം ലംഘിച്ച് ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു; ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്കു രണ്ടര വര്‍ഷം തടവ്

Published on 07 September, 2017
ട്രാഫിക് നിയമം ലംഘിച്ച് ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു; ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്കു രണ്ടര വര്‍ഷം തടവ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നു മലയാളി യുവതിക്കു രണ്ടര വര്‍ഷം തടവ്. കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനു മെല്‍ബണ്‍ കോടതി രണ്ടര വര്‍ഷം ശിക്ഷ വിധിച്ചത്.

2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്റെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. 28 ആഴ്ച ഗര്‍ഭിണിയായിരുന്ന ആഷ്‌ലി അലന്റെ കാറുമായാണ് ഡിംപിളിന്റെ വാഹനം കൂട്ടിയിട്ടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിന്റെ ആഘാതം മൂലം കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു.

മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഡിംപില്‍ കുറ്റം സമ്മതിച്ചിരുന്നു. ആരോഗ്യമേഖലയിലാണ് ഡിംപിള്‍ പ്രവര്‍ത്തിക്കുന്നത്. അപകട സമയത്ത് ഗര്‍ഭണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നിലവില്‍ ഡിംപിളിന്റെ പേരില്‍ മറ്റു കേസുകള്‍ ഒന്നും ഇല്ലാത്തത് പരിഗണിച്ചാണ് കോടതി ശിക്ഷയില്‍ ഇളവു നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക