Image

90മത് ഓസ്‌കര്‍ മാര്‍ച്ച് നാലിന്

Published on 09 September, 2017
90മത് ഓസ്‌കര്‍ മാര്‍ച്ച് നാലിന്

90മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ച് നാലിന് . പ്രശസ്ത കോമേഡിയനും ടെലിവിഷന്‍ അവതാരകനുമായ ജിമ്മി കിമ്മലാണ് 90മത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകന്‍. മത്സരവിഭാഗത്തിലേക്കുള്ള വിവിധ വിദേശ ഭാഷാചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കണ്ണും കാതും ലോസ് ആഞ്ചല്‍സിന്റെ ഡോള്‍ബി തിയേറ്ററിലേക്ക് കേന്ദ്രീകരിക്കാന്‍ ഇനിയുള്ളത് ആറു മാസക്കാലം. 90മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം മാര്‍ച്ച് നാലിനാണെങ്കിലും അതിനുള്ള കൌണ്ട് ഡൌണ്‍ ജനുവരിയില്‍ തുടങ്ങും. വിദേശ ഭാഷാ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ ഉള്‍പ്പെടെ 24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. ജനുവരി 23ന് ഓസ്‌കര്‍ നോമിനേഷന്‍ നേടിയ അന്തിമ പട്ടിക പ്രഖ്യാപിക്കും. തുടര്‍ന്ന് ഫെബ്രുവരി 20 മുതല്‍ 27വരെ ഓസ്‌കര്‍ സമിതി അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഏവരും കാത്തിരിക്കുന്ന അവാര്‍ഡ് പ്രഖ്യാപനം. 89 മത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകനായ ജിമ്മി കിമ്മല്‍ തന്നെയാണ് 90മത് പുരസ്‌കാര ചടങ്ങിലും അവതാരകന്‍. കഴിഞ്ഞ തവണ ട്രെംപിനെതിരായ കിമ്മിലിന്റെ പരിഹാസം ലോക ശ്രദ്ധ നേടിയിരുന്നു.

ഓസ്‌കര്‍ ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന അവാര്‍ഡ് പ്രഖ്യാപനമായിരുന്നു 89മത് ഓസ്‌കര്‍. ആഫ്രോഅമേരിക്കന്‍ വംശജരെയും അഭയാര്‍ഥികളെയും അംഗീകരിച്ച പുരസ്‌കാര പ്രഖ്യാപനം. എന്തായാലും ഇത്തവണ ആരൊക്കെ അംഗീകരിക്കപ്പെടുമെന്നും ചുവന്ന പരവതാനിയിലെത്തുമെന്നും കാത്തിരുന്ന് കാണാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക