Image

പുളളിക്കാരനല്ല, കഥയാണ്‌ സ്റ്റാര്‍

ആഷ എസ്‌ പണിക്കര്‍ Published on 11 September, 2017
പുളളിക്കാരനല്ല, കഥയാണ്‌ സ്റ്റാര്‍


അതിഭാവുകത്വങ്ങളും അമാനുഷിക പ്രകടനങ്ങളുമില്ലാത്ത ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകര്‍ക്കു വേണ്ടി സംവിധായകന്‍ ശ്യാംധര്‍ ഒരുക്കിയ ചിത്രമാണ്‌ പുള്ളിക്കാരന്‍ സ്റ്റാറാ. സെവന്‍ത്‌ ഡേ എന്ന ചിത്രത്തിന്റെ നിഴല്‍ പോലും വീഴാത്ത വിധത്തില്‍ തന്റെ രണ്ടാമത്തെ ചിത്രമൊരുക്കാന്‍ ശ്യാംധറിനു കഴിഞ്ഞു.

ഇടുക്കിയിലെ രാജകുമാരി എന്ന സ്ഥലത്താണ്‌ കഥാനായകനായ രാജകുമാരന്റെ(മമ്മൂട്ടി) ജനനം. ചെറുപ്പം മുതല്‍ തന്നെ മനസറിയാത്ത കാര്യങ്ങള്‍ക്ക്‌ പേരുദോഷം കേള്‍ക്കേണ്ടി വരുന്ന ആളാണ്‌ രാജകുമാരന്‍. അയാള്‍ വളര്‍ന്നതിനൊപ്പം പേരുദോഷങ്ങളും കൂടെ വളര്‍ന്നു. അധ്യാപകരുടെ പരിശീലകനായാണ്‌ ഈ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്‌. പ്രായം കഴിഞ്ഞിട്ടും അയാള്‍ വിവാഹം കഴിച്ചിട്ടില്ല. അയാളുടെ അനുജന്‍ മയൂര്‍ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ്‌.

ജോലിയുടെ ആവശ്യങ്ങള്‍ക്കായി രാജകുമാരന്‍ നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ താമസം ആരംഭിക്കുന്നതോടെയാണ്‌ കഥ വികസിക്കുന്നത്‌. സ്‌ത്രീവിഷയങ്ങളിലാണ്‌ അയാള്‍ക്ക്‌ പേരുദോഷമുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക്‌ സ്‌ത്രീ സൗഹൃദങ്ങള്‍ കുറവാണ്‌. ഇല്ല എന്നു തന്നെ പറയാം. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന തന്റെ കളിക്കൂട്ടുകാരന്‍ (ദിലീഷ്‌ പോത്തന്‍) റിട്ട.പോലീസ്‌ ഓഫീസര്‍ ഓമനാക്ഷന്‍ പിള്ള (ഇന്നസെന്റ്‌) ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഭരതന്‍(ഹരീഷ്‌ കണാരന്‍) എന്നിവരാണ്‌ രാജകുമാരന്റെ സുഹൃത്തുക്കള്‍. 

ഒരു ദിവസം സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടയില്‍ തന്റെ ബാല്യകാല സഖിയായിരുന്ന മഞ്‌ജരി മുരളീധരനെ(ആശാ ശരത്‌) രാജകുമാരന്‍ പരിചയപ്പെടുന്നു. മഞ്‌ജരി അവിവാഹിതയാണെന്നു തെറ്റിദ്ധരിച്ച്‌ അവളെ വീണ്ടും പ്രണയിക്കുന്നു. ഇതിനിടയില്‍ ഒരു ട്രെയിന്‍ യാത്രയ്‌ക്കിടെ അവിചാരിതമായി പരിചയപ്പെടേണ്ടി വന്ന മഞ്‌ജിമ എന്ന യുവതി രാജകുമാരന്റെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു. മഞ്‌ജിമയും ഓമനാക്ഷനും ഭരതനുമൊക്കെ ചേര്‍ന്ന്‌ രാജകുമാരനെ മഞ്‌ജരിയുമായി അടുപ്പിക്കാന്‍ ആദ്യം ശ്രമിക്കുന്നു. 

പക്ഷേ അപ്പോഴാണ്‌ അവള്‍ വിവാഹിതയാണെന്നും രണ്ടു വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും രാജകുമാരന്‍ അറിയുന്നത്‌. അതോടെ അയാള്‍ വിഷമത്തിലാകുന്നു. ഇതിനിടെ മഞ്‌ജിമയും രാജകുമാരനെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്‌ ചിത്രത്തെ മുന്നോട്ടു കൊമ്‌ടു പോകുന്നത്‌.

മമ്മൂട്ടി ഇന്നസെന്റ്‌ ദിലീഷ്‌ പോത്തന്‍ ഹരീഷ്‌ കണാരന്‍ എന്നിവര്‍ ചേര്‍ന്നുള്ള നര്‍മരംഗങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ചിത്രത്തിന്റെ ആദ്യപകുതി. ഇടവേളയ്‌ക്കു ശേഷവും നര്‍മത്തിന്റെ അകമ്പടിയോടെ തന്നെയാണ്‌ കഥ വികസിക്കുന്നത്‌. മമ്മൂട്ടിയുടെ ലളിതമായ അഭിനയശൈലിയാണ്‌ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌. അടക്കിവയ്‌ക്കല്‍ ആത്മഹത്യയാണെന്നും ആസ്വദിക്കലാണ്‌ ജീവിതമെന്നുമുള്ള കൂട്ടുകാരന്റെ സാരോപദേശം കേട്ട്‌ ജീവിതത്തിലാദ്യമായി സ്‌ത്രീസാമീപ്യത്തിനു വേണ്ടി കൊതിക്കുന്ന പുരുഷന്റെ ലജ്ജ നിറഞ്ഞ ഭാവങ്ങള്‍ എത്ര കൃത്യമായാണ്‌ മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഇന്നസെന്റ്‌ അവതരിപ്പിച്ച ഓമനാക്ഷന്‍ പിള്ളയും തകര്‍ത്തു.

നായികമാരായെത്തിയ ആശാശരത്‌ ദീപ്‌തി സതി എന്നിവര്‍ മികച്ച അഭിനയശൈലി കൊണ്ട്‌ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. പക്വതയുള്ള അഭിനയമായിരുന്നു ഇരുവരുടേയും. അതുകൊണ്ടു തന്നെ പ്രേക്ഷക മനസില്‍ അവര്‍ തീര്‍ച്ചയായും പതിയും. പ്രത്യേകിച്ച്‌ ദീപ്‌തി സതി അവതരിപ്പിച്ച മഞ്‌ജിമ എന്ന കഥാപാത്രം. 

രണ്ടു വര്‌ഷം മുമ്പ്‌ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത നീ-ന എന്ന ചിത്രത്തിലെ നായികയായെത്തിയ ദീപ്‌തിക്കു മലയാളത്തിലേക്ക്‌ വീണ്ടും ലഭിച്ച എന്‍ട്രിയായിരുന്നു ഈ ചിത്രത്തിലെ മഞ്‌ജിമ. മികച്ച സ്‌ക്രീന്‍ പ്രസന്‍സായിരുന്നു ദീപ്‌തിയുടേത്‌. പ്രത്യേകിച്ച്‌ മമ്മൂട്ടിയുമൊത്തുള്ള ഗാനരംഗത്ത്‌ വളരെ മനോഹരവും ലളിതവുമായി തന്നെ ദീപ്‌തി അഭിനയിച്ചു ഭംഗിയാക്കി. മലയാള സിനിമയ്‌ക്കു ചേരുന്ന ശക്തമായ നായികാ വേഷങ്ങള്‍ ചെയ്യാന്‍ തനിക്കാവും എന്നു ഈ സിനിമിലൂടെ ദീപ്‌തി തെളിയിച്ചിരിക്കുന്നു.

എങ്കിലും ചില അനാവശ്യരംഗങ്ങള്‍ കൊണ്ട്‌ ചിത്രം അല്‍പം വലിച്ചു നീട്ടിയെന്നതും പറയാതിരിക്കാനാവില്ല. മമ്മൂട്ടിയുടെ അധ്യാപക മികവ്‌ വെളിപ്പെടുത്താനുളള വ്യഗ്രതയില്‍ മതസ്‌പര്‍ദ്ധ മുതലായ വിഷയങ്ങളെ കുറിച്ചുളള സാരോപദേശങ്ങളും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്‌.

 സ്‌കൂള്‍ കലോത്സവത്തിനായി പോയി തിരികെ വരുമ്പോള്‍ ബസ്‌ അപകടത്തില്‍ പെടുന്നതും ബസില്‍ നിന്നും തെറിച്ച്‌ പുറത്തേക്കു വീണ കുട്ടിയെ വളരെ സാഹസികമായി മമ്മൂട്ടി രക്ഷപെടുത്തുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്‌. എന്നാല്‍ ഈ രംഗത്തിന്‌ കഥയില്‍ വലിയ പ്രാധാന്യമൊന്നുമില്ല എന്നു മനസിലാക്കാം. ആ രംഗം ഒഴിവാക്കിയിരുന്നെങ്കിലും ചിത്രത്തിന്‌ ഒന്നും സംഭവിക്കില്ലായിരുന്നു.

ഗാനങ്ങളാണ്‌ ചിത്രത്തിന്റെ മുതല്‍ക്കൂട്ട്‌. കഥയോടു ചേര്‍ന്നു നില്‍ക്കുന്ന പാട്ടുകള്‍ ചിത്രത്തിന്‌ ഭംഗിയേറ്റുന്നുണ്ട്‌. വിനോദ്‌ ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണവും മികച്ചതായിരുന്നു. അലന്‍സിയര്‍ മണിയന്‍പിള്ള രാജു തെസ്‌നിഖാന്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. മമ്മൂട്ടിയുടെ സ്റ്റാര്‍ പദവി ഒട്ടുമില്ലാത്ത ഒരു കൊച്ചു ചിത്രം. കൂട്ടുകാര്‍ക്കും കുടുംബത്തിനൊപ്പവും കണ്ടാസ്വദിക്കാന്‍ പറ്റിയ ചിത്രമാണിതെന്ന്‌ സംശയമില്ലാതെ പറയാം.


പുളളിക്കാരനല്ല, കഥയാണ്‌ സ്റ്റാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക