Image

ഗുരുവിന്റെ വിലാപം (കവിത- വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 09 September, 2017
ഗുരുവിന്റെ വിലാപം (കവിത- വാസുദേവ് പുളിക്കല്‍)
ചിങ്ങപ്പിറവിയിലാഹ്ലാദത്തിമിര്‍പ്പുമായ്
ഗുരുദേവ ജയന്തിയാഘാഷത്തിനായ-  
രങ്ങൊരുക്കിയനുയായികളുന്മേഷത്തോടെ.
വസന്താഗമനത്തില്‍ പൂക്കളുടെ വര്‍ണ്ണരാജി.
തിരുവോണത്തിന്‍  സ്മരണയുണര്‍ത്താന്‍ 
മനോഹരമാം അത്തണ്ഡൂക്കളമൊരുക്കുന്നമ്മമാര്‍. 
ഓണസദ്യയും മാവേലിയും ഘോഷയാത്രയും 
പഞ്ചാരി മേളത്തിന്‍ ശ്രുതിലയതരംഗങ്ങള്‍. 
വാദ്യഘോഷങ്ങളുടെ കോലാഹലം.
കണ്‍കുളിര്‍പ്പിക്കും താലപ്പൊലിയുടെയകമ്പടിയും 
രാജാവിനു വെഞ്ചാമരം വീശും സുന്ദരിമാരും 
ധനുമാസരാവുകളുടെ സ്മരണയുണര്‍ത്തും 
നവ്യമാം ചുവടുവയ്‌പ്പോടുള്ള തിരുവാതിരയും 
കാല്‍ച്ചിലങ്കകളുടെ കിലുകില ശബ്ദവും
ആട്ടവും പാട്ടും കൂത്തും കലയുടെ മേളവും 
ഹൃഹാതുരത്വത്തിന്നൊരു കൊച്ചു  സാന്ത്വനം. 
പേരിനൊരു സമ്മേളനവും ലഘുപ്രസംഗങ്ങളും
നിഷ്പ്രഭമാകുന്നു ജയന്തിയാഘോഷം
ഒണാഘോഷത്തിന്‍ വര്‍ണ്ണപ്പകിട്ടില്‍.

പിന്നെക്കന്നിയഞ്ചിനൊരു സമാധിക്കഞ്ഞി
പടം മടക്കി സ്വസ്ഥരായനുയായികള്‍.
ചെയ്തതെന്തു ഗുരുതത്വ പ്രചാരണത്തിനായ്?
കൊണ്ടാടിയല്ലോ ഗുരുജയന്തിയും സമാധിയും
പൂര്‍വ്വാധികം മോടിയോടെയെന്നു മറുപടി. 
ആഘോഷവസ്തുവല്ല ഗുരുദേവനെന്നറിയും 
നാള്‍ വരുമോയെന്നു ഗുരദേവസ്‌നേഹികള്‍.

മൂക്കുപൊത്തിക്കും നാറ്റമുണ്ട് മദ്യത്തിന്
വിഷമാണതുണ്ടാക്കരുത് കുടിക്കരുതെന്ന
ഗുരുവിന്നാഹ്വാനം കാറ്റിലുലഞ്ഞു.
മദ്യത്തിന്‍ നാറ്റം അനുയായികള്‍ക്കു സുഗന്ധം..
പ്രസ്ഥാനത്തിന്‍ തലപ്പത്തുണ്ടബ്ക്കാരികള്‍ 
പണക്കാര്‍ക്കവര്‍ വിളമ്പും നാറ്റമില്ലാത്ത മദ്യം
രാഷ്ട്രീയമില്ലാത്ത ഗുരുദേവനെ 
രാഷ്ട്രീയത്തിന്‍ വലയത്തില്‍ കുരുക്കി 
നേട്ടങ്ങള്‍ കൊയ്‌തെടുക്കും നേതാക്കന്മാര്‍ 
'കപടവൈഭവത്തിന്‍' പരാക്രമികള്‍.

അനുയായികള്‍ തന്‍ ദിശാഭ്രംശത്തില്‍ 
അറിഞ്ഞില്ലല്ലോയിവരെന്നെയെന്ന് മനംനൊന്ത്
തലയില്‍ കൈ വെച്ചു വിലപിച്ചു ഗുരു. 
ഗുരുവിന്‍ ദുഃത്തിന്നോളങ്ങളില്‍
ഒലിച്ചു പോമോ മഹത്താം ഗുരുവചനങ്ങള്‍? 
ഗുരുവിന്‍ ലോകമനവികതാസ്വപ്നം 
മായ്ച്ചു കളയുമോയീയനുയായികള്‍?

കാലത്തിന്‍ പരിപാകത്തിലവയെല്ലാം 
പ്രായോഗിക തലം പൂകുമെന്നാശിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക